കൗതുകമായി അറുപതാം കല്യാണം: ദമ്പതികൾ വീണ്ടും വിവാഹ മണ്ഡപത്തിൽ
text_fieldsഅറുപതിെൻറ നിറവിൽ കൊട്ടും കുരവയുമായി വീണ്ടും മിന്നുകെട്ടി മൂന്നാറിലെ ദമ്പതി ജോഡികൾ. ഗൃഹനാഥെൻറ 60 പിറന്നാളിന് നടത്തുന്ന തമിഴ് ജനതയുടെ ആഘോഷമായ അറുപതാം കല്യാണം എന്ന ചടങ്ങിലാണ് രണ്ടുജോഡി ദമ്പതികൾ വീണ്ടും കല്യാണ മണ്ഡപത്തിൽ കയറിയത്. മൂന്നാർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽവെച്ചായിരുന്നു നാട്ടുകാർക്ക് കൗതുകമായ കല്യാണം.
ലക്ഷ്മി വിരിപാറ സ്വദേശികളായ ഷൺമുഖയ്യ - ഷൺമുഖനദി ദമ്പതികളും കന്നിമല ലോവർ ഡിവിഷനിലെ ശെൽവരാജ് - ലളിത ദമ്പതികളുമാണ് ഒരേ വേദിയിൽ വീണ്ടും 'വിവാഹിതരായത്. ഇരുകുടുംബങ്ങളും തമ്മിലുള്ള ബന്ധവും കാണികൾക്ക് കൗതുകമായി. ശെൽവരാജിെൻറ രണ്ട് ആൺമക്കൾ വിവാഹം ചെയ്തിരിക്കുന്നത് ഷൺമുഖത്തിെൻറ രണ്ട് പെൺമക്കളെയാണ്. ഇരുകുടുംബത്തിലെയും മക്കളുടെയും കൊച്ചുമകളുടെയും മേൽനോട്ടത്തിലാണ് കല്യാണവും നടന്നത്.
വിവാഹം കഴിഞ്ഞ് 60 വർഷം പൂർത്തിയാക്കുകയോ ഭർത്താവിന് 60 വയസ്സ് തികയുകയോ ചെയ്യുമ്പോൾ നടത്തുന്ന ചടങ്ങാണ് അറുപതാം കല്യാണം. വിവാഹം കഴിച്ച സമയത്ത് അണിയിച്ച ഒരുക്കങ്ങളും വേഷങ്ങളും ധരിച്ച് പഴയ താലിയുടെ മാതൃക അണിയിക്കുന്നതാണ് കല്യാണം. താലികെട്ട്, പൂമാല ചാർത്തൽ, മോതിരം മാറ്റം തുടങ്ങി പഴയ ചടങ്ങുകളെല്ലാം ഇവിടെയുമുണ്ട്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ സദ്യയൊക്കെ തയാറാക്കി നടത്തുന്ന ചടങ്ങ് സന്തുഷ്ട കുടുംബത്തിെൻറ ലക്ഷണമായി കരുതപ്പെടുന്നു.
വിവാഹജീവിതത്തിലെ പൊരുത്തക്കേടുകളും തുടര്‍ന്നുള്ള വിവാഹമോചനങ്ങളും ഏറിവരുന്ന പുതുതലമുറക്ക് വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യജീവിതത്തിെൻറ വിജയമാതൃകയാണ് ഈ രണ്ട് ദമ്പതികൾ. ക്ഷേത്രപൂജാരി ശങ്കരനാരായണെൻറ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.