അവൾക്കൊപ്പം നിൽക്കാത്ത സൈബറി(അവനി)ടങ്ങൾ
text_fieldsനാട്ടിലും വീട്ടിലും തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലുമെല്ലാം പലവിധ അതിക്രമങ്ങൾക്കിരയാവുന്നുണ്ട് സ്ത്രീകൾ. അതിനു പുറമെയാണ് സൈബറിടങ്ങളിൽ സകല മര്യാദകളും ലംഘിച്ച് നടമാടുന്ന സ്ത്രീവിരുദ്ധ. രാഷ്ട്രീയം, മതം, ജാതി, സിനിമ, എഴുത്ത്, നിയമം, വ്യക്തിസ്വാതന്ത്ര്യം, ഫെമിനിസം തുടങ്ങിയ വിഷയങ്ങളിൽ തങ്ങൾക്കിഷ്ടമില്ലാത്ത അഭിപ്രായം പറയുന്നവരാണ് സൈബർ വെട്ടുകിളിക്കൂട്ടങ്ങളുടെ കൂട്ടആക്രമണങ്ങൾക്കിരയാവുന്നതിലേറെയും.
ഒരു സ്ത്രീയും പുരുഷനും ഒരേ അഭിപ്രായം പറയുന്നവരും ഒരേ ആശയം പങ്കുവെക്കുന്നവരുമാണെങ്കിൽപോലും ഇവരെ സൈബറിടത്തിൽ നേരിടുന്ന രീതികൾ വ്യത്യസ്തമായിരിക്കും. അശ്ലീലപദങ്ങൾ ഉപയോഗിച്ചും കുടുംബാംഗങ്ങളെ ഉൾെപ്പടെ തേജോവധം ചെയ്തും അവളുടെ അഭിപ്രായത്തെ ഇല്ലാതാക്കുകയും നിശ്ശബ്ദമാക്കുകയും ചെയ്യുന്നതാണ് കണ്ടുപോരുന്നത്. ഇത്തരത്തിൽ കൂട്ടത്തോടെയുള്ളതും നിരന്തരവുമായ ആക്രമണങ്ങൾക്കിരയായി കടുത്ത മാനസിക സമ്മർദങ്ങളിലേക്കും വിഷാദത്തിലേക്കും വലിയ ആഘാതങ്ങളിലേക്കും ശാരീരിക പ്രശ്നങ്ങളിലേക്കും വരെ എത്തിനിൽക്കുന്നവർ നമുക്കു ചുറ്റുമുണ്ട്.
ഇനിയൊരിക്കലും ഇങ്ങോട്ടില്ലെന്ന തരത്തിൽ ഫേസ്ബുക്ക് ഉൾപ്പെടെ സമൂഹമാധ്യമങ്ങൾ എന്നന്നേക്കുമായി ഉപേക്ഷിക്കുന്നവരും ആരെന്തു പറഞ്ഞാലും തനിക്ക് പുല്ലാണെന്ന മനോഭാവത്തിൽ തിരിച്ച് അതേ നാണയത്തിൽ യുദ്ധം ചെയ്യുന്നവരെയും സമൂഹമാധ്യമങ്ങളിൽ ധാരാളമായി കാണാം.
