'താടി'ത്തണലിൽ ഒരൊത്തുകൂടൽ VIDEO
text_fieldsസേവനം എന്ന ഒറ്റ അജണ്ടയിൽ കട്ടത്താടിയും പിരിച്ചുവെച്ച മീശയുമായി ഒത്തുകൂടിയ നാനൂറോളം യുവാക്കൾ നഗരത്തിന് സമ്മാനിച്ചത് ജീവകാരുണ്യത്തിെൻറ പുതുമാതൃക. സംസ്ഥാനത്തെ താടിക്കാരുടെ സംഘടനയായ കേരള ബിയേഡ് സൊസൈറ്റി 'നോ ഷേവ് നവംബർ' കാമ്പയിനിന്റെ ഭാഗമായാണ് നഗരത്തിലൊത്തു കൂടിയത്.
ചികിത്സാസഹായ വിതരണം, അർബുദ ബോധവത്കരണം, തെരുവിലലയുന്നവർക്ക് ഭക്ഷണം, ബീച്ച് ആശുപത്രിയിൽ വെള്ള ശുദ്ധീകരണ ഉപകരണ വിതരണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചാണ് അംഗങ്ങൾ മടങ്ങിയത്. കനത്തില്‍ താടിയും മീശയുമായി റെയ്ബാന്‍ കൂളിങ്ഗ്ലാസുംവെച്ച് പച്ച ടിഷർട്ട് അണിഞ്ഞ് ടൗൺഹാളിൽ എത്തിയ താടിക്കാരെ കാണാനും സെൽഫിയെടുക്കാനും നാട്ടുകാരുടെയും കുട്ടികളുടെയും തിരക്കായിരുന്നു.
10 മാസം മുമ്പ് ഫേസ്ബുക്ക് പേജിലൂടെയാണ് കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. കട്ട ലുക്കിൽ നടക്കുന്ന ഇവരിന്ന് വിവിധ കമ്പനികളുടെ പരസ്യ മോഡലുകളാണ്. എന്നാൽ, പൊതുപരിപാടികളിലും മറ്റും പങ്കെടുക്കുന്ന ഇവർക്ക് പ്രതിഫലമായി പണമോ പാരിതോഷികങ്ങളോ വേണ്ട. പകരം സമീപത്തെ ഏതെങ്കിലുമൊരു അനാഥ -അഗതി മന്ദിരങ്ങളിലേക്ക് ഒരുനേരത്തെ ഭക്ഷണം മാത്രമാണ് ആവശ്യപ്പെടുന്നത്.
തങ്ങളുടെ കണ്ടുമുട്ടലുകളും ഒരുമിച്ചിരിക്കലുമെല്ലാം പുതിയ ചർച്ചകൾക്ക് വഴിമാറുകയാണെന്നും 'സേവനമാണ് ജീവിതം, കാരുണ്യമാണ് ലക്ഷ്യം' എന്ന മുദ്രാവാക്യവുമായി കൂടുതൽ സജീവമാകുകയാണ് ലക്ഷ്യമെന്നും സംസ്ഥാന പ്രസിഡൻറ് ഷെഫീർ അഫയൻസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.