രുചി വിളമ്പിയ നാസർക്കയുടെ പ്രവാസം 42ാം വർഷത്തിലേക്ക്
text_fieldsവാരാന്ത്യങ്ങളിൽ തനത് ഒമാനി ഭക്ഷണമായ ശുവയോ, മന്തിയോ കഴിക്കാൻ ആഗ്രഹിക്കുന്ന മലയാളികളുടെ ആദ്യ ചോയിസ് ഫഞ്ചയിലെ നാസർക്കയുടെ ഹോട്ടലായിരിക്കും. റൂവിയിൽ നിന്നും നിസ്വയിൽനിന്നും തനത് അറേബ്യൻ രുചി ആസ്വദിക്കാൻ മലയാളികളടക്കം നിരവധിപേർ ഫഞ്ചയിലെ അറബ് വേൾഡ് റസ്റ്റാറൻറിൽ എത്താറുണ്ട്.
കഴിഞ്ഞ 42 വർഷമായി ഒമാനിൽ ഹോട്ടൽ ബിസിനസ് രംഗത്ത് പ്രവർത്തിച്ചുവരുകയാണ് തലശ്ശേരി സ്വദേശിയായ അബ്ദുൽ നാസർ. 1979 ജൂലൈയിലാണ് ഒമാനിലെത്തുന്നത്. 11 വർഷം ബഹ്ലയിൽ മലയാളി ഹോട്ടലിലായിരുന്നു ജോലി. 1990ലാണ് അറബ് വേൾഡ് റസ്റ്റാറൻറിൽ ജോലിക്ക് കയറുന്നത്. 1998 മുതൽ ഫഞ്ചയിലെ റസ്റ്റാറൻറിെൻറ നടത്തിപ്പ് ഇദ്ദേഹത്തിനാണ്.
ശുവയുടെ തനത് രുചിയും വിലക്കുറവുമാണ് ഭക്ഷണപ്രേമികളെ ദൂരം പരിഗണിക്കാതെ ഫഞ്ചയിൽ എത്തിക്കുന്നത്. ഒമാനി പരമ്പരാഗത ശുവയുടെ രുചിക്കൂട്ടാണ് ഉപയോഗിക്കുന്നത്. ഇതിന് ഏറെ പ്രയാസവും അധ്വാനവും ഉണ്ടെന്നും നാസർക്ക പറയുന്നു.
ഇൗത്തപ്പഴം മൂന്നു ദിവസത്തോളം വെള്ളത്തിൽ കുതിർത്തുവെച്ച് വെളുത്തുള്ളി, ജീരകം, മുളക് വറുത്തത്, മല്ലി വറുത്തത്, കായം, വിനാകിരി തുടങ്ങിയ നിരവധി ചേരുവകൾ േചർത്താണ് ഇൗ രുചിക്കൂട്ട് തയാറാക്കുന്നത്. ഇൗ രുചിക്കൂട്ട് ആട് മാംസത്തിൽ ചേർത്ത് മൂന്നുമണിക്കൂറിലധികം പ്രത്യക ഒാവനിൽ വെച്ച് ആവിയിൽ വേവിച്ചാണ് ശുവ തയാറാക്കുന്നത്.
1.800 റിയാൽ വിലയുള്ള ശുവ മൂന്നുപേർക്കെങ്കിലും സുഭിക്ഷമായി കഴിക്കാൻ കഴിയുന്നതും മലയാളി കുടുംബങ്ങൾക്ക് ഇവിടം പ്രിയപ്പെട്ടതാക്കുന്നു. കോവിഡിനുമുമ്പ് ചില ദിവസങ്ങളിൽ 8000 പേർക്ക് വരെ ഭക്ഷണം ഇവിടെ ഉണ്ടാക്കിയിരുന്നു. മൂന്നുവർഷം മുമ്പ് തിരക്ക് വർധിച്ചതിനാൽ ഹൗസ് ഫുൾ ബോർഡ് പോലും വെക്കേണ്ടിവന്നതായി നാസർക്ക പറയുന്നു.