താരങ്ങൾക്ക് സ്വകാര്യത എന്നൊന്നില്ലേ
'കണ്ടോ, സിനിമയിൽ അവസരം കുറഞ്ഞപ്പോ എങ്ങനേലും ലൈം ലൈറ്റിൽ പിടിച്ചുനിക്കണം, അതിനാണീ കോപ്രായങ്ങളെല്ലാം' 'ഇവൾക്കൊന്നും ചോദിക്കാനും പറയാനും വീട്ടിലാരുമില്ലേ...' തനിക്കിഷ്ടപ്പെട്ട വേഷത്തിൽ ഏതെങ്കിലും നടിയായോ മോഡലായോ ഫേസ്ബുക്കിലൊരു ചിത്രം പങ്കുവെച്ചാൽ മതി, അതിനു താഴെയുള്ള മിക്ക കമൻറുകൾക്കും ഏതാണ്ട് ഇതേ ചുവയായിരിക്കും. തങ്ങളുടെ വ്യക്തിപരമായ സന്തോഷങ്ങളും ആഘോഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവെക്കുന്നവരാണ് മിക്ക സെലിബ്രിറ്റികളും. ഇത്തരം ഹാപ്പി പോസ്റ്റുകൾക്കിടയിലാണ് 'ഫേസ്ബുക്ക് അമ്മാവന്മാരുടെ'യും ഞരമ്പുരോഗികളുടെയും സദാചാരം പഠിപ്പിക്കലും ലൈംഗികദാരിദ്ര്യം തീർക്കലും നടക്കാറ്.
അധിക്ഷേപ പരമായ കമൻറുകൾ കണ്ടു മടുത്ത് പോസ്റ്റുതന്നെ നീക്കം ചെയ്ത് പോവുന്നവരുണ്ട്, ചിലരാണെങ്കിൽ ഇത്തരം കമൻറുകളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു, മറ്റു ചിലർ സഹിക്കാനാവാത്ത സന്ദർഭങ്ങളിൽ മറുപടി നൽകുന്നതും കാണാം. സിനിമ താരങ്ങൾ, പ്രത്യേകിച്ച് നടിമാർ എന്തു പോസ്റ്റ് ചെയ്താലും അതിനു കീഴിൽ സന്മാർഗവും ധാർമികതയും പഠിപ്പിക്കാനെത്തുന്ന കുറെ പേർ ഫേസ്ബുക്കിൽ സ്ഥിരമായി കുറ്റിയടിച്ചിരിപ്പുണ്ട്.
അഞ്ചുവർഷം മുമ്പാണ് പ്രശസ്ത സിനിമ അഭിനേത്രി കൊച്ചി നഗരത്തിൽ ഓടുന്ന കാറിൽ ലൈംഗിക അതിക്രമത്തിനിരയായത്. ഇക്കാലമത്രയും കുറ്റാരോപിതന്റെ ആരാധകക്കൂട്ടം സൈബറിടത്തിലും അതിക്രമങ്ങളും അധിക്ഷേപങ്ങളും തുടരുകയാണ്.
എല്ലാം അവളുടെ കുറ്റം...
ബലാത്സംഗം, ലൈംഗികാതിക്രമം, ആത്മഹത്യ, കൊലപാതകം, മറ്റു കുറ്റകൃത്യങ്ങളെന്നിങ്ങനെ സ്ത്രീകളെ കേന്ദ്രീകരിച്ചു വരുന്ന വാർത്തകൾക്കു കീഴെയുള്ള ഫേസ്ബുക്ക് കമൻറുകൾ ശ്രദ്ധിച്ചാലറിയാം, എല്ലാത്തിന്‍റെയും 'ഉത്തരവാദി അവളായി'രിക്കുമെന്ന്.
അതെങ്ങനെയെന്നല്ലേ, അത്തരത്തിലൊരു തീർപ്പുകൽപിക്കുന്ന, അതിന്മേൽ ശിക്ഷ വിധിക്കുന്നൊരു ആൾക്കൂട്ട കോടതി ഫേസ്ബുക്കിന്‍റെ ചുമരുകൾക്കുള്ളിൽ ഒളിച്ചിരിപ്പുണ്ട്. ലൈംഗികാതിക്രമമാണ് വാർത്തയെങ്കിൽ ഇരയുടെ വസ്ത്രവും ജീവിതരീതിയുമായിരിക്കും ഇഴകീറി പരിശോധിക്കുക. കഴിഞ്ഞ ദിവസം യുവ വ്ലോഗർ ആത്മഹത്യ ചെയ്തതിനു പിന്നാലെ അവളുടെ സാമൂഹികജീവിതത്തെയും മതരീതിയെയുമെല്ലാം ഇഴകീറി പരിശോധിച്ചുള്ള വിചാരണയായിരുന്നു സമൂഹമാധ്യമങ്ങളിൽ.
