നാടാകെ തെരുവുനായ് വിഷയം കത്തിക്കയറുമ്പോൾ സി.എം.എസിന്‍റെ അരുമകളായി മൂവർ സംഘം
text_fieldsകോട്ടയം: സംസ്ഥാനം മുഴുവൻ തെരുവുനായ് വിഷയം കത്തിക്കയറുമ്പോൾ ഇതൊന്നുമറിയാതെ സി.എം.എസ് കോളജ് കാമ്പസിൽ വിലസി നടക്കുകയാണ് ലക്കിയും കുക്കിയും മിക്കിയും. കോളജിലെ ആയിരക്കണക്കിന് വിദ്യാർഥികളുടെയും അധ്യാപകരുടെയും കണ്ണിലുണ്ണികളാണ് ഈ നായ്ക്കൾ. പകൽ വിദ്യാർഥികൾക്കൊപ്പം കൂട്ടുകൂടിയും രാത്രി കോളജിന് കാവലിരുന്നും ഇവർ സി.എം.എസിന്‍റെ സ്വന്തമായി. പേവിഷബാധയുടെ ഭീതിയുള്ളതിനാൽ കഴിഞ്ഞ ദിവസം മൂന്ന് നായ്ക്കൾക്കും വാക്സിനെടുത്തു. ലൈസൻസിനും അപേക്ഷിച്ചിട്ടുണ്ട്.
ഏഴു ദിവസത്തിനകം ലൈസൻസ് കിട്ടും. മൂന്നുവർഷമായി ഇവർ കാമ്പസിന്‍റെ ഭാഗമായിട്ട്. കോവിഡ് കാലത്ത് കോളജ് വളപ്പിൽ ജനിച്ചു വീണതാണ് മൂവരും. വിശന്നുള്ള കരച്ചിൽ കേട്ട് ചരിത്രവിഭാഗം അസി. പ്രഫ. സുമി മേരി തോമസ് ഭക്ഷണം നൽകിത്തുടങ്ങി. ഇപ്പോൾ അധ്യാപകരും വിദ്യാർഥികളുമെല്ലാം ഭക്ഷണം നൽകും. മിക്കവാറും സമയങ്ങളിലും ഗേറ്റിനരികെ ഉണ്ടാവും ഇവർ. കുട്ടികളിൽ പലരും ഇവരുടെ അടുത്തെത്തി ഓമനിച്ചിട്ടേ പോകൂ.
ഏറ്റവുമടുപ്പം അധ്യാപിക സുമിയോടുതന്നെ. രാവിലെ ടീച്ചറുടെ കാർ വരുന്നതു കാണുമ്പോൾ തന്നെ ഇവർ പിറകെ ഓടിയെത്തും. ഡോർ തുറന്നു പുറത്തിറങ്ങിയാൽ ചാടിക്കയറി സ്നേഹം പ്രകടിപ്പിക്കലായി. സ്റ്റാഫ് റൂം വരെ ടീച്ചറെ അനുഗമിക്കും. കോളജിനകത്ത് ടീച്ചർ എവിടെത്തിരിഞ്ഞാലും ഇവരുടെ അകമ്പടിയുണ്ടാവും. കുട്ടികളെ ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. ഒരിക്കൽ ഒരു നായ് ക്ലാസ് മുറിയിൽ കയറിയുറങ്ങി.
വിവരമറിയാതെ ജീവനക്കാർ ക്ലാസ് മുറി പുറത്തുനിന്നു പൂട്ടി. പിറ്റേദിവസം ക്ലാസ് തുറക്കുന്നതുവരെ നായ് ശാന്തനായിരുന്നു. മറ്റു നായ്ക്കളെ കണ്ടാലും ഇവർ ഗേറ്റിന് പുറത്തുപോകാറില്ല. നായ്ക്കളെ അകത്തു കയറ്റുകയുമില്ല. രാത്രി ഗേറ്റിൽ കാവൽ കിടക്കും.
എന്തെങ്കിലും ശബ്ദം കേട്ടാലുടനെ കുരച്ചുബഹളംവെക്കും. അതുകൊണ്ടുതന്നെ സെക്യൂരിറ്റി ജീവനക്കാർക്കും രാത്രി ഇവർ കൂട്ടാണ്. തെരുവുനായ് ആക്രമണം വ്യാപകമായതോടെയാണ് പ്രിൻസിപ്പൽ ജോഷ്വാ സി. വർഗീസ് ഇടപെട്ട് നായ്ക്കൾക്ക് വാക്സിനെടുക്കാൻ തീരുമാനിച്ചത്. പുറത്ത് തെരുവുനായ്ക്കൾ ആളുകളെ കടിച്ചുകുടയുമ്പോൾ കോളജിനകത്ത് എല്ലാവരുടെയും അരുമകളായി കഴിയുകയാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.