ഇളം കൈകൾ കോരിയെടുത്തത് മൂന്ന് ജീവിതങ്ങൾ: ദേശീയ അംഗീകാര നിറവിൽ ശീതൾ
text_fieldsപയ്യന്നൂർ: കുളത്തിലെ കയത്തിലേക്ക് മൂന്നുപേർ മുങ്ങിത്താഴുമ്പോൾ ധൈര്യത്തിന്റെ കൈകളായെത്തി കരകയറ്റിയ ശീതൾ ശശിക്ക് ദേശീയ അംഗീകാരം. കടന്നപ്പള്ളി പുത്തൂർകുന്നിലെ പാറയിൽ ശശിയുടെയും ഷീജയുടെയും മകൾ പതിമൂന്നുകാരിയായ ശീതളിന്റെ ധീരതക്കാണ് 2021-22 വർഷത്തെ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന്റെ ദേശീയ അവാർഡ് തേടിയെത്തിയത്.
2021 ജൂലൈയിലാണ് ശീതൾ സ്വന്തം സഹോദരിയുടെയും മാതൃസഹോദരിയുടെയും അവരുടെ കുട്ടിയുടെയും ജീവൻ രക്ഷിച്ച് നാടിന്റെ അഭിമാനമായത്. കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ട പ്രിയപ്പെട്ടവരെ അതിസാഹസികമായി രക്ഷിക്കാൻ അസാമാന്യ ധൈര്യം കാണിച്ച ശീതൾ ശശിയെ തേടി അന്നുതന്നെ അഭിനന്ദനപ്രവാഹമായിരുന്നു.
ഏഴിലോട് പുറച്ചേരിയിലുള്ള ഇളയമ്മയുടെ വീട്ടിലെത്തിയതായിരുന്നു ശീതളും മൂത്ത സഹോദരി ശിൽപയും. ഇവിടെ നിന്ന് വീടിന് സമീപത്തെ കുളത്തിൽ കുളിക്കാൻ പോയതായിരുന്നു ശീതളും സഹോദരി ശിൽപയും ഇളയമ്മയും ഇളയമ്മയുടെ മകളും. കുളത്തിൽ നീന്തുന്നതിനിടെ ശിൽപയും ചെറിയ കുട്ടിയും അപകടത്തിൽപെട്ടു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇളയമ്മയും മുങ്ങിത്താണത്.
ഈ സമയത്ത് കുളത്തിലുണ്ടായിരുന്ന ശീതൾ നീന്തൽ പഠിക്കാൻ ഉപയോഗിക്കുന്ന ഉപകരണവുമായി പോയി മൂവരെയും അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. അപകടം ഉണ്ടായപ്പോൾ പകച്ചുനിൽക്കാതെ സധൈര്യം രക്ഷാപ്രവർത്തനം നടത്തിയ ശീതളിന്റെ പിഞ്ചു കൈകൾ പിടിച്ചുകയറ്റിയത് മൂന്ന് ജീവനുകളാണ്.
കടന്നപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂൾ എട്ടാം തരം വിദ്യാർഥിനിയാണ് ഈ മിടുക്കി. സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റു കൂടിയാണ്. ചെറുപ്പത്തിലേ ലഭിച്ച പൊലീസ് പരിശീലനവും ശീതളിന്റെ ഇളംമനസ്സിലെ സഹജീവി സ്നേഹവും ആത്മധൈര്യം വർധിക്കാൻ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.