ദേവദാസ് മുടി മുറിച്ചു; 11 വർഷത്തിനുശേഷം
text_fieldsനെടുങ്കണ്ടം: വർഷങ്ങളായി ശിരസ്സില്‍ വഹിച്ചിരുന്ന അലങ്കാരമുള്ള കേശഭാരം ദേവദാസ് ഇറക്കിവെച്ചു. കമ്പംമെട്ട് പുത്തന്‍പുരക്കല്‍ പി.ബി. ദേവദാസാണ് (51) 11 വർഷമായി പരിപാലിച്ചുപോന്ന മുടി മുറിച്ചത്. താൻ നടത്തിവരുന്ന മിനി റസ്റ്റാറന്റിൽ ഭക്ഷണം വിളമ്പുമ്പോൾ മുടി ശല്യമാകരുത് എന്ന് കരുതിയാണ് തീരുമാനം.
അകലെനിന്ന് നോക്കുമ്പോൾ ഹെല്‍മറ്റ് പോലെയും അടുത്തെത്തുമ്പോള്‍ വിഗ് പോലെയും ചിലപ്പോള്‍ കിരീടം പോലെയും തോന്നിപ്പിക്കുന്നതായിരുന്നു ദേവദാസിന്റെ കേശാലങ്കാരം. ഇത് പരിപാലിക്കാൻ സഹായിച്ചിരുന്ന കെ.ബി. ചന്ദ്രശേഖരന്റെ ബാർബർഷോപ്പിൽ തന്നെയാണ് രാത്രി പ്രത്യേക സമയം കണ്ടെത്തി രണ്ട് മണിക്കൂർ കൊണ്ട് മുടി മുറിച്ചത്. മൂന്നര പതിറ്റാണ്ടോളമായി ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന് സായി ബാബാ മോഡല്‍ മുടി ഒന്ന് മിനുക്കി ഒതുക്കുന്നതിലായിരുന്നു താൽപര്യം. നാലാള് കൂടുന്നിടത്തെല്ലാം മറ്റുള്ളവരില്‍നിന്ന് ദേവദാസിനെ വേറിട്ടുനിർത്തുന്നതും ഈ കേശാലങ്കാരമായിരുന്നു. കാഴ്ചയില്‍ നന്നേ ചുരുണ്ടതാണെങ്കിലും മുടിക്ക് 18 ഇഞ്ച് നീളമുണ്ട്. വര്‍ഷങ്ങളായി ഈ വലിയ ഭാരം തന്റെ ചെറിയ തലയില്‍ പേറുതിന് പിന്നിലെ രഹസ്യവും ദേവദാസ് പങ്കുവെച്ചു. പുട്ടപര്‍ത്തിയില്‍ സായിബാബയുടെ പ്രശാന്തി നിലയം സന്ദര്‍ശിച്ചതോടെ അദ്ദേഹത്തോടുള്ള ആദരവ് മൂലമാണ് മുടി വളര്‍ത്തിത്തുടങ്ങിയത്. സായി അര്‍ജുന്‍ദാസ്, സായി ഗായത്രി ദേവി എന്നിങ്ങനെ മക്കളുടെ പേരിലും 'സായി' കൂട്ടിച്ചേര്‍ത്തു. ദിവസവും ഒരുമണിക്കര് ചെലവഴിച്ചാണ് മുടി പരിപാലിച്ചിരുന്നത്. മുടി വളർത്തുന്നതിൽ ഭാര്യ ഷൈലജക്കും അതൃപ്തിയില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.