ചിത്രത്തിനോ പോസ്റ്റുകൾക്കോ കൂടുതൽ ലൈക് കിട്ടിയാൽപോലും സ്ത്രീകൾ അതിന്‍റെ പേരിൽ അപമാനിക്കപ്പെടുന്നുണ്ട്.
സൈബറിടത്തിലെ പെണ്ണുങ്ങൾക്കുനേരെയുള്ള കൂട്ട ആക്രമണങ്ങളും അതിനെതിരെയുള്ള അവളുടെ പ്രതിരോധങ്ങളുമൊന്നും ഇന്നും ഇന്നലെയും തുടങ്ങിയതല്ല, പലപ്പോഴും കേസു കൊടുത്താലും ഫലപ്രദമായ ഇടപെടലുണ്ടാവുന്നില്ല, സൈബർ കുറ്റകൃത്യങ്ങളിൽ നീതി ഇന്നും അകലെയാണ്. കേരളത്തിൽ സൈബർ ആക്രമണങ്ങൾക്കിരയാവുന്ന പതിനായിരക്കണക്കിന് സ്ത്രീകളുടെ പ്രതിനിധികൾ നിലപാട് പങ്കുവെക്കുന്നു
എന്തു നിർവൃതിയാണ് അവർക്ക് കിട്ടുന്നത്?
രമ്യ ഹരിദാസ്, ആലത്തൂർ എം.പി
ലോക്സഭയിലേക്ക് മത്സരിക്കുന്ന കാലഘട്ടം മുതൽ പലവിധ സൈബർ അധിക്ഷേപങ്ങളിലൂടെയും കടന്നുപോയ ആളാണ് ഞാൻ. തുടക്കത്തിലൊക്കെ മാനസിക വിഷമമുണ്ടായിരുന്നു, പതിയെ അത് കുറഞ്ഞു തുടങ്ങി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്ത് പരിക്കുപറ്റിയതിനാൽ വീൽചെയറിൽ എന്‍റെ സഹപ്രവർത്തകർക്കായി പ്രചാരണ രംഗത്തേക്കിറങ്ങിയതിനൊക്കെ ഞാൻ നേരിട്ട പരിഹാസം ചില്ലറയല്ല, മറ്റൊന്ന് എന്റെ പാട്ടുമായി ബന്ധപ്പെട്ടാണ്. എന്നെ വ്യക്തിപരമായി മാത്രമല്ല, പ്രിയപ്പെട്ട അമ്മയെപോലും പലവിധ അധിക്ഷേപങ്ങൾക്കിരയാക്കി കൊണ്ടിരിക്കുന്നു.
അസഹിഷ്ണുതയോടെ ആക്രമിച്ചവരിൽ സർക്കാർ ജീവനക്കാരുൾെപ്പടെയുണ്ട്. വിമർശനങ്ങളും അഭിപ്രായങ്ങളും നമുക്ക് മനസ്സിലാക്കാം, എന്നാൽ, അത് പരിധിവിട്ട് അധിക്ഷേപമാകുമ്പോഴാണ് അംഗീകരിക്കാനാവാത്തത്.
ഏതു രാഷ്ട്രീയപാർട്ടിക്കാരനാണെങ്കിലും വ്യക്തിപരമായ ആക്രമണങ്ങളെ അംഗീകരിക്കാത്തയാളാണ് ഞാൻ. മണ്ഡലത്തിലെ ഒരു വികസന പ്രവൃത്തിയെ കുറിച്ചോ അല്ലെങ്കിൽ നാട്ടിലെ ഏതെങ്കിലും കുട്ടികളുടെ അഭിനന്ദനാർഹമായ നേട്ടത്തെകുറിച്ചോ ഒക്കെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലിടുമ്പോൾ അതിനു കീഴെപോലും വളരെ മോശം കമൻറുകളുമായി എത്തുന്നവരുണ്ട്.
