മത്സ്യത്തൊഴിലാളിയിൽനിന്ന് കലക്ടർ; പുരസ്കാരത്തിളക്കത്തിൽ പടിയിറക്കം
text_fieldsആലപ്പുഴ: ജില്ലയുടെ അതിജീവനപ്പോരാട്ടത്തിെൻറ മുന്നണിയില്‍ വിശ്രമം മറന്ന 20 മാസം പിന്നിട്ട് സർവിസിൽനിന്ന് വിരമിക്കാൻ അഞ്ചുദിവസം മാത്രം ശേഷിക്കെയാണ് സേവന മികവിനുള്ള പുരസ്കാരത്തിന് കലക്ടർ എ. അലക്സാണ്ടര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ആലപ്പുഴ ജില്ലയുടെ 52ാമത്തെ കലക്ടറായി 2020 ജൂണിലാണ് തിരുവനന്തപുരം സ്വദേശിയായ അലക്സാണ്ടര്‍ ചുമതലയേറ്റത്. കോവിഡ് പ്രതിരോധത്തിനും ചികിത്സക്കും വിപുല സൗകര്യങ്ങള്‍ ഉറപ്പാക്കാനും വെള്ളപ്പൊക്കത്തിെൻറ ആഘാതം കുറക്കാനുമുള്ള മുന്‍കരുതല്‍ ക്രമീകരണങ്ങൾ ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കാന്‍ കലക്ടർക്ക് സാധിച്ചു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായി. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്, നിയമസഭ തെരഞ്ഞെടുപ്പ് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാര്‍ മിഷനുകളുടെ നിര്‍വഹണം തുടങ്ങിയവ സുഗമമായി നടപ്പാക്കുന്നതിന് നേതൃത്വം നല്കി. കലക്ടര്‍ എന്ന നിലയില്‍ പരമാവധി ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്നതിന് കോവിഡ് സാഹചര്യം തടസ്സമായെങ്കിലും പൊതുസമൂഹത്തിെൻറയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയാണ് ഏറ്റെടുത്ത ചുമതലകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സഹായിച്ചതെന്ന് അദ്ദേഹം പറയുന്നു. പ്രതിസന്ധികള്‍ക്കുനടുവിലും ശുഭപ്രതീക്ഷ കൈവെടിയാതെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ തയാറാകുന്ന ആലപ്പുഴയിലെ ജനങ്ങള്‍ ആത്മവിശ്വാസത്തിെൻറ മാതൃകയാണെന്നും കലക്ടർ പറഞ്ഞു.
പൊഴികള്‍ തുറന്ന് ജലത്തിെൻറ ഒഴുക്ക് സുഗമമാക്കി വെള്ളപ്പൊക്കത്തിെൻറ ആഘാതം കുറക്കുന്നതിന് നടത്തിയ ശ്രമങ്ങള്‍ക്ക് തുടക്കത്തില്‍ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നെങ്കിലും ചര്‍ച്ചകളിലൂടെ വസ്തുതകള്‍ മനസ്സിലാക്കിയപ്പോള്‍ പൂര്‍ണ സഹകരണം ലഭിച്ചു. കുട്ടനാട്ടില്‍ ചളിയും മണലും നിറഞ്ഞുകിടന്ന് ഒഴുക്ക് തടസ്സപ്പെട്ട പല മേഖലകളിലും ജില്ല ദുരന്തനിവാരണ അതോറിറ്റി തടസ്സങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കിയത് സമീപ വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കം മൂലമുള്ള ദുരിതത്തിെൻറ തോത് കുറക്കുന്ന നടപടിയായി.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് പ്രവര്‍ത്തിച്ചിരുന്ന സന്നദ്ധ സംഘടനയുടെ ഭാഗമായി പൊതുജീവിതം ആരംഭിച്ച അലക്സാണ്ടര്‍ 1990ല്‍ അസി. ലേബര്‍ ഓഫിസറായാണ് സര്‍ക്കാര്‍ സര്‍വിസില്‍ എത്തുന്നത്. വകുപ്പിലെ വിവിധ ചുമതലകള്‍ വഹിച്ച ഇദ്ദേഹം 2014ല്‍ അഡീഷനല്‍ ലേബര്‍ കമീഷണറും 2018ല്‍ ലേബര്‍ കമീഷണറുമായി. മത്സ്യത്തൊഴിലാളിയായിരുന്ന പിതാവിനൊപ്പവും അല്ലാതെയും പഠനകാലത്തും പിന്നീടും മീൻ പിടിക്കാൻ കടലിൽ പോയിരുന്നു. വിരമിച്ചശേഷം മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ സജീവമാകാനാണ് ഉദ്ദേശിക്കുന്നത്.
2019ല്‍ ഐ.എ.എസ് ലഭിച്ചതിനെത്തുടര്‍ന്ന് റവന്യൂ വകുപ്പില്‍ സബ് കലക്ടറായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് രജിസ്ട്രേഷന് ഇന്‍സ്പെക്ടര്‍ ജനറല്‍, ഹൗസിങ് ബോര്‍ഡ് കമീഷണര്‍, സഹകരണസംഘം രജിസ്ട്രാര്‍ തുടങ്ങിയ പദവികളും വഹിച്ചശേഷമാണ് ആലപ്പുഴ കലക്ടറായി ചുമതലയേറ്റത്. ഭാര്യ: ടെല്‍മ. മക്കള്‍: ടോമി, ആഷ്മി.
കലക്ടര്‍ക്ക് ജില്ല പഞ്ചായത്തിെൻറ അനുമോദനം
ആലപ്പുഴ: സംസ്ഥാനത്തെ മികച്ച ജില്ല കലക്ടര്‍ക്കുള്ള അവാര്‍ഡിന് അർഹനായ കലക്ടര്‍ എ. അലക്സാണ്ടറെ ജില്ല പഞ്ചായത്ത് അനുമോദിച്ചു.
അനുമോദന യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബു അധ്യക്ഷത വഹിച്ചു. സര്‍വിസില്‍നിന്ന് വിരമിക്കുന്ന ചെങ്ങന്നൂര്‍ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രേസി ഇത്താക്കിനെ ചടങ്ങില്‍ ആദരിച്ചു.
ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്. ദേവദാസ്, സ്ഥിരം സമിതി അധ്യക്ഷരായ ടി.എസ്. താഹ, എം.വി. പ്രിയ, വത്സല മോഹന്‍, എ. ശോഭ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജോണ്‍ തോമസ്, എ. ശിവപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.