മഞ്ഞുകാല സൗന്ദര്യ പരിചരണം
text_fieldsഒരു വ്യക്തിയുടെ ആരോഗ്യത്തിൽ ആഹാരവും ജീവിതശൈലിയും പോലെ തന്നെ കാലവും ഒരു പ്രധാന പങ്കുവഹിക്കുന്നു. കാലത്തിന്റെയും ദേശത്തിന്റെയും സ്വഭാവമനുസരിച്ച് ആരോഗ്യ സംരക്ഷണ രീതിയിൽ മാറ്റം വരുത്താവുന്നതാണ്. മഴ, വെയിൽ, മഞ്ഞ് എന്നിവയുടെ ഭേദങ്ങളാണ് എല്ലാ ഋതുക്കളിലും കാണുന്നത്. കഴിയുന്നിടത്തോളം ശ്രദ്ധേയാടും പഥ്യത്തോടും കൂടി ജീവിതം കൊണ്ടു പോയാൽ കാലാവസ്ഥ വ്യതിയാനങ്ങൾ കൊണ്ടുള്ള രോഗങ്ങൾ തടയാൻ കഴിയും.
ഒൗഷധ കേന്ദ്രീകൃതമായ ഒരു ആരോഗ്യ സംവിധാനമാണിന്ന് നിലനിൽക്കുന്നത്. തെറ്റായ ജീവിത രീതിയിലൂടെ രോഗങ്ങൾ ശരീരം കീഴടക്കുന്നു. അത് തിരിച്ചറിയാൻ നടത്തുന്ന പരിശോധനകളും അതു കൊണ്ടുള്ള ആശങ്കകളും മരുന്നു വ്യാപാരത്തെ വളർച്ചയിലെത്തിക്കുന്നു. എന്നാൽ, ജീവിതശൈലി ചിട്ടപ്പെടുത്തിയാൽ മാത്രമേ ഇത്തരം രോഗങ്ങളെ ചെറുക്കാനും പൂർണമായി മാറ്റാനും കഴിയുകയുള്ളു എന്നതാണ് വാസ്തവം. ആയുർവേദ വീക്ഷണത്തിൽ ഒരു രോഗത്തിന് പൊതുവിലൊരു മരുന്നോ ചികിത്സയോ നിഷ്കർഷിക്കുന്നത് എേപ്പാഴും ഉചിതമാകണമെന്നില്ല.
മഞ്ഞുകാലത്ത് കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളും പരിഹാരങ്ങളും:
ചര്‍മ വരള്‍ച്ച
മഞ്ഞുകാലത്ത് നമ്മെ വളരെയധികം അലട്ടുന്ന ഒരു പ്രശ്നമാണ് വരണ്ട ചർമം. ഇതിനോടൊപ്പം ചൊറിച്ചിലും സാധാരണമാണ്. ഇക്കൂട്ടർ നിത്യവും അവരവർക്ക് അനുയോജ്യമായ ഏതെങ്കിലും മരുന്നുകളിട്ട് കാച്ചിയതോ അല്ലെങ്കിൽ വെറും വെളിച്ചെണ്ണ തന്നെയോ ദേഹത്ത് പുരട്ടുന്നത് ഗുണം ചെയ്യും. കുളിക്കാൻ ചൂടുവെള്ളം ഉപയോഗിക്കാവുന്നതാണ്. അലർജി സംബന്ധമായ ചൊറിച്ചിലും ഇക്കാലത്ത് സർവ സാധാരണമാണ്. തൈര്, അച്ചാർ, പുളി, മത്സ്യം, ഉഴുന്ന് ചേർത്ത ആഹാരങ്ങൾ തുടങ്ങിയവയുടെ ഉപയോഗം ചൊറിച്ചിൽ വർധിപ്പിക്കാം. മലബന്ധം വരാതെയും ശ്രദ്ധിക്കണം. തേങ്ങാപ്പാൽ അല്ലെങ്കിൽ വെന്തവെളിച്ചെണ്ണ പുരട്ടി കുളിപ്പിക്കുന്നത് കുട്ടികളിലെ ചർമ വരൾച്ച കുറക്കാൻ പ്രയോജനപ്രദമാകും.
താരന്
മഞ്ഞുകാലത്ത് താരൻ മൂലം തലയിൽ ചൊറിച്ചിലും മുടികൊഴിച്ചിലും അമിതമായി കാണാറുണ്ട്. തലയിൽ തൈര് പുരട്ടി കഴുകിക്കളഞ്ഞ് ചെമ്പരത്തിത്താളി ഉപയോഗിച്ച് കുളിക്കുന്നത് ഗുണം ചെയ്യും. ദിവസേന ഷാംപൂ ഉപയോഗിക്കുന്നത് നന്നല്ല.