എന്‍റെ കൂടെ സന്തോഷത്തോടെ നിൽക്കുന്ന ഒന്നുമറിയാത്ത ആ കുട്ടിയെ കുറിച്ചുപോലും കേട്ടാലറക്കുന്ന പ്രയോഗങ്ങൾ നടത്തുന്നവർക്ക് എന്തു നിർവൃതിയാണ് കിട്ടുന്നതെന്നറിയില്ല. സഹികെട്ട സന്ദർഭങ്ങളിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്, എന്നാൽ, ഒന്നിലും കൃത്യമായ നടപടികളുണ്ടായിട്ടില്ല. ശക്തമായ തെളിവുകളുൾെപ്പടെ നൽകിയിട്ടും കേസെടുക്കാനും തയാറായിട്ടില്ലെന്നതാണ് യാഥാർഥ്യം.
സ്ത്രീകൾക്ക് ഒട്ടും അനുകൂലമല്ലാത്ത ഇടം
അഡ്വ. ഫാത്തിമ തഹിലിയ, എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡൻറ്
ആർക്കും എന്തും കൊണ്ടുവന്ന് തള്ളാവുന്ന കേന്ദ്രമായി സൈബറിടം മാറുന്നു.പൊതു അഭിപ്രായ രൂപവത്കരണത്തിനായി കൂട്ടത്തോടെ ഫേക് ഐ.ഡികളെ ഉപയോഗിക്കുന്ന പ്രവണതയും വർധിച്ചു. സ്ത്രീകളെ നേരിട്ട് എതിർക്കാൻ ധൈര്യമില്ലാത്തവർ സൈബറിടത്തിൽ പച്ചത്തെറി പറയും- സൈബർ നിയമങ്ങൾ ശക്തമല്ലാത്തതുതന്നെ ഇതിനു കാരണം.
സൈബർ ആക്രമണങ്ങൾക്കെതിരെ ഞാൻ പലതവണ പരാതി നൽകിയിട്ടുണ്ട്, കേസെടുക്കുന്നതല്ലാതെ അന്വേഷണം ഉണ്ടായിട്ടില്ല. ഒരു ഘട്ടത്തിൽ കേസ് പിൻവലിക്കണമെന്ന് പൊലീസ് തന്നെ ആവശ്യപ്പെട്ടു. തങ്ങൾ അന്വേഷിച്ചിട്ട് എങ്ങുമെത്തുന്നില്ല എന്നായിരുന്നു വിശദീകരണം. നമുക്ക് സുരക്ഷ നൽകേണ്ട സംവിധാനത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണം തന്നെ ഇതാണ്. നിലവിൽ ഞാനിതൊന്നും മൈൻഡ് ചെയ്യാറേയില്ല, ഭൂപടം പാത്തു, അഞ്ചു രൂപ പാത്തുമ്മ, ബിരിയാണി ചെമ്പിന്‍റെ മൂടി എന്നിങ്ങനെ പല പേരുകളും സൈബറിടം സമ്മാനിച്ചു. എന്നാലിതിനൊന്നും എന്നെ തകർക്കാനാവില്ല.
