അറിയണം, നയതന്ത്ര വിജയത്തിലെ ഈ മലയാളി സ്പർശം
text_fieldsകാസർകോട്: യുക്രെയ്നിലെ യുദ്ധഭൂമിയിൽനിന്ന് ഭീതിയുടെ രാപ്പകലുകൾ താണ്ടിയെത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് സുരക്ഷിത പാതയൊരുക്കുന്നതിൽ മലയാളി നയതന്ത്ര വിജയം. യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരായ ആയിരങ്ങളെ അതിർത്തിവഴി പോളണ്ടിലെത്തിച്ച് നാട്ടിലെത്തിക്കുന്നതിലാണ് ഈ മലയാളി കരസ്പർശം.
പോളണ്ടിലെ ഇന്ത്യൻ അംബാസഡർ കാസർകോട് സ്വദേശിനി നഗ്മ മല്ലിക് ആണ് രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്. ആയിരക്കണക്കിന് പേർക്ക് വെള്ളവും ഭക്ഷണവും നൽകാൻവരെ കളത്തിലിറങ്ങിയാണ് ഇവരുടെ പ്രവർത്തനം.
കാസർകോട് ഫോർട്ട് റോഡിലെ മുഹമ്മദ് ഹബീബുല്ലയുടെയും പൈവളിഗെ സ്വദേശിനി സുലേഖ ബാനുവിന്റെയും മകളായ ഇവർ കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് പോളണ്ടിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റത്. പോളണ്ട് കേന്ദ്രീകരിച്ച് നടത്തുന്ന രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന സംഘത്തിലെ പ്രധാനികളിൽ ഒരാൾ.
യുദ്ധത്തിൽ ഒറ്റപ്പെട്ടുപോയ മലയാളികൾ ഉൾപ്പെടെയുള്ളവരെ അതിർത്തി വഴി പോളണ്ടിലെത്തിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു. പിന്നീട് നാട്ടിലേക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നു. ദിവസങ്ങളായി ഈ ജോലിയിൽ മുഴുകിയിരിക്കുകയാണ് ഇവർ.
ന്യൂഡൽഹിയിലാണ് നഗ്മയുടെ ജനനവും പഠനവുമെല്ലാം. പിതാവ് കാസർകോട് ഫോർട്ട് റോഡിലെ പുതിയപുര മുഹമ്മദ് ഹബീബുല്ലക്ക് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിൽ ജോലി ലഭിച്ചതോടെയാണ് ന്യൂഡൽഹിയിൽ സ്ഥിരതാമസമാക്കിയത്. 1991 ഐ.എഫ്.എസ് കേഡറായ നഗ്മ മുൻ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളിന്റെ സ്റ്റാഫ് ഓഫിസർ, തുനീഷ്യ, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളിൽ അംബാസഡർ എന്നീ നിലകളിലും പ്രവർത്തിച്ചു.
ന്യൂഡൽഹിയിൽ അഭിഭാഷകനായ ഫരീദ് മല്ലിക് ആണ് ഭർത്താവ്. എല്ലാ ദിവസവും മകളുമായി സംസാരിക്കാറുണ്ടെന്നും രണ്ടുദിവസമായി നല്ല തിരക്കിലായതിനാൽ ഫോണിൽ ലഭിച്ചില്ലെന്നും നഗ്മയുടെ മാതാവ് സുലേഖ ബാനു 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.