മുംതാസിന്റെ പ്രസംഗ മികവിന് കൈയടിച്ച് പ്രധാനമന്ത്രി
text_fieldsദേശീയ യൂത്ത് പാര്‍ലമെൻറിലെ പ്രസംഗ മികവിന് പ്രധാനമന്ത്രിയുടെ കൈയടി നേടി മലയാളി ബിരുദവിദ്യാർഥിനി. ഈരാറ്റുപേട്ട അരുവിത്തുറ സെൻറ് ജോർജ് കോളജിലെ മൂന്നാം വർഷ ഇംഗ്ലീഷ് വിഭാഗം വിദ്യാർഥിനിയും പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനിയുമായ എസ്. മുംതാസാണ് കേരളത്തിന് അഭിമാനമായത്. മുംതാസിെൻറ പ്രസംഗമികവിനെ പുകഴ്ത്തിയ മോദി പ്രസംഗ വിഡിയോയും ട്വീറ്റ് ചെയ്തു. ഡൽഹിയിലായിരുന്നു ദേശീയ യൂത്ത് പാർലമെൻറ്.
ജനുവരി അഞ്ചിന് നടന്ന സംസ്ഥാനതല യൂത്ത് പാര്‍ലമെൻറിൽ ഒന്നാമതെത്തിയതോടെയാണ് ഇന്ത്യൻ പാർലമെൻറിലെ സെൻട്രൽ ഹാളിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. മുംതാസാണ് കേരളത്തെ പ്രതിനിധാനം ചെയ്ത് പ്രസംഗിച്ചത്. കേരളത്തെ പ്രതിനിധാനം ചെയ്ത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനും അവസരം ലഭിക്കും. നെഹ്റു യുവകേന്ദ്രയും നാഷനല്‍ സര്‍വിസ് സ്കീമും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
വിദ്യാർഥിനിയുടെ മികവിലൂടെ അരുവിത്തുറ കോളജിന് അംഗീകാരം ലഭിച്ചതിന്റെ സന്തോഷം കോളജ് മാനേജർ ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ മുംതാസിനെ ഫോണിൽ അറിയിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടനും കോഴ്സ് കോഓഡിനേറ്ററും ബർസാറുമായ ഫാ. ജോർജ് പുല്ലുകാലായിലും അഭിനന്ദനം അറിയിച്ചു. നേരത്തേ മഹാത്മഗാന്ധി സർവകലാശാലയിലെ മികച്ച എൻ.എസ്.എസ് വളൻറിയറായും മുംതാസ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എം.ഇ. ഷാജി-റഷീദ ദമ്പതികളുടെ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.