വർഷങ്ങൾക്കു മുമ്പ് പഠിപ്പിച്ച അധ്യാപികയെ കണ്ടെത്തിയ പൂർവ വിദ്യാർഥിക്ക് ആദരം
text_fieldsകോട്ടക്കൽ: വർഷങ്ങൾക്കു മുമ്പ് പഠിപ്പിച്ച അധ്യാപികയെ കണ്ടെത്തിയ പൂർവ വിദ്യാർഥിക്ക് ആദരം. പറപ്പൂർ വീണാലുക്കൽ സ്വദേശിയായ ആലങ്ങാടൻ ശരീഫിനെയാണ് എക്സ് ടോപ് കൂട്ടായ്മ ആദരിച്ചത്. 42 വർഷം മുമ്പ് പറപ്പൂർ ഐ.യു.എച്ച്.എസ്.എസിൽ പഠിപ്പിച്ചിരുന്ന സരസ്വതി ടീച്ചറെയാണ് നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ ഷരീഫ് കണ്ടെത്തിയത്.
1976-77ൽ ആദ്യ ബാച്ചിലെ അധ്യാപികയായിരുന്നു സരസ്വതി. 1980ൽ പി.എസ്.സി ലഭിച്ചതിനെ തുടർന്ന് വയനാട്ടിലെ മീനങ്ങാടിയിൽ ആയിരുന്നു പിന്നീട് ജോലി. ഇതിനിടിയിൽ അക്കാലത്തെ ബാച്ചിലുള്ളവരുടെ വാട്സ്ആപ് കൂട്ടായ്മയുണ്ടാക്കി ആദ്യ സംഗമം എട്ടുമാസം മുമ്പ് നടന്നു. അന്നത്തെ എല്ലാ അധ്യാപകരെയും പങ്കെടുപ്പിച്ചെങ്കിലും സരസ്വതി ടീച്ചറെക്കുറിച്ച് വിവരം ഉണ്ടായിരുന്നില്ല. തുടർന്നാണ് ഷരീഫ് അന്വേഷണമാരംഭിച്ചത്. കുട്ടികൾ ഇല്ലന്നും ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായ ഭർത്താവ് മരിച്ചതോടെ ആത്മീയ ജീവിതത്തിലാണെന്നുമറിഞ്ഞു. ക്ഷേത്രങ്ങൾ വഴി ക്ലാസടുക്കുന്ന വിവരമറിഞ്ഞതോടെ ആ നിലക്കുള്ള അന്വേഷണവും നടത്തി.
പാലാ-പൊൻകുന്നം വഴി കൊടുങ്ങൂർ നിന്നുമാണ് ഒടുവിൽ ടീച്ചറെ കണ്ടെത്തുന്നത്. തുടർന്ന് അന്ന് കൂടെ പഠിച്ച സഹപാഠികൾക്കും ജീവിച്ചിരിക്കുന്ന അധ്യാപകർക്കും ടീച്ചറെ ഫോൺ വഴി പരിചയപ്പെടുത്തി. അന്നത്തെ പ്രധാനാധ്യാപകൻ പി. അവറു അടക്കമുള്ളവർ ഷരീഫിനെ അഭിനന്ദിക്കുകയും ചെയ്തു.
കോട്ടക്കൽ എസ്.ഐ ജബ്ബാറാണ് ഷരീഫിന് ഉപഹാരം കൈമാറിയത്. സീനിയർ മെംബർ കുഞ്ഞിക്കോയ പൊന്നാട അണിയിച്ചു. അബ്ദു, ഇൻസോൺ അൻസാരി, ഇസ്മാഈൽ, നൗഷാദ്, ഇസ്ഹാഖ്, അസീസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.