ഹിറ്റ് സിനിമ വരെ പിറന്ന തിരച്ചിലിന് ശുഭാന്ത്യം; നാലാംവയസ്സിൽ കാണാതായ മകനെ 18ാം വയസ്സിൽ കണ്ടെത്തി ചൈനീസ് ദമ്പതികൾ
text_fieldsബൈജിങ്: നാല് വയസ്സിൽ കാണാതായ ഏക മകനെ എന്നെങ്കിലും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു ആ ദമ്പതികൾ. ഒന്നും രണ്ടും വർഷമല്ല, നീണ്ട 14 വർഷം മകനെ തിരിച്ചുകിട്ടാൻ അവർ തിരച്ചിൽ തുടർന്നു. ചൈനയെന്ന മഹാരാഷ്ട്രത്തിന്‍റെ എല്ലാ ദിക്കിലും തിരഞ്ഞിറങ്ങി. അവരുടെ ജീവിതം ആസ്പദമായി സിനിമ വരെയിറങ്ങി. ഒടുവിൽ, ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളിലൊന്നിൽ സ്വന്തം മകനെ കണ്ടെത്തുക തന്നെ ചെയ്തു. അസാധ്യമെന്ന് കരുതിയ ഒരു കാത്തിരിപ്പിനാണ് ശുഭപര്യവസാനമായത്.
സൺ ഹയാങ്ങിന്‍റെയും പെങ് സിയിങ്ങിന്‍റെയും ഏക മകനായിരുന്നു സൺ യുവോ. ഒറ്റക്കുട്ടിനയം നിലനിന്നിരുന്ന ചൈനയിൽ ഇരുവർക്കും ഒാമനിച്ച് വളർത്താനും സ്വപ്നം കാണാനും ഒരു മകൻ മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നാൽ, എല്ലാ സന്തോഷങ്ങളെയും സങ്കടങ്ങളിലേക്ക് വഴിമാറ്റിക്കൊണ്ട് നാലാം വയസ്സിൽ സൺ യുവോവിനെ കാണാതായി. 2007ലായിരുന്നു ഇത്. കുടുംബം താമസിച്ചിരുന്ന ഷെൻയെൻ നഗരത്തിൽ നിന്നും കുട്ടിയെ ആരോ കടത്തിക്കൊണ്ടുപോകുകയായിരുന്നു.
മകനില്ലാതെ ഒരു ജീവിതം സാധ്യമല്ലെന്ന നിലയിൽ രക്ഷിതാക്കൾ അവനെയും തേടിയിറങ്ങി. മകനു വേണ്ടിയുള്ള തിരച്ചിലിനായി സമ്പാദ്യമെല്ലാം ചെലവഴിക്കാൻ ഇവർ തയാറായിരുന്നു. മകനെ കുറിച്ച് വിവരം നൽകുന്നവർക്ക് 23 ലക്ഷം രൂപ ഇവർ വാഗ്ദാനം ചെയ്തു.
ചൈനയുടെ ഓരോ മുക്കും മൂലയും മകനെ തേടി താൻ സഞ്ചരിച്ചതായി സൺ ഹയാങ് പറയുന്നു. 2014ൽ ഇവരുടെ തിരച്ചിലിനെ ആസ്പദമാക്കി ഹോങ്കോങ് ഡയറക്ടർ പീറ്റർ ചാൻ സംവിധാനം ചെയ്ത 'ഡിയറസ്റ്റ്' എന്ന ചിത്രം ബോക്സോഫീസ് വിജയമായി. 50 ദശലക്ഷം ഡോളറാണ് ചിത്രം നേടിയത്. മകനെ തേടിയുള്ള ഇവരുടെ യാത്ര അന്താരാഷ്ട്രതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു. ഒപ്പം, ചൈനയിലെ കുട്ടിക്കടത്തും ചർച്ചാവിഷയമായി.
ചൈനയിലെ ഒറ്റക്കുട്ടി നയം കുട്ടിക്കടത്തിന് വലിയതോതിൽ കാരണമാകുന്നുണ്ടായിരുന്നു. ഈയടുത്ത കാലത്ത് മാത്രമാണ് ഒറ്റക്കുട്ടി നയം ചൈന പിൻവലിച്ചത്. അതുവരെ, രണ്ടാമതൊരു കുട്ടിയുണ്ടാകുന്ന ദമ്പതികൾക്ക് വലിയ പിഴ ചുമത്തുകയും മറ്റ് നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഒരു കുട്ടിയെ നഷ്ടമാകുന്നവർക്ക് മറ്റൊരു കുട്ടിയില്ലാത്ത അവസ്ഥയും ഇത് കാരണമുണ്ടായി.
ചൈനയിൽ, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ, ആൺകുട്ടികൾക്കാണ് കുടുംബവ്യവസ്ഥയിൽ പ്രാധാന്യം. അവർക്കാണ് പരമ്പരയെ മുന്നോട്ട് നയിക്കാനാകൂവെന്ന ധാരണ കാരണം ആൺകുട്ടികളുടെ വിൽപ്പനക്ക് ബ്ലാക് മാർക്കറ്റ് തന്നെ പ്രവർത്തിച്ചിരുന്നു. പല കുടുംബങ്ങളും പെൺകുഞ്ഞുങ്ങളെ ദത്ത് നൽകുന്ന പ്രവണതയും ഇതിനെ തുടർന്നുണ്ടായി.
ചൈനയുടെ കിഴക്കൻ പ്രവിശ്യയിൽ നിന്നാണ് 14 വർഷം മുമ്പ് സൺ യുവോവിനെ തട്ടിക്കൊണ്ടുപോയയാളെ അധികൃതർ കണ്ടെത്തിയത്. മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ ഉൾപ്പെടെ ഉപയോഗിച്ചാണ് കുട്ടിയെ കണ്ടെത്തിയത്. ഡി.എൻ.എ പരിശോധനയിലൂടെ സൺ യുവോ 14 വർഷം മുമ്പ് കാണാതായ കുട്ടി തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വു എന്നയാൾ സണിനെ തട്ടിക്കൊണ്ടുപോയി മറ്റൊരു ദമ്പതികൾക്ക് വിൽക്കുകയായിരുന്നു. ഇവർക്കെതിരെ കേസെടുത്ത് വിചാരണയിലാണ്.
അതേസമയം, ഇപ്പോൾ 18 വയസുള്ള സൺ യുവോ പറഞ്ഞത് തന്നെ വളർത്തിയ ദമ്പതിമാർക്കൊപ്പം തന്നെ കഴിയാനാണ് താൽപര്യമെന്നാണ്. 10 വർഷത്തിലേറെ തന്നെ വളർത്തിയത് അവരാണ്. അവരാണ് തന്‍റെ രക്ഷിതാക്കളെന്നാണ് കരുതിയതെന്നും സൺ യുവോ പറയുന്നു.
ചൈനീസ് നിയമപ്രകാരം മനുഷ്യക്കടത്തിനുള്ള പരമാവധി ശിക്ഷ വധശിക്ഷയാണ്. കടത്തിന് വിധേയരാകുന്ന കുട്ടികളെ വാങ്ങുന്നവർക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷയും ലഭിക്കും. 2021ൽ മാത്രം ചൈനയിൽ 8000ത്തിലേറെ തട്ടിക്കൊണ്ടുപോയ കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളെ ഏൽപ്പിച്ചതായാണ് ഔദ്യോഗിക കണക്ക്. ഡി.എൻ.എ പരിശോധനയിലൂടെയും മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യയിലൂടെയുമാണ് പ്രധാനമായും കുട്ടികളെ തിരിച്ചറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.