സ്വപ്നങ്ങൾ വിളവെടുക്കുന്നവർ
text_fieldsവീൽചെയർ സൗഹൃദ ജൈവകൃഷി രംഗത്ത് ഒരു എബിലിറ്റി മാതൃക
സ്വന്തമായി ജോലിചെയ്യാനും കൃഷിചെയ്യാനും ആഗ്രഹമില്ലാത്തവരല്ല അരക്കുതാഴെ തളർന്ന് വീൽചെയറിനൊപ്പം ജീവിക്കുന്ന ഭിന്നശേഷിക്കാർ. തങ്ങൾക്ക് കിട്ടുന്ന അനുകൂല സാഹചര്യങ്ങൾ പരാമവധി ഉപയോഗപ്പെടുത്താൻ എന്നും അവർ മുന്നിലുണ്ടാകും. അവരുടെ ഓരോ സ്വപ്നങ്ങളും നെയ്തെടുക്കാൻ സമൂഹം കൂടെനിന്നാൽ മാത്രംമതി. സ്വന്തമായി കൃഷിചെയ്യുകയെന്ന അവരുടെ വലിയൊരു ആഗ്രഹം സഫലമായിരിക്കുകയാണ് പുളിക്കൽ എബിലിറ്റി കാമ്പസിലെ പുതിയ പദ്ധതിയിലൂടെ. സ്വന്തം ആവശ്യത്തിനും കുടുംബത്തിനുമുള്ള വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ ഭിന്നശേഷിക്കാരുടെ കർമശേഷി പരിപോഷിപ്പിക്കുക എന്നലക്ഷ്യത്തോടെ തുടങ്ങിയ ‘വീൽചെയർ സൗഹൃദ കൃഷിയിട’മാണ് സ്നേഹത്തിന്‍റെ വിളവെടുപ്പിനായി കാത്തുനിൽക്കുന്നത്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന എബിലിറ്റി ഫൗണ്ടേഷന്‍റെ മറ്റൊരു മാതൃക പദ്ധതിയായി മാറുകയാണ് വീൽചെയർ സൗഹൃദ കൃഷിയിടം.
ഇനി തളരാതെ തളിരിടാം...
അരക്കുതാഴെ ചലനശേഷി നഷ്ടമായവർക്ക് ചക്രക്കസേരയിലിരുന്ന് കൃഷിചെയ്യുന്നതിന്ന് എല്ലാ സഹായവും നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. ഉയർത്തിയ മൺതറകൾ, ഗ്രോ ബാഗ് എന്നിവകളിൽ ഇവർക്ക് കൃഷിനടൽ, വളംചെയ്യൽ, വിത്തുപാകൽ, നന, ചെടി പരിപാലനം എന്നിവക്ക് എബിലിറ്റി കാമ്പസിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഓരോ ബെഡിന്റെയും നാലു ഭാഗത്തുകൂടിയും കൃഷിപ്പണി ചെയ്യുന്നതിനും കൃഷിക്കളത്തിലെ മറ്റു തറകളിലേക്കും ഗ്രോബാഗുകളിലേക്കും ചലിക്കുന്നതിന്നും വീൽചെയർ പാത, കൈകൊണ്ട് ഉപയോഗിക്കാവുന്ന കൃഷി ഉപകരണങ്ങൾ, ജലസേചനത്തിന് ഡ്രിപ് ഇറിഗേഷൻ സൗകര്യം എന്നിവ ഇവിടെ ഒരുക്കിയിരിക്കുന്നു.
അതിഥികൾക്കും ഒരു കൈ നോക്കാം
ഇവിടെയുള്ള അന്തേവാസികൾക്കുപുറമെ പുറത്തുനിന്ന് വരുന്ന ഭിന്നശേഷിക്കാർക്കും ഈ രംഗത്ത് പരിശീലനം നൽകാനും പദ്ധതിയുണ്ട്. കൃഷിയിലധിഷ്ഠിതമായ ഒരു പുനരധിവാസം എന്ന ദീർഘദൃഷ്ടികൂടി ഇതിനു പിന്നിലുണ്ട്. പ്രാദേശികമായി ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് ചെലവ് കുറഞ്ഞരീതിയിൽ എങ്ങനെ ഗ്രോബാഗുകൾ വെക്കാവുന്ന ബർത്ത് ഉണ്ടാക്കാമെന്നും ഇവിടെ പരിശീലനം നൽകുന്നു. മുള, കവുങ്ങ്, മരക്കമ്പ് എന്നിവ കൊണ്ട് നിർമിച്ച മാതൃകാ ബർത്ത് ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കുറ്റിക്കുരുമുളക്, ഓണക്കാലത്ത് പൂകൃഷി, സീസണൽ നെൽകൃഷി, കൂൺകൃഷി എന്നിവയും ഇവിടെ നടപ്പാക്കാൻ പദ്ധതിയുണ്ട്. പരിശീലനം നേടി വീട്ടിൽ പോകുന്നവർക്ക് ഒരു വരുമാനമാർഗമായി ജൈവകൃഷി മാറ്റുന്ന ഒരുപുനരധിവാസം കൂടി ഈ സംരംഭം ലക്ഷ്യമാക്കുന്നു.
സഹകരണം പടരണം
കൃഷിവകുപ്പ്, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിക്കാനും ഉദ്ദേശിക്കുന്നു. ഭിന്നശേഷി ശാക്തീകരണ മേഖലയിലെ മികച്ച സർക്കാറിതര സന്നദ്ധസംഘടനകളുള്ള (എൻ.ജി.ഒ) കഴിഞ്ഞ വർഷത്തെ സംസ്ഥാന സർക്കാർ അവാർഡ് ഈ സ്ഥാപനത്തിനായിരുന്നു. കൂടാതെ, സ്ഥാപനത്തിന് ഐ.എസ്.ഒ സർട്ടിഫിക്കേഷനും കഴിഞ്ഞദിവസം ലഭിച്ചിരുന്നു. കൃഷിയിൽ മാത്രമല്ല ഭിന്നശേഷിക്കാർക്കായി നിരവധി പദ്ധതികൾ നടപ്പാക്കി പ്രശംസ പിടിച്ചുപറ്റിയ സ്ഥാപനമാണ് എബിലിറ്റി. പരിമിതികളല്ല, കഴിവുകളാണ് പരിഗണിക്കപ്പെടേണ്ടത് എന്നതാണ് എബിലിറ്റിയുടെ ദർശനമെന്നും പുതിയ പദ്ധതിവഴി ഭിന്നശേഷിക്കാരായ കർഷകർക്ക് പിന്തുണ നൽകുന്നതിനായി ഉൽപാദിപ്പിക്കുന്ന മുഴുവൻ പച്ചക്കറികളും എബിലിറ്റി ഹോസ്റ്റലിലേക്ക് മാർക്കറ്റ് വിലക്ക് വാങ്ങുമെന്നും എബിലിറ്റി ചെയർമാൻ കെ. അഹമ്മദ് കുട്ടി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.