സ്വപ്നത്തിന് ചിറകേകാൻ സുമനസ്സുകളെത്തി; ആര്യനന്ദക്കിനി മാലാഖയാകാം
text_fieldsമലപ്പുറം: പ്ലസ് ടു പഠനം പൂർത്തിയാക്കി നഴ്സാവണമെന്ന ആര്യനന്ദയുടെ ആഗ്രഹത്തിന് സുമനസുകളുടെ കൈത്താങ്ങ്. ഉമ്മത്തൂർ സ്വദേശിയായ ആര്യനന്ദയുടെ അച്ഛൻ നാല് വർഷത്തോളമായി കിടപ്പിലാണ്. കുടുംബം സാമ്പത്തിക പ്രയാസത്തിലായതിനാൽ ആര്യനന്ദയുടെ പഠനം പ്രയാസത്തിലായെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് ‘മാധ്യമം’ പ്രസിദ്ധീകരിച്ചത്. വാർത്ത പുറത്തുവന്ന ദിവസം തന്നെ ആര്യനന്ദയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച് നിരവധിപേർ രംഗത്തു വന്നു.
കുട്ടിയുടെ എല്ലാ വിദ്യാഭ്യാസ ചെലവുകളും ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ച് പത്തോളം വ്യക്തികളും കൂട്ടായ്മകളുമാണ് ‘മാധ്യമം’ പത്രവുമായും നേരിട്ടും ബന്ധപ്പെട്ടത്. സഹായിക്കാനെത്തിയവരിൽ കൂടുതൽപേരും പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത വ്യക്തികളായിരുന്നു. ഇവരോടൊപ്പം വിദ്യാർഥിയുടെ നാട്ടിലെ ജനകീയ കൂട്ടായ്മയും പഠനം പൂർത്തിയാക്കിയ പ്ലസ് ടു സ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മയും ഐ.എം.എ പോലുള്ള സംഘടനകളും വിദ്യാഭ്യാസം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു രംഗത്തു വന്നിട്ടുണ്ട്. പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത കൂട്ടായ്മയാണ് ആര്യയുടെ പഠനം ഏറ്റെടുത്തിരിക്കുന്നത്.
വിദ്യാർഥിയുടെ നഴ്സിങ് പ്രവേശനവും സീറ്റ് ഉറപ്പു വരുത്താനുള്ള പ്രവർത്തനങ്ങളും കൂട്ടായ്മയും ബന്ധപ്പെട്ടവരും തുടങ്ങിയിട്ടുണ്ട്. 2020 ആഗസ്റ്റ് 10ന് എം.എസ്.പിയിലെ താൽകാലിക പാചക ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് താമരക്കുഴിയിൽനിന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് ആര്യനന്ദയുടെ അച്ഛൻ സുരേഷ് ബാബു വലിയ താഴ്ചയിലേക്ക് പതിച്ചത്. അപകത്തിൽ നട്ടെല്ലിന് ഗുരുതര ക്ഷതം സംഭവിച്ച് സുരേഷ്ബാബു കിടപ്പിലായിട്ട് നാല് വർഷമായി. ഭാര്യ സിന്ധുവിനും മൂന്ന് മക്കളോടുമൊപ്പം മൂന്ന് സെന്റിലെ വീട്ടിൽ ജീവിതം തള്ളി നീക്കുകയാണ് കുടുംബം. ദുരിതജീവിതത്തിനിടെ പഠന സ്വപ്നങ്ങൾ വഴിമുട്ടിയ ആര്യനന്ദയുടെ കഥ അവരെ അടുത്തറിയുന്ന ഒരു വ്യക്തി ‘മാധ്യമ’ത്തെ അറിയിക്കുകയും വാർത്തയായി നൽകുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.