കര്‍ക്കിടക ചികിത്സയിലൂടെ ആരോഗ്യം
text_fieldsകേരളത്തിന്‍െറ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ് മഴക്കാലത്തെ കര്‍ക്കിടക ചികിത്സ. ശാരീരികവും മാനസികവുമായി ആരോഗ്യരക്ഷക്ക് പ്രാധാന്യം നല്‍കുന്ന ആയുര്‍വേദം, ഇതിനായി കര്‍ക്കടക ചികിത്സ ഉത്തമമെന്ന് ചൂണ്ടിക്കാട്ടുന്നു. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയാണ് ആരോഗ്യത്തിന്‍റെ അടിസ്ഥാന ശിലകളായി ആയുര്‍വേദം വിവരിക്കുന്നത്. ഇതിന് ഭംഗം നേരിടുമ്പോള്‍ ശരീരത്തെ രോഗങ്ങള്‍ കീഴ്പ്പെടുത്തും. വേനല്‍കാലം, മഴകാലം, മഞ്ഞുകാലം തുടങ്ങിയ ഋതുഭേദങ്ങളില്‍ വരുന്ന മാറ്റങ്ങളും ഇതിന് ഒരു കാരണമാണ്. വേനലില്‍ നിന്ന് മഴയിലേക്ക് മാറുന്നതോടെ, ശരീരബലം കുറയുന്നത് വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി സുഖചികിത്സയിലൂടെ വീണ്ടെടുക്കാന്‍ സാധിക്കും.
പഞ്ചകര്‍മ ചികിത്സ
ശരീരത്തിന് താങ്ങായിരിക്കുന്ന ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥയെ പുന:ക്രമീകരിക്കുന്ന ചികിത്സാരീതികളും പഥ്യാഹാരങ്ങളുമാണ് കര്‍ക്കടക ചികിത്സയിലുള്ളത്. ആയുര്‍വേദത്തില്‍ പഞ്ചകര്‍മങ്ങളെന്ന് അറിയപ്പെടുന്ന വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നീ ശോധന ചികിത്സകളാണ് പ്രധാനം. രക്തമോക്ഷ ചികില്‍സ മാറ്റിനിര്‍ത്തിയാല്‍ മറ്റ് നാലു കാര്യങ്ങളും കേരളീയ പഞ്ചകര്‍മ ചികിത്സാരീതിയില്‍ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു. പഞ്ചകര്‍മ ചികിത്സകള്‍ക്ക് മുമ്പായി സ്നേഹ, സ്വേദ രൂപത്തിലുള്ള ക്രിയകള്‍ (പൂര്‍വകര്‍മങ്ങള്‍) ചെയ്യുന്നു. പഞ്ചകര്‍മ ചികിത്സകള്‍ പൂര്‍ണ ഫലപ്രാപ്തിയില്‍ എത്തിക്കുവാനാണിത്. ശരീരധാതുക്കളില്‍ വ്യാപിച്ചിരിക്കുന്ന മാലിന്യങ്ങളെ സ്നേഹ, സ്വേദങ്ങള്‍ വഴി പുറത്തെത്തിക്കാന്‍ കഴിയും. മാലിന്യങ്ങളെ ഛര്‍ദിപ്പിച്ചും വയറിളക്കിയും വസ്തിരൂപേണയും പുറത്തു കളയുന്നതാണ് ശോധനാ ചികിത്സ. കൂടാതെ ഇലക്കിഴി, അഭ്യംഗം, പിഴിച്ചില്‍, ഞവരക്കിഴി തുടങ്ങിയവയും പൂര്‍വ കര്‍മങ്ങളില്‍പ്പെടുന്നു.
ഇലക്കിഴി
കരിനൊച്ചിയില, പുളിയില, ആവണക്കില എന്നിവ വൈദ്യ നിര്‍ദേശ പ്രകാരം ഒൗഷധ സമ്പുഷ്ടമായ ഇലകളും തേങ്ങാപ്പീരയും വേപ്പെണ്ണയോ അനുയോജ്യമായ ഒൗഷധ തൈലങ്ങളോ ചേര്‍ത്ത് വറുത്ത് കിഴികെട്ടി തൈലത്താല്‍ അഭ്യംഗം ചെയ്ത ശേഷം ശരീരത്തില്‍ കിഴി ഉഴിയുന്നു.
ഞവരക്കിഴി
തവിട് കളയാത്ത ഞവരയരി, കുറുന്തോട്ടി കഷായം, പാല് ഇവ ചേര്‍ത്ത് വേവിച്ച് പായസ പരുവത്തിലെടുത്ത് തുണിയില്‍ കിഴികെട്ടി നിശ്ചിത സമയം ശരീരം മുഴുവനായി വിധിപ്രകാരം കിഴി പിടിക്കുന്നു. കിഴി പിടിക്കുന്ന സമയം ശരീരത്തിലെ താപനില ഒരേ രീതിയില്‍ ക്രമീകരിക്കുന്നതിനായി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ഒരു സ്നിഗ്ധ സ്വേദമാണ്.
