സൺ ഗ്ലാസ് വേണം; കിടുക്കാച്ചി ലുക്കിന്
text_fieldsമഴയൊക്കെ മാറി സൺ തന്റെ വിശ്വരൂപം കാണിച്ചു തുടങ്ങി. പുറത്തിറങ്ങണമെങ്കിൽ സൺ ഗ്ലാസില്ലാതെ പറ്റില്ലെന്ന് തോന്നുന്നുണ്ടോ. എന്നാൽ, ചുമ്മാ ഒരു സൺ ഗ്ലാസ് മേടിച്ച് മുഖത്ത് ഫിറ്റ് ചെയ്താൽ പോരാ. അത് മാച്ച് ആകുന്നുണ്ടോയെന്നും നോക്കണം. ഏതുതരം ഫ്രെയിമാണ് നമുക്ക് മാച്ചെന്നറിയാൻ ഇതാ ചില ടിപ്സ്...
- വട്ടമുഖക്കാരേ നിങ്ങൾക്ക് പൂച്ചക്കണ്ണിന്റെ ഷേപ്പുള്ള (കാറ്റ്ഐ) ഗ്ലാസുകളാകും ചേരുക. റെക്ടാങ്കിൾ അല്ലെങ്കിൽ ആംഗുലർ ഷേപ് ഫ്രെയിമുകൾ കൂടുതൽ ഷാർപ്പായ ഫീലിങ് മുഖത്ത് വരുത്തും.
- ഓവൽ ഷേപ്പാണോ മുഖം? ഗ്ലാസ് നോക്കുേമ്പാൾ അൽപം ജ്യോമെട്രി കൂടി അപ്ലൈ ചെയ്തോളൂ. വീതിയുള്ള സ്ക്വയർ അല്ലെങ്കിൽ റെക്ടാങ്കിൾ ഫ്രെയിമുകൾ നന്നാകും. വലുപ്പം കൂടിയ ഗ്ലാസുകൾ മുഖത്ത് നന്നായി ബാലൻസ്ഡാകും.
- ഹൃദയാകൃതിയാണ് മുഖത്തിനെങ്കിൽ (അതായത് വലുപ്പമുള്ള നെറ്റി, കൂർത്ത കീഴ്ത്താടി, എടുത്തുകാണിക്കുന്ന കവിളെല്ല്) വട്ടത്തിലുള്ള അല്ലെങ്കിൽ ഓവൽ ഷേപ് ഗ്ലാസുകളാണ് കിടിലൻ. റിംലെസ് ഗ്ലാസുകൾ മുഖം സൗമ്യമാക്കും.
- ചതുര മുഖമാണെങ്കിൽ നേരിയ ഫ്രെയിമുള്ള റൗണ്ട് ഗ്ലാസുകളാണ് മികച്ചത്. കവിെളല്ലിനേക്കാൾ അൽപം വീതിയുള്ളതാകണം ഗ്ലാസുകൾ.
- മുഖത്തിന് ഡയമണ്ട് ഷേപ്പുള്ളവർ കുറവാണ്. ഇനി അത്തരക്കാരനാണെങ്കിൽ റൗണ്ട്, ഓവൽ ഷേപ് ഗ്ലാസുകളാണ് സൂപ്പർ. ഫ്രെയിമിന്റെ മുകളിലെ ലൈൻ കട്ടികൂടിയതാകണം. ഒപ്പം കൂർത്ത ആംഗിളും വേണം. ഇനി പൊതുവെ ചെറിയ മുഖമാണെങ്കിൽ മുഖത്തെ വിഴുങ്ങാത്ത റെക്ടാങ്കിൾ, ഓവൽ അല്ലെങ്കിൽ കാറ്റ്ഐ ഗ്ലാസുകൾ മികവ് പകരും. ഇനി വലിയ മുഖക്കാരനാണോ, ഓവർ സൈസ്ഡ് ഗ്ലാസുകൾ തിരഞ്ഞോളൂ. കട്ടിയുള്ള ഫ്രെയിമുകളും ചേരും.
സ്കിന്നി ഗ്ലാസ്
തീരെ ചെറിയ, കണ്ണുപോലും മറയുമോയെന്ന് തോന്നിക്കുന്ന ഗ്ലാസുകൾ. 90കളിലെ ഈ ഫാഷൻ ഗ്ലാസിന് ഇന്നുമുണ്ട് ആരാധകർ. കണ്ണിനെ കാക്കില്ലെങ്കിലും കാണാൻ നല്ല ശേലാണ്.
മിറർ ലെൻസ്
ഏറെ സ്റ്റൈലിഷ് ലുക്ക് പകരും ഇത്. കണ്ണാടിയിൽ എന്ന പോലെ ഗ്ലാസിൽ റിഫ്ലക്ഷൻ വരും. നീല നിറമുള്ള ഗ്ലാസും ഗോൾഡൻ ഫ്രെയിമും പകരുന്ന ലുക്ക് കിടുവാകും.
കളർ ടിന്റഡ്
പഴയ കാലത്തെ ചാരത്തിൽ നിന്ന് ഉയർന്നുവന്ന പോലെയാണ് കളർ ടിൻറഡ് ഗ്ലാസുകൾ. മഴവിൽ വർണങ്ങളിൽ ഗ്ലാസുകൾ കിട്ടും. പല നിറത്തിലെ ഗ്ലാസുകൾ വാങ്ങിയാൽ ഇട്ടിരിക്കുന്ന ഉടുപ്പിന് അനുസരിച്ച് മാറ്റിമാറ്റി വെക്കാലോ. കീശ കീറാതെ നോക്കണേ...
ഓവർ സൈസ്ഡ് സ്ക്വയർ
വേനൽ നാളുകളിൽ ഉത്തമമാണ് ഇവ. സ്ക്വയർ അല്ലെങ്കിൽ റെക്ടാങ്കിൾ ലെൻസ് ഫ്രെയിമിൽ മുഖം മറയ്ക്കുന്ന ഗ്ലാസ്. ഇടിവെട്ട് ചുവപ്പ് കളർ ഫ്രെയിം കൂടിയായാൽ ഏത് ആൾക്കൂട്ടത്തിന് ഇടയിലും ശ്രദ്ധ നേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.