വനിത ദിനത്തിൽ എനിക്കു പറയാനുള്ളത് ആരെന്തു പറഞ്ഞാലും നമ്മുടെ വ്യക്തിത്വം എവിടെയും അടിയറ വെക്കാതിരിക്കുക എന്നതാണ്. ഇത്തരം ആക്രമണങ്ങൾക്കെതിരെ പോരാടാനും അല്ലെങ്കിൽ തീർത്തും അവഗണിക്കാനുമുള്ള സാധ്യത സൈബർ ലോകം തരുന്നുണ്ട്. സർക്കാർ സംവിധാനത്തിനു മാത്രമല്ല, ഫേസ്ബുക്ക് ഉൾെപ്പടെയുള്ള സമൂഹമാധ്യമ കമ്പനികൾക്കും ഇത്തരത്തിൽ ഫേക് ഐ.ഡികളെ ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കാം. ശാരീരികാക്രമങ്ങളെപോലെ സൈബർ അക്രമങ്ങളെയും പരിഗണിക്കുന്ന തരത്തിലുള്ള നിയമഭേദഗതികൾ കൊണ്ടുവരണം.
സാധ്യതകളുടേതുകൂടിയാണ് സൈബർ ലോകം
ഡോ. ചിന്ത ജെറോം-യുവജന കമീഷൻ ചെയർപേഴ്സൻ, സി.പി.എം സംസ്ഥാന സമിതിയംഗം
പൊതുവേ പുരുഷാധിപത്യ സമൂഹമാണ് നമ്മുടേത്, അതിന്റെ പ്രതിഫലനം സമൂഹമാധ്യമങ്ങളിലുമുണ്ട്. സൈബറിടത്തിലെ ആക്രമികൾക്ക് നേരിട്ടുചെയ്യുന്നതിനേക്കാൾ സ്വാതന്ത്ര്യം കിട്ടുന്നുണ്ട്, അവരുടെ മുഖമോ വ്യക്തിത്വമോ പുറത്തുവരുന്നില്ലെന്നതാണ് കാരണം. സ്ത്രീ എന്ന സ്വത്വത്തെ ആക്രമിക്കുകയാണിവർ ചെയ്യുന്നത്.
ചെറുപ്പം മുതൽ വിദ്യാർഥി സംഘടനയിൽ പ്രവർത്തിച്ചതിന്റെ കരുത്തിൽ നിന്നാവാം ഇത്തരം ആരോപണങ്ങളും അധിക്ഷേപങ്ങളുമൊ ക്കെ നേരിടാനുള്ള ശേഷി രൂപപ്പെട്ടുവന്നിട്ടുണ്ട്. പക്ഷേ, നമുക്കൊപ്പം പ്രവർത്തിക്കുന്ന സാധാരണ സുഹൃത്തുക്കളൊക്കെ ഇത്തരം അക്രമങ്ങൾക്കിരയായി പലബുദ്ധിമുട്ടുകളും നേരിടുന്നത് കാണുന്നുണ്ട്. വ്യക്തിപരമായി ഇതിനെയെല്ലാം നിസ്സാരമായി കാണുന്നയാളാണ് ഞാൻ. എന്നാൽ, പരിധിവിട്ട ആക്രമണങ്ങളുണ്ടാവുമ്പോൾ നിയമപരമായി തന്നെ മുന്നോട്ടുപോവാറുണ്ട്. ഇതിൽ വേണ്ട നടപടികളുണ്ടാവുന്നുണ്ടെന്നും കുറ്റക്കാർ അറസ്റ്റിലാവുകയും ചെയ്യുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്താനും ശ്രദ്ധിക്കുന്നുണ്ട്. ഫേക് ഐ.ഡികളിൽ നിന്നു വരുന്നതു പലതും അവഗണിക്കാറാണ് പതിവ്, എന്നാൽ സ്ത്രീകളായതുകൊണ്ട് മാത്രം അതിക്രമിക്കുന്നവരുടെ എണ്ണം കൂടുതലായി വരുന്നു.
സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചും നിയമങ്ങളെകുറിച്ചുമെല്ലാം കോളജുകൾ, ഗ്രന്ഥശാലകൾ, റെസിഡൻസ് കോളനികൾ തുടങ്ങിയവ കേന്ദ്രീകരിച്ച് അവബോധം നൽകുന്നതിനായി യുവജന കമീഷൻ പ്രത്യേക പദ്ധതി തന്നെ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്.