പിഴിച്ചില്‍
ഒൗഷധങ്ങളാല്‍ സംസ്കരിക്കപ്പെട്ട തൈലങ്ങള്‍ (വ്യക്തിയുടെ ശരീര പ്രകൃതിക്ക് അനുയോജ്യമായവ) തെരഞ്ഞെടുത്ത് ധാരപാത്തിയില്‍ കിടക്കുന്ന രോഗിയുടെ ഇരുവശത്തുമായി നില്‍ക്കുന്ന പരിചാരകര്‍ ശരീരം മുഴുവന്‍ ധാരയായി തൈലം ഒഴിക്കുന്നു. തൈലത്തിന്‍റെ ചൂട് ക്രമീകരിച്ചു കൊണ്ടിരിക്കും. ഇതും സ്നേഹ സ്വേദത്തില്‍ ഉള്‍പ്പെടുന്ന പ്രക്രിയയാണ്.
ശിരോധാര
ഒൗഷധ സംസ്കൃതമായ തൈലം നെറ്റിയിലൂടെ ധാരപാത്രത്തില്‍ നിന്ന് ധാരയായി വീഴ്ത്തുന്ന പ്രക്രിയയാണ് ഇത്. ഊര്‍ധ്വ ജത്രു വികാരങ്ങളില്‍ ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അതുപോലെ മാനസിക സമ്മര്‍ദം കൊണ്ടുണ്ടാകുന്ന ഉറക്കമില്ലായ്മയിലും മറ്റ് അനുബന്ധ വികാരങ്ങളിലും ഇത് വളരെ ഫലപ്രദമാണ്.
അഭ്യംഗം-സ്വേദം
ശരീരപ്രകൃതിക്കും ദോഷദുഷ്ടിക്കും അനുയോജ്യമായ തൈലങ്ങള്‍ കൊണ്ട് ശരീരം പൂര്‍ണമായി പുരട്ടിയശേഷം പ്രത്യേക രീതിയില്‍ മസാജ് ചെയ്യുകയും ശരീരം മുഴുവനായി വിയര്‍പ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്. മേല്‍പറഞ്ഞ ചികിത്സകളെ കൊണ്ട് ശരീര മാലിന്യങ്ങളെ കോഷ്ഠത്തിലേക്ക് കൊണ്ടുവന്ന് വമനം, വിരേചനം, വസ്തി തുടങ്ങിയവയിലൂടെ പുറത്തു കളയുകയാണ് ചെയ്യുന്നത്.
ശിരോമാലിന്യങ്ങളെ പുറത്തു കളയുന്നതിനു വേണ്ടി ഒൗഷധ സംസ്കൃതമായ നസ്യ തൈലങ്ങള്‍ യഥാവിധി മൂക്കില്‍ ഒഴിക്കുന്ന രീതിയാണിത്. ഇപ്രകാരം ശുദ്ധീകരിക്കപ്പെട്ട ശരീരത്തില്‍ വിവിധ തരത്തിലുള്ള പഥ്യാഹാരങ്ങളെ ശീലിപ്പിക്കുകയും അനുയോജ്യമായ ഒൗഷധങ്ങളെ പാനലേപനാദികളായി പ്രയോഗിക്കുകയും ചെയ്ത് ബലമുള്ളതാക്കുകയും അതുവഴി ശരീരത്തിന് രോഗ പ്രതിരോധശേഷി കൈവരികയും ചെയ്യുന്നു.
പഥ്യാഹാരം
പഞ്ചകര്‍മ ചികിത്സ വളരെ സാമ്പത്തിക ചെലവേറിയതായി മാറിയിട്ടുണ്ട്. അത്തരക്കാര്‍ക്ക് പഥ്യാഹാരവും അത്യാവശ്യം ശമന ഒൗഷധങ്ങളും കൊണ്ട് ആരോഗ്യത്തെ വീണ്ടെടുക്കാന്‍ കഴിയുന്നതാണ്. മധുരരസവും സ്നിഗ്ധഗുണവും ഉഷ്ണവീര്യവുമുള്ള ആഹാര ഒൗഷധങ്ങള്‍ പ്രയോഗിക്കപ്പെടണമെന്ന് ശാസ്ത്രം നിര്‍ദേശിക്കുന്നു. ത്രിദോഷഹരങ്ങളായ പഴകിയ യവം, ഗോതമ്പ്, ഞവരയരി, ചെറുപയര്‍ തുടങ്ങിയവ പഥ്യാഹാരങ്ങളായി ഉപയോഗിക്കാം.
മരുന്നുകഞ്ഞി
ഇരുപതോളം ഒൗഷധങ്ങള്‍ ചേര്‍ത്ത് കഞ്ഞി ഉണ്ടാക്കുന്നതാണ് ‘മരുന്നുകഞ്ഞി’. ആവശ്യമായ ഒൗഷധക്കൂട്ടും അതിനനുസൃതമായ വെള്ളവും ശരീര ഊര്‍ജത്തിനുള്ള നെല്ലരിയും ചേര്‍ത്ത് തയാറാക്കുന്നതാണിത്. അഗ്നി/ദഹന ശക്തിയെ ദീപ്തമാക്കുന്നതാണ് കര്‍ക്കടക കഞ്ഞിയില്‍ ചേര്‍ക്കുന്ന ഒൗഷധങ്ങള്‍. ശരീരത്തിന്‍െറ ഓരോ കോശത്തെയും അതിന്‍െറ രീതിയില്‍ സംരക്ഷിക്കാന്‍ ഉതകുന്നതുമാണ്. വേഗത്തില്‍ ദഹനം നടക്കുന്ന കഞ്ഞിക്കൊപ്പം മരുന്നു ചേരുവകളും ചേരുമ്പോള്‍ ശരീരത്തിന്‍െറ പ്രതിരോധ ശേഷി വര്‍ധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.