കഅ്ബയുടെ കഥ, മക്കയുടെയും
text_fieldsമക്ക എന്ന പ്രദേശത്തെ വിശുദ്ധമാക്കിനിർത്തുന്നത് കഅ്ബയും അതിന്റെ ചുറ്റുമുള്ള ചരിത്രശേഷിപ്പുകളുമാണ്. മക്കയില്‍ കഅ്ബ ഉള്‍പ്പെടുന്ന വിസ്തൃത ദേശത്തെ 'ഹറം' എന്നുവിളിക്കുന്നു. പവിത്രസ്ഥാനം, അഭയകേന്ദ്രം എന്നെല്ലാമാണ് ഇതിനര്‍ഥം. ഏകദൈവ വിശ്വാസത്തിന്റെ (തൗഹീദ്) ആദിമവും പ്രധാനവുമായ കേന്ദ്രം മക്കയിലെ കഅ്ബയാണെന്ന് ഖുര്‍ആന്‍ പറയുന്നു: 'മുഴുലോകത്തിനും അനുഗ്രഹവും ദിശാസൂചികയുമായി സ്ഥാപിതമായ പ്രഥമ ആലയമത്രേ ബക്കയിലേത്.
മക്കയെ 'ബക്ക' എന്നാണ് ഖുർആൻ പരാമർശിച്ചിരിക്കുന്നത്. മക്കയുടെ പൂര്‍വനാമമാണ് ബക്ക. ബൈബിളില്‍ പറയുന്നു: 'എന്നേക്കും നിന്നെ സ്തുതിച്ചുകൊണ്ട് നിന്റെ ആലയത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്. നിന്നില്‍ ശക്തികണ്ടെത്തിയവര് ഭാഗ്യവാന്മാര്. അവരുടെ ഹൃദയത്തില്‍ സീയോനിലേക്കുള്ള രാജവീഥികളുണ്ട്. 'ബാക' താഴ്വരയിലൂടെ കടന്നുപോകുമ്പോള്‍ അവരതിനെ നീരുറവകളുടെ ദേശമാക്കുന്നു. ശരത്കാലവൃഷ്ടി അതിനെ ജലാശയങ്ങള്‍ കൊണ്ടുനിറയ്ക്കുന്നു. അവര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു. അവര്‍ ദൈവത്തെ സീയോനില്‍ ദര്‍ശിക്കും' (ബൈബിള്‍- സങ്കീര്‍ത്തനങ്ങള്‍ 84: 47).
ഇതിലെ ബാകയും മുകളില്‍ പറഞ്ഞ ബക്കയും തമ്മില്‍ ശബ്ദസാമ്യമുണ്ട്. 'ബാകാ' എന്ന പദത്തിന് കണ്ണുനീര് എന്നാണര്‍ഥം. കണ്ണുനീര്ത്താഴ്വരയെന്ന് ബൈബിള്‍ പണ്ഡിതന്മാര് ബാകായ്ക്കൊരു മറുപേരും പറയാറുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ അഭിപ്രായത്തില്‍ ആളുകള്‍ ധാരാളമായി ഇടകലര്‍ന്ന് ജീവിക്കുന്ന സ്ഥലം എന്നതാണ് ഈ പദത്തിന്റെ സൂചന. മക്കയേയും അതിന്റെ ആത്മാവിനെയും രൂപപ്പെടുത്തിയത് പ്രവാചകൻ ഇബ്രാഹീമിന്റെ പത്നി ഹാജറയുടെ വിയര്‍പ്പും കണ്ണീരുമായിരുന്നെന്ന് ചരിത്രം പറയുന്നു. ഹാജറയുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള ചരിത്രമാണ് മക്കയെന്ന നഗരത്തെ സൃഷ്ടിച്ചത്.
ഹാജറയും മകന് ഇസ്മാഈലും കാല് പതിപ്പിച്ചിടത്താണ് സംസം ഉറവപൊട്ടിയൊഴുകിയത്. അങ്ങനെയാണ് നീരുറവകളുടെ ദേശം എന്ന പേരുകൂടി മക്കക്ക് ലഭിച്ചത്. പ്രവാചകൻ ഇബ്രാഹീം തന്റെ മകന് ഇസ്മാഈലിന്റെ സഹായത്തോടെ തന്റെ കൈകൊണ്ട് പടുത്തുയര്‍ത്തിയ മന്ദിരമാണ് കഅ്ബ. ചതുരസ്തംഭാകൃതിയില് അതിലളിതമായ ഒരു കെട്ടിടമാണിത്. കഅ്ബയുടെ ഒരു മൂലയില്‍ പ്രതിഷ്ഠിച്ച കറുത്ത കല്ലിന് 'ഹജറുല്‍ അസ്വദ്' എന്നാണ് വിശേഷണം. ഇബ്രാഹീമും അല്ലാഹുവും തമ്മിലുള്ള ഉടമ്പടിയുടെ അടയാളങ്ങളിലൊന്നാണിത്.
