വീൽ ചെയറിലിരുന്ന് സിവിൽ സർവിസ്
text_fieldsദുരന്തങ്ങൾ ഒന്നിന് പിറകെ ഒന്നൊന്നായി വേട്ടയാടിയപ്പോഴും തന്റെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാൻ ഷെറിൻ ഷഹാന തയാറായില്ല. ഒടുവിൽ കഠിനാധ്വാനവും നിശ്ചയദാർഢ്യവും അഭിമാനകരമായ നേട്ടത്തിൽതന്നെ ഷെറിനെ എത്തിച്ചു. ദുരന്തക്കാഴ്ചകൾക്കെല്ലാം മീതെ പാറിപ്പറക്കാൻ ഉമ്മയുടെ വാക്കുകൾ എന്നും ഷെറിനോടൊപ്പ മുണ്ടായിരുന്നു
ഇത് ഷെറിൻ ഷഹാന. ഡോക്ടർമാർ ദിവസങ്ങളുടെ ആയുസ്സ് മാത്രം പ്രവചിച്ചിട്ടും തോറ്റു കൊടുക്കാൻ മനസ്സില്ലാതെ ചക്രക്കസേരയിൽ ഇരുന്ന് സിവിൽ സർവിസിലേക്ക് കുതിച്ചുയർന്ന വയനാട്ടുകാരി. മനസ്സ് എന്തെങ്കിലും തീവ്രമായി ആഗ്രഹിക്കുമ്പോൾ അത് സംഭവിക്കുകതന്നെ ചെയ്യും എന്നു പറയാറില്ലേ, അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. ജീവിതത്തിൽ ഒന്നിനുപിറകെ ഒന്നായി ദുരിതങ്ങളും ദുരന്തങ്ങളും വേട്ടയാടിയിട്ടും ജീവിതത്തിന്റെ പുസ്തകത്തിൽ നഷ്ടത്തിന്റെ കണക്കുകൾ മാത്രം നിറഞ്ഞാടിയിട്ടും തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത ഷെറിന് ഷഹാന പലർക്കും സ്വപ്നം കാണാൻ മാത്രം കഴിയുന്ന സിവിൽ സർവിസ് എത്തിപ്പിടിച്ചു.
അതിജീവന കഥ
പുസ്തകത്താളുകൾ മറിക്കാൻ പോലും ശേഷിയില്ലാത്ത ഒരാൾക്ക് എങ്ങനെ സിവിൽ സർവിസ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ പരീക്ഷണശാല മറികടക്കാൻ കഴിഞ്ഞു! സ്കൂളിന്റെ പടി കാണാത്ത ഉപ്പയും നാലാം ക്ലാസ് വരെ മാത്രം പഠിച്ച ഉമ്മയും കൂട്ടിന് നാലു സഹോദരിമാരും അടങ്ങുന്നതായിരുന്നു ഷെറിന്റെ കുടുംബം. പ്ലസ് ടു വരെ സർക്കാർ സ്കൂളുകളെ മാത്രം ആശ്രയിച്ച് ഡിഗ്രിയും പി.ജിയും സാധാരണ എയ്ഡഡ് കോളജിൽ നിന്നും പഠിച്ചുവന്ന ഷെറിൻ ഷഹാനയുടെ ജീവിതം തിരിച്ചറിവിന്റെ നാൾ തൊട്ടേ കയ്പേറിയതായിരുന്നു.
ദാരിദ്ര്യത്തിലായിരുന്ന കുടുംബത്തിന് കൂലിപ്പണിയെടുത്ത് അന്നം എത്തിച്ചിരുന്ന പിതാവിന്റെ പെട്ടെന്നുള്ള വിയോഗം പിന്നെ പട്ടിണിയിലും അർധ പട്ടിണിയിലുമൊക്കെയാക്കി ജീവിതം. ഡിഗ്രി കഴിഞ്ഞപ്പോഴേക്കും വിവാഹം നടന്നെങ്കിലും ഗാർഹിക പീഡനത്തിന്റെ ഇരയായി. ഇരുട്ടിൽ തളയ്ക്കപ്പെട്ട ആറുമാസത്തെ ആയുസ്സുള്ള ആ ബന്ധം വേണ്ടെന്നുവെച്ച് ഇറങ്ങിപ്പോരുമ്പോഴേക്കും ഒരുപാട് സഹിച്ചുകഴിഞ്ഞിരുന്നു അവൾ. അവിടന്നങ്ങോട്ടാണ് ജീവിതത്തിലെ ദുരന്തങ്ങളോട് മത്സരിക്കാൻ ഷെറിൻ തീരുമാനിച്ചത്.
പി.ജി പരീക്ഷ കഴിഞ്ഞു വീട്ടിലിരിക്കുന്ന സമയത്താണ് ഷെറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം സംഭവിക്കുന്നത്. ടെറസിനു മുകളിൽ ഉണക്കാനിട്ടിരിക്കുന്ന തുണി എടുക്കാൻ പോയ ഷെറിൻ കാൽ വഴുതി താഴേക്ക് വീണതോടെ നട്ടെല്ലിന് അപകടം പറ്റി, വാരിയെല്ലുകൾ തകർന്നു. ദിവസങ്ങൾക്കപ്പുറം ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ തന്നെ വിധിയെഴുതി. ഓപറേഷന് വലിയൊരു തുക ചെലവാകുമെന്നും ദിവസങ്ങൾ മാത്രം ജീവിക്കുന്ന ഒരു കുട്ടിക്ക് എന്തിന് ഇത്രയും വലിയ തുക ചെലവാക്കണമെന്നുമാണത്രെ ഡോക്ടർമാർ ബന്ധുക്കളോട് ചോദിച്ചത്.
