യുവാക്കൾ കൈകോർത്തു; സുനിതക്ക് വീടായി, വിവാഹ ജീവിതവും
text_fieldsഅനാഥ യുവതിക്ക് താങ്ങും തണലുമായി പ്രവർത്തിച്ച് തരൂർ കോഴിക്കാടിലെ ചെറുപ്പക്കാർ നാടിന് മാതൃകയായി. മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് അനാഥയായ സുനിതക്ക് വീടും വിവാഹവും ഒരുക്കിയാണ് നാട്ടിലെ യുവാക്കൾ മാതൃകയായത്.
കോഴിക്കാടിലെ കുഞ്ചു-കല്യാണി ദമ്പതികളുടെ ഏക മകളായിരുന്നു സുനിത. എട്ടുവർഷം മുമ്പ് കുഞ്ചുവും ഏഴുവർഷം മുമ്പ് കല്യാണിയും മരിച്ചതോടെ സുനിത അനാഥയായി. പരിസരവാസികളുടെ സഹായത്തിലും സംരക്ഷണത്തിലും സുരക്ഷിതയായി സുനിത കഴിഞ്ഞുവന്നു. വീട് നിർമിക്കാൻ സർക്കാർ രണ്ടുലക്ഷം രൂപ അനുവദിച്ചു.
പണിതീരാത്ത ആ വീട്ടിലായിരുന്നു സുനിത താമസിച്ചിരുന്നത്. ഇതിനിടെ സുനിതയുടെ അനാഥത്വം മനസ്സിലാക്കിയ അത്തിപ്പൊറ്റ ഒറവിങ്കലിലെ നിർമാണ തൊഴിലാളിയായ പ്രകാശ് സുനിതയെ വിവാഹം കഴിക്കാൻ സന്നദ്ധത അറിയിച്ചത് നാട്ടുകാർ അംഗീകരിച്ചു. തുടർന്ന് ഇതിെൻറ നടത്തിപ്പിനായുള്ള ആലോചനകൾ കോഴിക്കാട്ടിലുള്ള ചലഞ്ചേഴ്സ് ക്ലബ് ഏറ്റെടുത്തു.
ആദ്യപടിയായി എഴുപതോളം അംഗങ്ങളുള്ള ക്ലബ് വാട്സ്ആപ് ഗ്രൂപ്പിൽ കാര്യം അവതരിപ്പിച്ച് ഗ്രൂപ് അംഗങ്ങളായ സുനിൽ, ഷറഫുദ്ദീൻ, അഖിൽ, ഷാഫിക്, അഷറഫ്, ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ തുടങ്ങി.
അവിടന്നങ്ങോട്ട് മുന്നിട്ടിറങ്ങിയവരെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോയത്. പോസ്റ്റിട്ട് മണിക്കൂറുകൾകൊണ്ട് തന്നേ ഗ്രൂപ്പിലെ ഗൾഫ് പ്രവാസികൾ സംഖ്യകൾ വാഗ്ദാനം ചെയ്തുതുടങ്ങി. പിന്നീടുള്ള ദിവസങ്ങളിൽ നാട്ടിലെ ആളുകളുടെ പങ്കാളിത്തം കൂടി ആയതോടെ കാര്യങ്ങൾ വേഗത്തിലായി.
ചെന്നൈയിൽ ജോലി നോക്കുന്ന വാസുദേവെൻറ ശ്രമഫലമായി കൊൽക്കത്ത, ബംഗളൂരു, അമേരിക്ക, കാനഡ എന്നിവിടങ്ങളിലുള്ള തരൂർകാരുടെ കൂടി സഹായമെത്തി. തരൂരിലെ ടി.കെ. ദാമോദരൻ കുട്ടി, എ.യു.പി സ്കൂൾ പ്രധാനാധ്യാപിക ശാന്തി ടീച്ചർ എന്നിവരും സാമ്പത്തിക സഹായം ചെയ്തു കൊടുത്തു. കഴിഞ്ഞദിവസം സുനിതയുടെ വിവാഹവും ഇവരുടെ നേതൃത്വത്തിൽ നടത്തി. ലഭ്യമായ സംഖ്യയിൽ മിച്ചംവരുന്നത് സുനിതയുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ച് നൽകാനും കൂട്ടായ്മ തീരുമാനിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.