അമിത ജോലിഭാരവും ഉറക്കമില്ലായ്മയും മോശം ഡയറ്റും ആശുപത്രിക്കിടക്കയിലാക്കി; 25കാരന്റെ കുറിപ്പ് വൈറൽ
text_fieldsഐ.ടി മേഖലയിൽ കഠിനാധ്വാനം കൊണ്ട് വിജയകരമായ കരിയർ കെട്ടിപ്പടുത്ത വ്യക്തിയാണ് കൃതാർഥ് മിത്തൽ. സോഫ്റ്റ് വെയർ ഡെവലപ്പറും സോഷൽസ് സ്ഥാപകനുമാണ് ഈ 25കാരൻ. എന്നാൽ ഈ നേട്ടത്തിന് വലിയ വിലകൊടുക്കേണ്ടി വന്നു. കഠിനാധ്വാനിയായ കൃതാർഥ് രാവ് പകലാക്കിയാണ് തന്റെ സ്വപ്നങ്ങൾ പൂവണിയിച്ചത്. അതോടെ ഉറക്കമില്ലായ്മ ശീലമായി. ഡയറ്റ് നിത്യജീവിതത്തിൽ നിന്ന് അകന്നുപോയി. വിശ്രമമില്ലാത്ത ജീവിതം അധികം വൈകാതെ ഇദ്ദേഹത്തെ രോഗക്കിടക്കയിലാക്കി മാറ്റുകയും ചെയ്തു.
സത്യത്തിൽ കോളജ് കാലം തൊട്ടേ ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടങ്ങിയിരുന്നു കൃതാർഥ്. വളരുംതോറും അദ്ദേഹത്തിന്റെ ശാരീരിക ക്ഷമതയും നഷ്ടമായിത്തുടങ്ങി. ശരീരം ഓരോരോ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയപ്പോഴൊക്കെ അവഗണിച്ചു. ആരോഗ്യം നഷ്ടപ്പെടുത്തിയിട്ടാണ് വലിയ വിജയം നേടിയതെന്ന തിരിച്ചറിവാണ് കൃതാർഥ് കുറിപ്പിൽ പങ്കുവെക്കുന്നത്. ചെന്നൈയിലെ എസ്.ആർ.എം യൂനിവേഴ്സിറ്റിയിൽ നിന്ന് 2020ലാണ് കൃതാർഥ് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയത്.
ഒരിക്കലും ഉറക്കം നഷ്ടപ്പെടുത്തരുത്, കൃത്യമായ ഭക്ഷണചിട്ടയും ഉണ്ടായിരിക്കണം.- ടെക് കമ്മ്യൂണിറ്റിക്ക് നൽകാനുള്ള ഉപദേശവും അതാണ്. പലരും പോസ്റ്റിന് പ്രതികരണമായി സ്വന്തം അനുഭവങ്ങൾ തന്നെയാണ് പങ്കുവെച്ചത്.
ജോലിയെ പോലെ പ്രധാനമാണ് വിശ്രമമെന്നും ശരീരം നൽകുന്ന ലക്ഷണങ്ങൾ അവഗണിക്കരുതെന്നും ചിലർ കുറിച്ചു. രാത്രി 10 മണിക്കു ശേഷവും പുലർച്ചെയും താൻ ഫോണിൽ സംസാരിക്കുന്നത് നിർത്തിയെന്നാണ് ഒരാൾ പങ്കുവെച്ചത്.
ഹോസ്പിറ്റലിൽ കിടക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് കൃതാർഥ് കുറിപ്പിട്ടത്. രണ്ടുദിവസമായി ആശുപത്രിയിലാണെന്നും ഇപ്പോൾ ആശ്വാസം തോന്നുന്നുവെന്നും തന്റെ ജീവിത രീതി അടിമുടി മാറ്റിപ്പണിയേണ്ടതുണ്ടെന്നും അദ്ദേഹം എഴുതി. ജിമ്മിൽ പോകുന്നത് ശീലമാക്കണം, ജീവിത ശൈലിയിൽ കൂടുതൽ അച്ചടക്കം കൊണ്ടുവരണം എന്നൊക്കെ പദ്ധതികളുണ്ടെങ്കിലും ഇത് പ്രായോഗികമാക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും കൃതാർഥ് സമ്മതിക്കുന്നുമുണ്ട്. ജോലിയും ജീവിതവും ബാലൻസ് ചെയ്ത് കൊണ്ടുപോവുക എന്നതാണ് ടെക് സമൂഹം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി. നിരന്തരമായുള്ള ശരീര വേദനയും ശരീരത്തിലെ ഇരുണ്ട വലയങ്ങളുമായിരുന്നു ആരോഗ്യം മോശമാവുകയാണെന്ന് ശരീരം കാണിച്ചു തന്ന സിഗ്നലുകൾ എന്നും കൃതാർഥ് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.