ഹിജാബണിഞ്ഞ് ബഹിരാകാശത്തേക്ക് കുതിക്കാൻ സൈനബ് ആസിം
text_fieldsദുബൈ: ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും ഹിജാബ് വിലക്കപ്പെടുമ്പോൾ ഹിജാബ് ധരിച്ച് ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുകയാണ് കനേഡിയൻ പെൺകുട്ടി സൈനബ് ആസിം. ആദ്യ ഹിജാബി സ്പേസ് ടൂറിസ്റ്റാകാനാണ് 19കാരിയായ സൈനബിന്റെ ലക്ഷ്യം.
അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദുബൈ എക്സ്പോയിലും സൈനബ് എത്തി. 'വനിതകളും പെൺകുട്ടികളും ശാസ്ത്രരംഗത്ത്' എന്ന വിഷയത്തിൽ സംസാരിക്കാനാണ് സൈനബ് ആസിം എക്സ്പോയിലെത്തിയത്. പാകിസ്താൻ വംശജയാണെങ്കിലും സൈനബും കുടുംബവും ഇപ്പോൾ കനേഡിയൻ പൗരൻമാരാണ്.
11 വയസ്സ് തികഞ്ഞപ്പോൾ പിതാവ് സമ്മാനമായി നൽകിയ തുക ഉപയോഗിച്ചാണ് ബഹിരാകാശ യാത്രക്ക് ഒരുങ്ങുന്നത്. രണ്ടരലക്ഷം ഡോളർ ചെലവിട്ട് ബഹിരാകാശത്തേക്ക് വിനോദസഞ്ചാരികളെ എത്തിക്കുന്ന വെർജിൻ ഗലാക്ടിക്കിലാണ് സൈനബ് കുതിക്കുന്നത്. തന്റെ യാത്ര നിരവധി വനിതകൾക്ക് പ്രചോദനമാകുമെന്നാണ് അവളുടെ വിശ്വാസം. ചെറുപ്രായത്തിൽ തന്നെ ബഹിരാകാശ ഗവേഷത്തിൽ താൽപര്യം കാണിച്ചിരുന്നു.
ടൊറന്റോ സർവകലാശാലയിൽ ന്യൂറോ സയൻസ് വിദ്യാർഥിയാണ് ഇവരിപ്പോൾ. ബഹിരാകാശയാത്രക്കുള്ള തീയതി കാത്തിരിക്കുകയാണ് സൈനബ്. ഹിജാബ് ധരിച്ച് ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ വനിത താനായിരിക്കുമെങ്കിലും ബഹിരാകാശത്തെത്തുന്ന ആദ്യ മുസ്ലിം വനിത താനല്ലെന്ന് സൈനബ് ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയിലെ ഇറാൻ വംശജയായ അനുഷേ അൻസാരി സ്പേസ് സ്റ്റേഷനിലേക്ക് യാത്ര നടത്തിയിട്ടുണ്ട്. യു.എ.ഇയുടെ വനിതാ ആസ്ട്രനോട്ട് നൂറ അൽ മത്റൂഷി ബഹിരാകാശത്ത് എത്തുന്ന ആദ്യ അറബ് വനിതയാകുനുള്ള തയാറെടുപ്പിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.