വേദിയിൽ നിറഞ്ഞാടി അമ്മയും മരുമക്കളുമടങ്ങുന്ന നൃത്തസംഘം
text_fieldsവണ്ടൂർ: അമ്മക്കൊപ്പം രണ്ട് മരുമക്കളും ചിലങ്കയണിഞ്ഞ് ഒരേ വേദിയിൽ ചുവടുവെച്ചത് വേറിട്ട കാഴ്ചയായി. നടുവത്ത് ഈശ്വരമംഗലം ശിവക്ഷേത്രോത്സവത്തിലാണ് എട്ട് പേരടങ്ങുന്ന വീട്ടമ്മമാർ സെമി ക്ലാസിക്കൽ സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ് അവതരിപ്പിച്ചത്. ഇതിൽ മൂന്നുപേർ ഒഴികെ ബാക്കിയെല്ലാവരും 40 വയസ്സിനു മുകളിലുള്ളവരാണ്. ചെറുപ്പക്കാരികളെ പോലും പിന്നിലാക്കുന്ന പ്രകടനമാണ് ഈ എട്ടംഗസംഘം വേദിയിൽ കാഴ്ചവെച്ചത്.
57 വയസ്സുകാരി രാധ വേണുഗോപാൽ, മരുമക്കളായ ചിത്ര വിനോദ്, പടവെട്ടി ആതിര മിഥുൻ എന്നിവരാണ് ക്ലാസിക്കൽ നൃത്തവും വീട്ടുകാര്യമാക്കി മാറ്റുന്നത്. രാധ വേണുഗോപാലിനു പുറമേ കൂട്ടായ്മയിലെ നളിനി മനോഹരൻ, ഇന്ദു ഗംഗാധരൻ എന്നിവരും ആദ്യമായാണ് ചിലങ്കയണിയുന്നത്. പ്രദേശത്തെ നൃത്ത അധ്യാപികയായ പാർവതി ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് മായ, ദീപാ നരേന്ദ്രൻ അടക്കമുള്ള കൂട്ടായ്മ വേദിയിൽ എത്തിയത്.
ഭരതനാട്യത്തിൽ വ്യത്യസ്ത പാട്ടുകൾക്ക് 10 മിനിറ്റോളം സമയമെടുത്താണ് സംഘം തകർത്താടിയത്.
ഒരു മാസത്തിനിടെ വളരെ കുറഞ്ഞ സമയമെടുത്തുള്ള പരിശീലനത്തിന്റെ പിൻബലത്തിലാണ് ഇവരുടെ മികച്ച പ്രകടനമെന്നതും പ്രത്യേകതയാണ്. തുടർന്നും ചുവടുകളുമായി മുന്നേറാനാണ് ഈ കലാ കുടുംബങ്ങളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.