യഥാർഥത്തിൽ സാധ്യതകളുടെ വിശാലലോകമാണ് സൈബറിടം. നമ്മുടെ കഴിവുകളും ചിന്തകളുമെല്ലാം ആശയങ്ങളും അഭിപ്രായങ്ങളും പ്രതിഫലിപ്പിക്കാനുള്ള സർഗാത്മക ഇടം. ലോക്ഡൗൺ കാലത്തുതന്നെ നിരവധി വീട്ടമ്മമാരുൾെപ്പടെ തങ്ങളുടെ കഴിവുകളെ സംരംഭങ്ങളാക്കി മാറ്റി വിജയിപ്പിക്കുന്നതും വിപണനം ചെയ്യുന്നതും ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും നാം കണ്ടു. ചെറിയ ചെറിയ ന്യൂനതകളുണ്ടെങ്കിലും സമൂഹമാധ്യമങ്ങളുടെ സാധ്യതകളെ പോസിറ്റിവായി കാണുന്ന ഒരാളാണ് ഞാൻ. സ്വന്തം കഴിവുകളെയും സാധ്യതകളെയും ഉപയോഗിക്കാൻ സ്ത്രീകൾ മുന്നോട്ടുവരണം. ഇതിനിടയിലുണ്ടാവുന്ന മോശം അനുഭവങ്ങൾക്കെതിരെ നിയമപരമായി നീങ്ങുകയും സധൈര്യം മുന്നോട്ടുപോവുകയും വേണമെന്നാണ് ഒരു വനിതയെന്ന നിലക്കും യുവജന കമീഷൻ അധ്യക്ഷയെന്ന നിലക്കും പറയാനുള്ളത്.
നിയമപോരാട്ടം സമ്മാനിച്ചത് നിരാശ
സ്മൃതി പരുത്തിക്കാട്, മീഡിയവൺ സീനിയർ കോഓഡിനേറ്റിങ് എഡിറ്റർ
അടുത്തിടെ എനിക്കുനേരെയുണ്ടായ സൈബർ അധിക്ഷേപത്തിൽ വർഗീയതയും അശ്ലീലവും അസഹ്യമായി പരാതി നൽകിയപ്പോഴാണ് സൈബർ നിയമങ്ങൾ എത്ര ദുർബലമാണെന്ന് തിരിച്ചറിയുന്നത്. എന്‍റെ ചിത്രത്തിനൊപ്പം മറ്റൊരു ദ്വയാർഥ ചിത്രവും ചേർത്തുവെച്ചു നടത്തിയ അതിക്രമത്തിനെതിരെ പരാതിപ്പെട്ടപ്പോൾ ലഭിച്ച മറുപടി ദ്വയാർഥ ചിത്രമായതിനാൽ ഇതു ചെയ്തയാൾ ഉദ്യേശിച്ചത് അങ്ങനെ തന്നെ ആവണമെന്നില്ല എന്നും നഗ്നചിത്രമാണെങ്കിൽ മാത്രമേ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കാനാവൂ എന്നുമായിരുന്നു.
20 ദിവസമായി പരാതി നൽകിയിട്ട്, രണ്ടു തവണ പൊലീസ് അന്വേഷണത്തിനും മൊഴിയെടുക്കാനും വന്നു. പക്ഷേ, ഇതുവരെ ഒരു ചെറുവിരൽപോലും ഈ പ്രതിക്കെതിരെ അനക്കിയിട്ടില്ല. എന്തിനേറെ പറയുന്നു, അയാൾ എന്നെകുറിച്ച് പറഞ്ഞ അശ്ലീലം മുഴുവൻ അസംഖ്യം ആളുകളിപ്പോഴും കണ്ടുകൊണ്ടിരിക്കുകയാണ്.
