പൗരാണികതയുടെ പൈതൃകം ഷിബു അബ്ദുൽ കരീമിന്റെ വീട്
text_fieldsആലപ്പുഴ: പൗരാണികതയുടെ പൈതൃകം വിളിച്ചോതുന്ന അപൂർവയിനം വസ്തുക്കളുടെ അമൂല്യ ശേഖരങ്ങളാൽ അലങ്കൃതമാണ് ഷിബു അബ്ദുൽ കരീമിന്റെ വീട്. ആലപ്പുഴ മുനിസിപ്പൽ ഓഫിസ് വാർഡ് എസ്.കെ. വില്ലയിൽ 62കാരനായ ഷിബു അബ്ദുൽ കരീമിന് പഴയ വസ്തുക്കളോട് തോന്നിയ കമ്പമാണ് വീട് തന്നെ പൈതൃകമായി തീർത്തത്. കൊപ്രാക്കട കുടുംബാംഗമായ ഷിബു പിതാവ് അൻവറിനൊപ്പം ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് പഴയ-പൈതൃക വസ്തുക്കളോട് ഇഷ്ടം തോന്നിതുടങ്ങിയത്.
ഇതോടെ വീട് മുഴുവൻ ഇതിന്റെ ശേഖരമായി. 40 വർഷമായി ഈ ശേഖരണവും സൂക്ഷിപ്പും തുടങ്ങിയിട്ട്. സ്വർണം ആലേഖനം ചെയ്ത ഖുർആന്റെ കൈയെഴുത്ത് പ്രതി തുടങ്ങി പൗരാണികതയിലേക്ക് കാഴ്ചക്കാരെ നയിക്കുന്ന അപൂർവ ശേഖരങ്ങൾ ഇവിടെ ഉണ്ട്. വീട്ടിലേക്ക് കേറുമ്പോൾ തന്നെ വിവിധ ഇനം പഴയ ഭരണികളുടെ ശേഖരം.
കുഞ്ഞ് വിരൽ വലുപ്പത്തിലുള്ള ഓടിന്റെ സ്പൂൺ മുതൽ 15 കഷണങ്ങളാക്കി വേർപ്പെടുത്താൻ പറ്റുന്ന 150 വർഷം പഴക്കമുള്ള കൂറ്റൻ അലമാര, നൂറ്റാണ്ടുകൾ പഴക്കമുള്ള ഗൃഹോപകരണങ്ങൾ, തുരുവിതാംകൂർ രാജവംശം ഉൾപ്പെടെയുള്ളവർ സ്വർണവും ആഭരണങ്ങളും മറ്റും സൂക്ഷിക്കാൻ ഉപയോഗിച്ച മാതൃകയിലുള്ള ആഭരണപ്പെട്ടികൾ, വളവരപ്പെട്ടികൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഓട്ടു പാത്രങ്ങൾ, കിണ്ടി, മൊന്ത, ലോട്ട, ഡവറ, വാൽ കിണ്ടി, കുത്ത് വിളക്ക്, നിലവിളക്കുകൾ, വിവിധ കാലഘട്ടത്തിലുള്ള 75 ഓളം വിവിധ ഇനം മണ്ണണ്ണ വിളക്കുകൾ, പിരി വിളക്കുകൾ, തൂക്ക് വിളക്ക്, കുതിര വിളക്ക്, ആന വിളക്കുകൾ, വിവിധ തരം റാന്തൽ, സമോവർ, തളികകൾ, അടുക്ക് ചോറ്റ് പത്രങ്ങൾ, ഗ്രാമഫോൺ, ആമാട പെട്ടികൾ, പത്തായം, വിവിധ ക്ലോകുകൾ, പഴയ സോഡാകുപ്പി, വിവിധ തരം ഉരുളികൾ, വാർപ്പുകൾ, കൊളാമ്പികൾ, ചിലങ്ക, നാണയങ്ങൾ, സംഗീതോപകരണങ്ങൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അമൂല്യ ശേഖരങ്ങളാൽ സമ്പന്നമാണിവിടം.
സ്വന്തമായി ഡിസൈൻ ചെയ്ത് നിർമിച്ച വീടിനുമുണ്ട് പ്രത്യേകത. അടുക്കളയിൽ കൂറ്റൻ പുളിമരമുണ്ട്. വീട് നിർമിച്ചപ്പോൾ മരം വെട്ടി നീക്കാതെ സംരക്ഷിച്ച് അതിനെ കൂടി ഉൾക്കൊണ്ടാണ് നിർമാണം. ഭാര്യ സബീനയും മകൻ ആഷിക്കും പ്രോത്സാഹനവുമായി കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.