എന്നാൽ, ഉമ്മയുടെ തീരുമാനം ആറു ദിവസമാണെങ്കിൽ പോലും അത്രയും നാൾ അവൾ വേദനയില്ലാതെ ജീവിക്കട്ടെ എന്നായിരുന്നു. വീഴ്ചയെ തുടർന്നുണ്ടായ പരിക്കുമൂലം തളർന്ന് വീൽ ചെയറിൽ ആകുന്ന ക്വാഡ്രപ്ലീജിയ എന്ന അവസ്ഥയിലായിരുന്നു ഷെറിൻ. സർജറി കഴിഞ്ഞ് കിടപ്പിലായ ആദ്യ ദിവസങ്ങളില്‍ തന്റെ വിധിയോർത്ത് കരഞ്ഞിരുന്നപ്പോഴും ജീവിതം അവസാനിപ്പിച്ചാലോ എന്നുതോന്നിയപ്പോഴൊക്കെയും പടച്ചോന് നിന്നെപ്പറ്റി എന്തൊക്കെയോ പദ്ധതികള്‍ ഉണ്ടെന്ന് ഉമ്മ പറയുമായിരുന്നെന്ന് ഷെറിൻ ഷഹാന പറയുന്നു. പിന്നീടങ്ങോട്ട് ആത്മവിശ്വാസത്തിന്റെ നാളുകളായിരുന്നു. അതിനിടക്ക് പൊള്ളലുകൾ, വീഴ്ചകൾ അങ്ങനെ ദുരന്തങ്ങൾ പിന്നെയും ഷെറിനെ വിടാതെ പിന്തുടർന്നു കൊണ്ടേയിരുന്നു.
യാത്ര ഒട്ടും എളുപ്പമായിരുന്നില്ല
ഈ സമയത്താണ് തിരുവനന്തപുരത്തെ അബ്സല്യൂട്ട് ഐ.എ.എസ് അക്കാദമി ഷെറിനുമായി ബന്ധപ്പെടുന്നത്. ഉറക്കവും ഭക്ഷണവും മാത്രമായി ജീവിതത്തിൽ മറ്റൊന്നും ചെയ്യാനില്ലെന്ന തോന്നലും അതിനോട് ശീലമാക്കിക്കഴിഞ്ഞ നാളുകളായിരുന്നു അത്. ഈ വിരസതയിൽ നിന്ന് മുക്തമാകാനുള്ള ചിന്തയുമായാണ് അബ്സല്യൂട്ട് അക്കാദമിയുടെ ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന ചിത്രശലഭം എന്ന പദ്ധതിയിൽ എത്തിച്ചേരുന്നത്. കുറച്ച് സുഹൃത്തുക്കളെയും കിട്ടുമല്ലോ എന്ന ചിന്തയും ചിത്രശലഭത്തിലേക്ക് അടുപ്പിച്ചുവെന്നു വേണം പറയാൻ.
അങ്ങനെയാണ് സിവിൽ സർവിസൊന്ന് പരീക്ഷിക്കാൻ ഷെറിൻ തീരുമാനിച്ചത്. കൊറോണക്കാലം ഓൺലൈൻ പഠനത്തിന് തിരഞ്ഞെടുത്തതോടെ കൂടുതൽ സൗകര്യമായി. മെയിൻ പരീക്ഷവരെ വീട്ടിൽനിന്ന് തന്നെ ഓൺലൈൻ പഠനം തുടർന്നു. സിവിൽ സർവിസ് മെയിൻ പരീക്ഷക്കുശേഷം തിരുവനന്തപുരത്തേക്ക് താമസം മാറ്റി ഓഫ് ലൈനിലാക്കി പഠനം. തനിക്ക് വിശ്വാസമില്ലായിരുന്നുവെങ്കിലും വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അധ്യാപകർക്കുമെല്ലാം ഇത്തവണ റാങ്ക് ലിസ്റ്റിൽ പേരുണ്ടാകുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ലെന്ന് ഷെറിൻ പറയുന്നു.
കഴിഞ്ഞ ദിവസവും മറ്റൊരു ദുരന്തം ഷെറിനെ തേടിയെത്തി. ആശുപത്രിയില്‍ പോയി മടങ്ങുംവഴി ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. തുടർന്ന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സിവിൽ സർവിസ് ഫലം പുറത്തുവരുന്നത്. 913ാം റാങ്കുകാരിയായി ലിസ്റ്റിൽ ഇടം പിടിച്ചുവെന്ന വാർത്ത സുഹൃത്ത് വിളിച്ചറിയിക്കുമ്പോൾ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിൽ റൂം നമ്പര്‍ 836 ലെ കട്ടിലിൽ സർജറിക്കു വേണ്ടി കാത്തു കിടക്കുന്ന ഷെറിൻ ഷഹാനക്ക് ഒന്നാഹ്ലാദിക്കാനോ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുന്നവരോട് സംസാരിക്കാനോപോലും കഴിയാത്ത അവസ്ഥയിലായിരുന്നു.
ദുരന്തങ്ങൾ ഒന്നിന് പുറകെ ഒന്നൊന്നായി വേട്ടയാടിയപ്പോഴും തന്റെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാൻ ഷെറിൻ ഷഹാന തയാറായില്ല. ഒടുവിൽ കഠിനാധ്വാനവും നിശ്ചയദാർഢ്യവും അഭിമാനകരമായ നേട്ടത്തിൽതന്നെ ഷെറിനെ എത്തിച്ചു. ദുരന്തക്കാഴ്ചകൾക്കെല്ലാം മീതെ പാറിപ്പറക്കാൻ ഉമ്മയുടെ വാക്കുകൾ എന്നും ഷെറിനോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.