കാലാകാലങ്ങളായി കഅ്ബയുടെ പുനർനിർമാണ പ്രക്രിയക്കുശേഷം ഇബ്രാഹീം നബിയുടേതായി അവശേഷിക്കുന്ന ഒന്നാണ് ഹജറുൽ അസ്വദ്. ഹജ്ജിനെത്തുന്ന തീർഥാടകർ കഅ്ബ പ്രദക്ഷിണം ചെയ്യുമ്പോൾ ഈ കല്ലിനെ ചുംബിക്കുകയോ തൊടുകയോ അതിന്റെ നേരെ കൈയുയർത്തുകയോ ചെയ്യുന്നു. ഇതിലൂടെ ചരിത്രത്തെ അനുധാവനം ചെയ്യുകയാണ് വിശ്വാസി ചെയ്യുന്നത്. മുഹമ്മദ് നബിയുടെ സമുദായത്തിന് പ്രാര്ഥനാദിശയായി നിശ്ചയിച്ചുകൊടുക്കപ്പെട്ടത് കഅ്ബയാണ്.
ഏകദേശം 280 കിലോ ശുദ്ധസ്വർണം ഉപയോഗിച്ചാണ് ഇതിന്റെ വാതിൽ നിർമിച്ചിരിക്കുന്നത്. ഏത് കാലാവസ്ഥയിലും കെട്ടുറപ്പോടെ നിൽക്കുന്ന പ്രത്യേകതരം തേക്കുതടി മ്യാന്മറിൽനിന്ന് എത്തിച്ചാണ് തൂൺ നിർമിച്ചിരിക്കുന്നത്. കഅ്ബയുടെ നീളം 40 അടിയും (12.1 മീറ്റർ), വീതി 35 അടിയും (10.6 മീറ്റർ), ഉയരം 50 അടിയും (15.2 മീറ്റർ) ആണ്. പടിഞ്ഞാറുവശത്തെ ചുമരിന്റെ നീളം 12.15 മീറ്ററും കിഴക്കുവശത്തെ ചുമരിന്റെ നീളം 11.88 മീറ്ററുമാണ്. തെക്കുവശത്ത് 10.25 മീറ്ററും വടക്കുവശത്ത് 9.92 മീറ്ററുമാണ് കഅ്ബയുടെ നീളം.
കഅ്ബയുടെ നാല് മൂലകൾക്കും വ്യത്യസ്ത പേരുകളാണുള്ളത്. ഹജറുൽ അസ്വദ് സ്ഥാപിച്ചിരിക്കുന്ന തെക്കുകിഴക്കേ മൂല 'അർറുകുനുൽ അസ്വദ്' എന്നും വടക്കുകിഴക്കേ മൂല 'അർറുകുനുൽ ഇറാഖി' എന്നും തെക്കുപടിഞ്ഞാറേ മൂല 'അർറുകുനുൽ യമാനി'യെന്നും വടക്കുപടിഞ്ഞാറേ ഭാഗത്തുള്ള മൂല 'അർറുകുനുൽ ശാമി' എന്നുമാണ് അറിയപ്പെടുന്നത്. ദൈവത്തെ ആരാധിക്കാൻ ഭൂമുഖത്ത് ആദ്യമായി പണിത പരിശുദ്ധ ഗേഹമാണ് കഅ്ബാലയം. 4000 വർഷം മുമ്പ് പണിത ഈ ഭവനം നാലുതവണ പുതുക്കിപ്പണിതിട്ടുണ്ട്. വിവിധ കാലഘട്ടങ്ങളിൽ 12 തവണ അറ്റകുറ്റപ്പണികളും നടത്തിയിട്ടുണ്ട്. ആധുനിക സൗദി രാഷ്ട്രം നിലവിൽവന്നശേഷം ഖാലിദ് രാജാവിന്റെ കാലത്താണ് കഅ്ബക്ക് പുതിയ വാതിൽ പണിയുന്നത്. കഅ്ബാലയത്തിന്റെ സംരക്ഷണത്തിനും അതിന്റെ സുരക്ഷിതത്വത്തിനും വർധിച്ച സ്ഥാനവും പരിഗണനയുമാണ് സൗദി ഭരണകൂടം നൽകിവരുന്നത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.