ഉപ്പൂറ്റി വിള്ളല്‍
ഉപ്പൂറ്റി വിള്ളൽ ഉണ്ടെങ്കിൽ ഷൂസ് ഉപയോഗിക്കുന്നത് നന്നാവും. ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് അതുകൊണ്ട് ദിവസവും പാദം വൃത്തിയാക്കി സൂക്ഷിക്കാവുന്നതാണ്. ആവണക്കെണ്ണ, പശുവിൻ നെയ്യ് ഇവയിലേതെങ്കിലും ചെറുചൂടോടെ കാലിൽ പുരട്ടാൻ ഉപയോഗിക്കാം. മഞ്ഞുകാലത്ത് ചുണ്ടുപൊട്ടലും സാധാരണമാണ്. ചുണ്ടുകളിൽ നെയ്യ്, വെണ്ണ, വെളിച്ചെണ്ണ ഇവയിലേതെങ്കിലും പുരട്ടുന്നത് ഗുണം ചെയ്യും.
ശ്വാസംമുട്ടല്‍
ശ്വാസംമുട്ടലുള്ളവർക്ക് ഏറ്റവും വൈഷമ്യമേറിയ കാലമാണ് മഞ്ഞുകാലമെന്ന് പറയാം. ഇക്കൂട്ടർ തണുപ്പിൽ നിന്ന് പരമാവധി വിട്ടുനിൽക്കുന്നതാണ് ഉത്തമം. മലബന്ധം ഉണ്ടായാൽ ശ്വാസംമുട്ടലുണ്ടാകാനും അതുള്ളവരിൽ വർധിക്കാനുമുള്ള സാധ്യതയേറെയാണ്. സുഖശോധനയില്ലാത്തവർക്ക് ൈവദ്യനിർദേശാനുസാരം ഒൗഷധം സേവിക്കാവുന്നതാണ്. ശ്വാസം മുട്ടലുള്ളവർ മഞ്ഞുകാലത്ത് പാൽ, പാലുൽപന്നങ്ങൾ, തണുത്ത ആഹാരപദാർഥങ്ങൾ എന്നിവ തീർത്തും ഒഴിവാക്കണം.
തിളപ്പിച്ച വെള്ളം സുഖമായ ചൂടോടെതന്നെ കുടിക്കുക. ജീരകം, ചുക്ക്, അയമോദകം എന്നിവയിലേതെങ്കിലും ഇട്ട് വെന്തവെള്ളം കുടിക്കാനുപയോഗിക്കാം. കറിവേപ്പില, ഇഞ്ചി, മഞ്ഞൾ, കുരുമുളക് തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് പ്രയോജനപ്രദമാണ്. ചോറിനൊപ്പം രസമോ ഇഞ്ചി ചേർത്ത് മോര് കാച്ചിയതോ ശീലിക്കാം. സ്ഥിരമായി ശ്വാസംമുട്ടൽ അനുഭവിക്കുന്നവർ പ്രാണായാമം മുതലായവ വൈദ്യ നിർദേശപ്രകാരം ശീലിക്കുന്നത് ശ്വാസ വൈഷമ്യം കുറക്കാൻ ഗുണകരമാകും.
കഫക്കെട്ട്
തണുപ്പുകാലത്ത് രാവിലെയും വൈകുന്നേരവും യാത്ര ചെയ്യുന്നവരിൽ ശിരസ്സിൽ കഫം കെട്ടിനിൽക്കുന്നതു കൊണ്ടുള്ള ബുദ്ധിമുട്ട് കാണാറുണ്ട്. തലവേദന, തലക്ക് ഭാരം എന്നിവ അനുഭവപ്പെടാം. തണുത്ത വെള്ളം കൊണ്ടുള്ള തലകുളി ഇത്തരക്കാർ ഒഴിവാക്കുന്നതാവും നല്ലത്. കുളി കഴിഞ്ഞ് നെറുകയിൽ രാസ്നാദിപ്പൊടി തിരുമ്മാം. തുളസിയില, മഞ്ഞൾ എന്നിവയിട്ട വെള്ളം തിളപ്പിച്ച് ആവിപിടിക്കുന്നത് കഫമിളകാൻ സഹായകമാകും. തലവേദനയുള്ളവർ രാവിലെ വെയിലുദിക്കുന്നതിനു മുമ്പുതന്നെ തല കുളിക്കുന്നതാണ് നല്ലത്.
മഞ്ഞുകാലം മാത്രമല്ല, ഏതു കാലവും രോഗമുണ്ടാകുന്നതിനെ സ്വാധീനിക്കാവുന്ന ഘടകങ്ങളിലൊന്നാണ്. കാലത്തിനുമേൽ ഒരു നിയന്ത്രണവും മനുഷ്യന് സാധിക്കില്ല. എന്നാൽ, ശരീരത്തിലത് ബാധിക്കാതെ നോക്കാൻ ആഹാരരീതി കൊണ്ടും ജീവിതശൈലി കൊണ്ടും കഴിയും. അത്തരത്തിലുള്ള നിയന്ത്രണത്തോടെയുള്ള ഒരു ജീവിത സമ്പ്രദായം കൈവരിച്ചാൽ എല്ലാ കാലത്തും ആരോഗ്യ പരിപാലനം സുഗമമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.