81ന്റെ മധുരമുത്തം; കുടുംബത്തിലെ 84 പേരും സാക്ഷി
text_fields81 വർഷം നീണ്ട കൂട്ടുജീവിതത്തിന്റെ സ്മരണയിൽ 103കാരൻ ആന്റണി 98 വയസ്സുള്ള ക്ലാരമ്മക്ക് സ്നേഹത്തോടെ കേക്ക് മുറിച്ചുനൽകി. ഒപ്പം കവിളിൽ ഒരു മുത്തവും. അതിന് സാക്ഷിയാകാൻ നാങ്കുതൊടി പള്ളിയിലെ പാരിഷ് ഹാളിൽ മക്കളും പേരക്കുട്ടികളും അടക്കം പൗവത്ത് കുടുംബത്തിലെ 84 പേരും സന്നിഹിതരായി.
ഇരട്ടയാർ നാങ്കുതൊട്ടി പൗവത്ത് പി.വി. ആന്റണിയുടെയും (പാപ്പച്ചൻ) ഭാര്യ ക്ലാരമ്മയുടെയും 81ാം വിവാഹ വാർഷികമായിരുന്നു ബുധനാഴ്ച. മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന കുടുംബം ആഘോഷം കെങ്കേമമാക്കി. നാലാം തലമുറയിലെ നാലുമാസം പ്രായമുള്ള ഇളമുറക്കാരിയെക്കൊണ്ട് മുത്തച്ഛനും മുത്തശ്ശിക്കും റോസാപ്പൂക്കൾ നൽകി.
തുടർന്ന് ആന്റണി കേക്ക് മുറിച്ച് ക്ലാരമ്മക്ക് നൽകി. ഒപ്പം മുത്തവും. രാവിലെ 10.30ന് പള്ളിയിൽ കുർബാന അർപ്പിച്ചശേഷം നടന്ന അനുമോദന യോഗത്തിൽ അയൽവാസികളും ബന്ധുക്കളും പങ്കെടുത്തു.
1943 ഫെബ്രുവരി എട്ടിനായിരുന്നു ആന്റണി ക്ലാരമ്മയെ മിന്നുചാർത്തിയത്. 1959ലായിരുന്നു ഇരുവരും ഹൈറേഞ്ചിലേക്ക് കുടിയേറിയത്. കാട്ടാനകളുടെ ശല്യം കാരണം മൂന്നുവർഷം ഇവർ താമസിച്ചത് ഇരട്ടയാർ നങ്കുതൊട്ടിക്ക് സമീപം വൃക്ഷത്തിന് മുകളിൽ നിർമിച്ച ഏറുമാടത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.