അതിക്രമത്തിനിരയായ നടി കോടതിയിലുണ്ടായ അനുഭവം പറഞ്ഞതു കഴിഞ്ഞദിവസം നാം കേട്ടല്ലോ. അതിന്റെ അടുത്തുപോലും എത്തില്ലെങ്കിലും എന്നെ കുറിച്ചു പറഞ്ഞ അശ്ലീലവാക്കുകളും പ്രയോഗങ്ങളുമൊക്കെ പൊലീസിനു മുന്നിൽ വിവരിക്കുകയും വിശദീകരിക്കുകയും ചെയ്തപ്പോൾ പോലും വല്ലാത്ത അസ്വസ്ഥതയാണ് അനുഭവപ്പെട്ടത്.
പരാതി നൽകിയപ്പോൾ അയാൾ എവിടെയാണെന്നറിയാമോ, എന്തുചെയ്യുന്നെന്നറിയാമോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നത്. അയാളെ ഞാൻ പിടിച്ചുകൊണ്ടുകൊടുക്കണമെന്ന മട്ടിൽ. വെറുമൊരു കാലാളായ അയാളെ പോലും പിടിക്കാൻ കഴിയാത്തത്ര ദുർബലമാണോ നമ്മുടെ സംവിധാനങ്ങൾ? ആർക്കും എന്തും ആർക്കെതിരെയും വിളിച്ചു പറയാമെന്ന സ്ഥിതി വന്നിരിക്കുന്നു.
അന്വേഷണ സംഘത്തിനു പോലും സൈബർ മേഖലയിലെ പല കാര്യങ്ങളെ കുറിച്ചും വലിയ പിടിയില്ലെന്നതാണ് ഞാൻ മനസ്സിലാക്കിയ മറ്റൊരു കാര്യം. നമ്മൾ അവർക്ക് ക്ലാസെടുക്കേണ്ട ഗതികേടാണ്. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയില്ല ഇക്കാര്യത്തിൽ.
ഫേസ്ബുക്കിലെ ഫേക് ഐഡികളിൽനിന്നു വരുന്ന അശ്ലീല കമൻറുകളും അധിക്ഷേപങ്ങളും നോക്കിനിന്നാൽ അതിനേ നേരം കാണൂ. അതുകൊണ്ടുതന്നെ അവഗണിക്കാറാണ് പതിവ്. എല്ലാ പരിധിയും വിട്ടപ്പോഴാണ്, നിയമപരമായി മുന്നോട്ടുപോയാൽ ഒരാൾക്കെങ്കിലും ബോധമുദിച്ചെങ്കിലോ എന്ന ധാരണയിൽ കേസു നൽകിയത്. പക്ഷേ, നിരാശയായിരുന്നു ഫലം.
നിയമപോരാട്ടം മാത്രമാണ് മാർഗം
ഡോ. പാട്ടത്തിൽ ധന്യ മേനോൻ, സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ
സമൂഹമാധ്യമങ്ങളിൽ ഇടപെടൽ നടത്തുമ്പോൾ നമുക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധമുള്ള കാര്യങ്ങളുണ്ടായാൽ അതിനെതിരെ പ്രതികരിക്കുക എന്നതാണ് പ്രധാനം. എന്നാൽ, ആ പ്രതികരണ രീതി എങ്ങനെയായിരിക്കണമെന്നത് അതിലേറെ പ്രധാനമാണ്.
