ദിലീപിന്റെ സഹനജീവിതം
text_fieldsപ്രണയവും ജീവിത പ്രയാണവും ഒരു വിധിയുടെ രണ്ടു തലങ്ങളായി മാറിയപ്പോഴും ആത്മവീര്യം കൊണ്ട് ജീവിതത്തെ കെട്ടിപ്പടുത്തിരിക്കുകയാണ് ദിലീപ് - സഹന ദമ്പതികൾ. ബി.എസ്സി ഇന്റീരിയർ ഡിസൈനിങ് രണ്ടാം വർഷം ചെയ്തുകൊണ്ടിരിക്കവെയാണ് ദിലീപിന് വലിയ അപകടം സംഭവിക്കുന്നതും അരക്ക് താഴെ ചലനശേഷി നഷ്ടമാവുന്നതും. മോട്ടോർ വാഹനങ്ങളെയും ദൂരങ്ങളെയും ആവോളം ആത്മാവിലിട്ട് പൂജിച്ചിരുന്ന ദിലീപിനു അക്ഷരാർഥത്തിൽ ഇതൊരു പര്യാവസാനമായിരുന്നു.
മരുന്നും മന്ത്രവും വ്യായാമമുറകളുമായി ആശുപത്രികളും ആരോഗ്യ വിഭാഗങ്ങളുമായി കയറിയിറങ്ങിയ നിരവധി വർഷങ്ങളായിരുന്നു പിന്നീടങ്ങോട്ട്. അമ്മയും അച്ഛനും സഹോദരനും കൂടെ നിന്ന് കാവലായെങ്കിലും നിരാശയായിരുന്നു ഫലം. വീട്ടിൽ വിരുന്നുകാരൻ ആയിരുന്നവൻ പിന്നീട് ഒരു മുഴുസമയ അന്തേവാസിയാകേണ്ടിവന്ന ദിനരാത്രങ്ങൾ. പക്ഷേ ഇച്ഛാശക്തി തീർത്ത പിൻബലം ഈ യുവാവിനെ തന്റെ സ്വപ്നങ്ങൾക്ക് മുൻപിൽ അടിയറവ് പറയാൻ അനുവദിച്ചില്ല. പഠിച്ചിറങ്ങിയ അതേ കാമ്പസിൽ തുടർപഠനത്തിനു കോളജധികാരികൾ അവസരം നൽകി.
ഒരു ആക്ടീവ് വീൽചെയറിന്റെ സഹായത്തോടെ ദിലീപ് പതിവായി കോളജിലെത്താൻ തുടങ്ങി. സ്വന്തം കാര്യങ്ങൾ ഒരുപരിധി വരെ തനിയെ ചെയ്തു തുടങ്ങി. എന്നാൽ വീൽ ചെയർ സൗഹൃദമല്ലാത്ത കേരളത്തിലെ അന്തരീക്ഷം ദിലീപിന് മുന്നിൽ വെല്ലുവിളികൾ ഏറെ നിരത്തി. ഭാരിച്ചതാണെങ്കിലും അവയെല്ലാം മറികടക്കാൻ പോന്ന വിശ്വാസം ഇതിനോടകം ദിലീപ് ആർജ്ജിച്ചെടുത്തിരുന്നു.
സമൂഹത്തിന്റെ സഹതാപ തരംഗങ്ങളായിരുന്നു മറ്റൊരു കടമ്പ. നിസ്സഹായരായി നോക്കിനിൽക്കുന്ന കണ്ണുകൾ, ദയനീയത പ്രകടമാക്കുന്ന വാക്കുകൾ ഇവയെല്ലാം താൻ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണെന്ന ചിന്ത ഈ കൂട്ടുകാരനെ തെല്ലൊന്ന് തകർത്തു. എന്നാൽ ചുറ്റുപാടുകൾ മാറില്ലെന്നും മാറേണ്ടത് തന്റെ ചിന്താഗതിയാണെന്നും തിരിച്ചറിഞ്ഞ നിമിഷം ആ ഭയാനകതയും പമ്പകടന്നു.
പിന്നീടാണ് ദിലീപിനോടുള്ള പ്രണയം പറഞ്ഞുകൊണ്ട് കരൾ പകുത്തു നൽകാൻ സഹന രംഗപ്രവേശനം ചെയ്യുന്നത്. തന്റെ ദൗർബല്യങ്ങൾ ഓർത്ത് നിരസിക്കാൻ ശ്രമിച്ചെങ്കിലും സഹാനക്ക് നിലപാട് ഉറച്ചതായിരുന്നു. നാളെ ആർക്കും വന്നേക്കാവുന്ന ഈ പ്രതിസന്ധികളെ മാത്രം ഓർത്ത് ഈ ബന്ധം ഉപേക്ഷിക്കാൻ സഹന തുനിഞ്ഞതേയില്ല. മതവും പ്രണയവും കുടുംബങ്ങൾക്കിടയിൽ ആകുലത നിറച്ചെങ്കിലും ഇവരുടെ ഉറച്ച തീരുമാനങ്ങൾക്ക് മുന്നിൽ ആർക്കും മുട്ടുകുത്താനായില്ല.
പ്രത്യാശയുടെ തിരിനാളം പോലുമില്ലാത്ത ദിലീപിന്റെ ഹൃദയത്തിൽ സഹന തെളിച്ച അത്ഭുതദീപം മാറ്റങ്ങൾ വരുത്തി തുടങ്ങി. മനസ്സിന് ലഭിച്ച ഊർജ്ജം ശരീരത്തെയും ഉന്മാദത്തിലാക്കാൻ മാത്രം കരുത്തുറ്റവയായിരുന്നു.ഇരുവരും വിവാഹിതരായെങ്കിലും വരുമാന മാർഗ്ഗം വീണ്ടും വില്ലനായി. യു.എ.ഇയിലെത്തിയ ഈ ദമ്പതികൾക്ക് ചുറ്റുപാടുകൾ ഏറെ അനുകൂലമായിരുന്നു. ട്രാൻസ്പോർട്ടേഷൻ, ടോയ്ലറ്റ് തുടങ്ങി പ്രഥമ പബ്ലിക് സംവിധാനങ്ങൾ വീൽചെയർ ഫ്രണ്ട്ലിയായിരുന്നു.
ആളുകളുടെ സഹതാപ തരംഗങ്ങൾക്കും ഏറെക്കുറെ സമചിത്തതാ ബോധം കൈവന്നു. മൂന്നുമാസക്കാലം പ്രതീക്ഷകൾ ഇല്ലാതെ അലഞ്ഞു തിരിഞ്ഞെങ്കിലും ദിലീപിനെ കാത്തിരുന്നത് യു.എ.ഇയിലെ മികച്ച ഒരു കമ്പനി തന്നെയായിരുന്നു. രണ്ടര വർഷമായി ഇവിടെ സേവനമനുഷ്ഠിച്ചു വരുന്ന ദിലീപ് നിലവിൽ സീനിയർ സ്ഥാനത്ത് ജോലിയിൽ തുടരുകയാണ്.സ്വന്തം ആവശ്യങ്ങൾ സ്വതന്ത്രമായി നിറവേറ്റിയും ആഗ്രഹം പോലെ തനിയെ വാഹനം ഡ്രൈവ് ചെയ്തും ദിലീപ് ഓഫീസിലെത്തും. കരുത്തും കരുതലുമായി കാവൽ മാലാഖ സഹന ദിലീപിനൊപ്പം തന്നെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.