ഹോട്ടൽ പാരമ്പര്യമുള്ള തലശ്ശേരി കായിയത്ത് റോഡിലെ കുന്നുംപുറത്ത് കുടുംബാംഗമാണ് നാസർ. പിതാവ് അബ്ദുറഹ്മാൻ 1952ൽ സ്ഥാപിച്ച അൽ അമീൻ ഹോട്ടൽ ഇപ്പോഴുമുണ്ട്. സ്കൂൾ വിട്ട് വന്നാൽ നേരെ ഹോട്ടലിൽ പോയി വാപ്പയെ സഹായിക്കാറുണ്ടായിരുന്നു. എട്ടാം ക്ലാസോടെ പഠനം നിർത്തിയപ്പോൾ ഹോട്ടൽ ജോലിക്കൊപ്പം സ്വൽപം സിനിമ ഭ്രാന്തും കമ്പനികൂടലുമൊക്കെയായപ്പോൾ 18ാം വയസ്സിലാണ് സഹോദരൻ ബഷീർ മുഖേന നാസറിനെ കടൽകടത്തിയത്. ഒട്ടും വികസനം എത്താത്ത മേഖലയായിരുന്നു ബഹ്ലയെന്ന് നാസർ പറയുന്നു.
ജനേററ്റർ ഉപയോഗിച്ചായിരുന്നു അന്ന് ഹോട്ടലുകളും മറ്റും പ്രവർത്തിച്ചിരുന്നത്. അന്ന് മാഹിക്കാരൻ പൊന്നമ്പത് കാദർകുട്ടി നടത്തുന്ന ഹോട്ടലിൽ പൊറാട്ടക്കാരനായാണ് നാസർക്ക എത്തുന്നത്. നാലുവർഷം അവിടെ ജോലിചെയ്തശേഷം 1984ൽ സ്വന്തമായി ഹോട്ടൽ നടത്തിയെങ്കിലും മെസിലുണ്ടായിരുന്നവർ പണം നൽകാത്തതിനാൽ ഹോട്ടൽ പൂേട്ടണ്ടിവന്നു.
ഇതോടെ 1990ൽ ഹോട്ടൽ മുതലാളി വീണ്ടും ജോലിക്കാരനായി. റൂവിയിലെ അറബ് വേൾഡ് റസ്റ്റാറൻറിൽ പാചകക്കാരനായി രണ്ടാമൂഴം. എട്ടുവർഷം അവിടെ ജോലിചെയ്തു. അതിനിടെയാണ് അതേ സ്പോൺസറുടെ കീഴിലുള്ള ഫഞ്ചയിലെ റസ്റ്റാറൻറ് നഷ്ടത്തിലായതിനാൽ പൂട്ടാനൊരുങ്ങിയത്. സ്പോൺസറുടെ നിർബന്ധ പ്രകാരം ഒരു പരീക്ഷണം എന്ന നിലക്കാണ് 1998ൽ ഹോട്ടൽ ഏറ്റെടുത്തത്.
ഹോട്ടൽ ഏറ്റെടുത്ത് ആദ്യഘട്ടത്തിൽ 70 റിയാലായിരുന്നു വരുമാനം. പിന്നീട് കല്യാണ പാർട്ടികൾക്കും മറ്റും ബിരിയാണി എത്തിച്ച് കഠിനാധ്വാനത്തിലൂടെ ഹോട്ടൽ വളർത്തിയെടുക്കുകയായിരുന്നു. ഫഞ്ച മേഖലയിലെ ഏതാണ്ടെല്ലാ ഒമാനി കല്യാണങ്ങൾക്കും നാസർക്ക ഭക്ഷണമെത്തിക്കാൻ തുടങ്ങിയതോടെ ഹോട്ടൽ പെെട്ടന്ന് പ്രസിദ്ധമായി. അതോടെ, മുനിസിപ്പാലിറ്റിയിൽനിന്നും മറ്റും നിരവധി അംഗീകാരങ്ങൾ നേടാൻ ഹോട്ടലിന് കഴിഞ്ഞു.
ഫഞ്ച വിലായത്തിലെ ഏറ്റവും വൃത്തിയുള്ള ഹോട്ടൽ എന്ന ബഹുമതിയും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ഫഞ്ച േമഖലയിൽ അടുത്തിടെ നിരവധി കല്യാണ മണ്ഡപങ്ങൾ ഉയർന്നുവന്നതോടെ കല്യാണ ഒാർഡറുകൾ കുറഞ്ഞതായി നാസർക്ക പറയുന്നു.കോവിഡ് പ്രതിസന്ധി ഹോട്ടലിനെ പ്രതികൂലമായി ബാധിച്ചെങ്കിലും ഇപ്പോൾ വീണ്ടും പച്ചപിടിച്ചുവരുന്നുണ്ട്. ഭാര്യ: അസ്മ. ഏകമകൻ അജ്മൽ ഒമാനിൽ ബിസിനസുകാരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.