ഇസ്ഫഹാനിലേക്ക് സ്വാഗതമോതി മിയയിലെ പ്രദർശനം
text_fields
ഇസ്‍ലാമിക ലോകത്തിന്റെ ചരിത്രസൂക്ഷിപ്പുകൾ എന്ന നിലയിൽ ശ്രദ്ധേയമായി ഖത്തർ മ്യൂസിയംസിനു കീഴിലെ ഇസ്‍ലാമിക് ആർട്ട് മ്യൂസിയം (മിയ). സഹസ്രാബ്ദം പഴക്കമുള്ളത് മുതൽ വിവിധ നൂറ്റാണ്ടുകളിലേതുവരെ നീണ്ടുകിടക്കുന്ന ചരിത്രശേഖരങ്ങൾ സൂക്ഷിക്കുന്ന ‘മിയ’ അപൂർവമായൊരു പ്രദർശനമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. സഫാവിദ് സാമ്രാജ്യകാലത്തെ ഇസ്ഫഹാന്റെ സമ്പന്ന ചരിത്രം പരിശോധിക്കുന്നതാണ് ഈ അപൂർവ പുസ്തകങ്ങളുടെയും വസ്ത്രങ്ങളുടെയും ഉൾപ്പെടെ പ്രദർശനം. ‘ഇസ്ഫഹാനിലേക്ക് സ്വാഗതം’ എന്ന തലക്കെട്ടിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
ഇറാന്റെ പൈതൃകം, സംസ്‌കാരം, നഗരത്തിന്റെ പ്രസിദ്ധമായ വാസ്തുവിദ്യ വിസ്മയങ്ങൾ, കലാപരമായ നേട്ടങ്ങൾ, രുചിവൈവിധ്യത്തോടെയുള്ള പാചകരീതി, ശാസ്ത്രമേഖലയിലെ മുന്നേറ്റങ്ങൾ, നഗരത്തിന്റെ അതുല്യമായ മനോഹാരിതയെക്കുറിച്ച യൂറോപ്പിന്റെ കൗതുകകരമായ വീക്ഷണം എന്നിവ കൂടുതൽ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് മിയ ലൈബ്രറിയിലെ പ്രദർശനം വലിയ അവസരം വാഗ്ദാനംചെയ്യുന്നു.
ഇസ്ഫഹാന്റെ ഭൂതകാലത്തിലേക്കുള്ള ജാലകം എന്നാണ് പ്രദർശനത്തെ മിയ വെബ്‌സൈറ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രദർശനത്തിലെ ഹാഫ് ഓഫ് ദ വേൾഡ് ഈസ് ഇസ്ഫഹാൻ എന്ന പുസ്തകം ഇറാനിലുടനീളം ഒരു വർഷം നീണ്ടുനിന്ന മോട്ടോർ യാത്രയുടെ വിവരണമാണ്. കരോലിൻ സിംഗർ രചിച്ച പുസ്തകത്തിന് അവരുടെ ഭർത്താവ് സൈറസ് ബാൾഡ്രിഡ്ജ് ആറ് മുഴുവൻ പേജുകളിലായി സാങ്കുയിൻ ക്രയോൺ ചിത്രങ്ങൾ വരക്കുകയും നൂറിലധികം രേഖാചിത്രങ്ങൾ സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്.
ഇസ്ഫഹാന്റെ ചരിത്രത്തിലെ പ്രധാന ഭരണാധികാരിയായ ഷാ അബ്ബാസ് ഒന്നാമനെ പരിചയപ്പെടുത്തുന്ന മീറ്റ് ദ ഷാ ആണ് പ്രദർശനത്തിലെ പ്രധാന സവിശേഷത. 1597-1598 കാലഘട്ടത്തിൽ തന്റെ ഭരണസാമ്രാജ്യത്തിന്റെ തലസ്ഥാനം അദ്ദേഹം ഇസ്ഫഹാനിലേക്ക് മാറ്റുകയും അവിടെ അദ്ദേഹം നിരവധി പരിഷ്‌കാരങ്ങൾ കൊണ്ടുവരുകയും ചെയ്തു. നഗരത്തെ പുതിയ സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക, കലാ കേന്ദ്രമാക്കി മാറ്റുന്ന നിരവധി പദ്ധതികൾ ഭരണാധികാരി കമീഷൻ ചെയ്യുകയും ചെയ്തിരുന്നു.
സഫാവിദ് സാമ്രാജ്യകാലത്തെ രാജവസ്ത്രങ്ങളുടെ ഡിസൈൻ
1892ൽ പ്രസിദ്ധീകരിച്ച ജോർജസ് പെറോട്ടിന്റെ ഹിസ്റ്ററി ഓഫ് ആർട്ട് ഇൻ പേർഷ്യ പ്രദർശനത്തിലെ അപൂർവ പുസ്തകശേഖരങ്ങളിൽ ഉൾപ്പെടുന്നു.
നവംബർ ആദ്യ വാരത്തിൽ തുടങ്ങിയ പ്രദർശനം 2024 ജനുവരി 30 വരെ നീണ്ടുനിൽക്കും. 16ാം നൂറ്റാണ്ട് മുതൽ 18ാം നൂറ്റാണ്ടു വരെ നീണ്ടുകിടന്ന ഒന്നര നൂറ്റാണ്ടിലേറെ കാലം ഇറാനും ഇറാഖും ഉൾപ്പെടെ മേഖലകൾ ഭരിച്ച സമ്പന്നമായ ചരിത്രകാലത്തേക്കുള്ള സഞ്ചാരമാണ് സഫാവിദിനെ വരച്ചുകാട്ടുന്ന പ്രദർശനം ഒരുക്കുന്നത്. ചരിത്രവിദ്യാർഥികൾക്ക് അനുഭവിച്ചറിഞ്ഞും രേഖകൾ കണ്ടും സാക്ഷ്യപ്പെടുത്തിയും തന്നെ നൂറ്റാണ്ടുകളുടെ ഗതകാലമറിയാനുള്ള അവസരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.