നമുക്കെതിരെ എന്തു വൃത്തികേടും വിളിച്ചുപറയാൻ ആരെയും അനുവദിക്കില്ല എന്ന ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. ഇത്തരം നിലപാടിനൊപ്പം തന്നെ നിയമ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. എന്നാൽ, പലപ്പോഴും ആക്രമി ഒന്നു പറയുമ്പോൾ ഇപ്പുറത്തുള്ളയാൾ രണ്ടെണ്ണം തിരിച്ചുപറയുന്ന സ്ഥിതിയാണുള്ളത്. ഇത്തരം വാദപ്രതിവാദങ്ങൾ പരിധിവിട്ടു കഴിയുമ്പോഴാണ് പലരും നിയമപരമായ പരിഹാരം തേടിയെത്തുന്നത്. ഇത്തരം സാഹചര്യങ്ങളിൽ നിയമനടപടികൾക്ക് പരിമിതിയുണ്ട്. സമൂഹമാധ്യമങ്ങളിൽ നമുക്കെതിരെ ആരെങ്കിലും തെറി പറഞ്ഞാൽ, ലൈംഗിക ചുവയോടെയോ മോശമായോ കമൻറിട്ടാൽ അതിനെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കുന്നതിനുപകരം കേസുമായി മുന്നോട്ടുപോവുക.
വ്യക്തിപരമായി ഇൻബോക്സിൽ ലഭിക്കുന്ന സന്ദേശങ്ങളുടെ അർഥവ്യാപ്തി പലർക്കും പലതാണ്. നിങ്ങൾ സുന്ദരിയാണ് എന്നു പറയുമ്പോൾ അതൊരു അഭിനന്ദനമായി മാത്രമേ ചിലർ എടുക്കൂ. എന്നാൽ, വ്യക്തികൾക്കും സാഹചര്യങ്ങൾക്കുമനുസരിച്ച് ഈ പ്രയോഗത്തിന്റെ ഉദ്ദേശ്യം മാറിയേക്കാം. ഇതു തീർത്തും ആപേക്ഷികമാണ്. സമാനരീതിയിൽ സൈബർ അധിക്ഷേപമെന്നതും ആപേക്ഷികമാണ്. നമ്മുടെ സഹിഷ്ണുതാ തലം, സ്വീകാര്യതാ തലം ഒക്കെ അനുസരിച്ചിരിക്കും ഇത്. ഈ തലം വിട്ടുള്ള പ്രതികരണങ്ങൾ കേൾക്കുകയാണെങ്കിൽ തീർച്ചയായും പ്രതികരിക്കണം.
സൈബർ ഇടങ്ങളിലെ കുറ്റകൃത്യങ്ങൾക്കുമേൽ കൃത്യമായ ഇടപെടലുകളുണ്ടാവുന്നില്ല എന്ന് നമുക്ക് സാമാന്യവത്കരിക്കാനാവില്ല, പൊതുവേയുള്ള നമ്മുടെ നിയമസംവിധാനത്തിലെ മെല്ലെപ്പോക്കും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ട സംവേദനക്ഷമതയുടെ കുറവും സൈബർ കേസുകളുടെ കാര്യത്തിലും പ്രതിഫലിക്കുന്നു എന്നു മാത്രം. സംവിധാനം കൂടുതൽ ഫലപ്രദമാവാൻ എല്ലാവരും ഒത്തൊരുമിച്ചുള്ള പോരാട്ടം നടത്തേണ്ടതുണ്ട്.
ഫേക് ഐഡികളിൽനിന്നും എന്തു ചെയ്താലും പിടിക്കപ്പെടില്ല എന്ന ധൈര്യത്തിൽ തോന്നിയതു പോലെ പ്രവർത്തിക്കുന്നവരുണ്ട്. എന്നാൽ, എന്തെങ്കിലും കൃത്യമായ ഒരു ക്രെഡൻഷ്യൽ എങ്കിലും നൽകാതെ ഒരു ഫേക് ഐഡിയും സൃഷ്ടിക്കാനാവില്ല. ആരാണിതിനു പിന്നിൽ എന്നു കണ്ടുപിടിക്കാനുള്ള സാങ്കേതിക വിദ്യയൊക്കെ ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ അതിക്രമം നേരിട്ടയാൾ ഒരു ഘട്ടത്തിലും തളർന്നു പിന്മാറാതെ, വിജയം കാണും വരെ നിയമപോരാട്ടം തുടരുക എന്നതാണ് പ്രധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.