28 വർഷത്തിന് ശേഷം മിസ് വേൾഡ് മത്സരത്തിന് ഒരുങ്ങി ഇന്ത്യ
text_fields71–ാമത് ലോക സൗന്ദര്യമത്സരത്തിന് ന്യൂഡൽഹിയിലും മുംബൈയിലും അരങ്ങൊരങ്ങും. മിസ് വേൾഡിന്‍റെ ഔദ്യോഗിക പേജിലൂടെയാണ് വിവരം പങ്കുവെച്ചത്. 28 വർഷങ്ങൾക്ക് ശേഷമാണ് മിസ് വേൾഡ് മത്സരത്തിന് ഇന്ത്യ ആതിഥേയത്വമരുളുന്നത്. വേൾഡ് ടോപ് ഡിസൈനർ അവാർഡ്, മിസ് വേൾഡ് ടോപ് മോഡൽ, മിസ് വേൾഡ് സ്പോർട്സ് ചാലഞ്ച് തുടങ്ങിയ മത്സരങ്ങൾ ന്യൂഡൽഹിയിലും മുംബൈയിലുമായി അരങ്ങേറും. ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോർപറേഷനാണ് പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്.
120 രാജ്യങ്ങളിൽ നിന്ന് മത്സരാർഥികൾ പങ്കെടുക്കുന്ന സൗന്ദര്യ മത്സരത്തിൽ ഇത്തവണ ഇന്ത്യയെ പ്രതിനീധീകരിക്കുന്നത് കർണാടക സ്വദേശിനിയായ സിനി ഷെട്ടിയാണ്. നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സിനി മുൻ മിസ് ഇന്ത്യ കർണാടക വിജയിയും ഭരതനാട്യം നർത്തകി കൂടിയാണ്. മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബ്യൂട്ടി വിത് എ പർപസ് ചാലഞ്ച് ഫെബ്രുവരി 21ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് നടക്കും. മാർച്ച് ഒൻപതിന് രാത്രി 7.30ന് ആരംഭിക്കുന്ന മത്സരം 10.30യോടെ അവസാനിക്കും. മുംബൈ ജിയോ വേൾഡ് കൺവെനഷൻ സെന്ററിലായിരിക്കും മിസ് വേൾഡ് ഗ്രാൻഡ് ഫിനാലെ അരങ്ങേറുക. കഴിഞ്ഞ തവണ ലോക സുന്ദരി പട്ടം കരസ്ഥമാക്കിയ പോളണ്ട് സ്വദേശിനി കരോലിനയാണ് വിജയിയെ കിരീടമണിയിക്കുന്നത്.
ലോകമെങ്ങും നടക്കുന്ന പല ചടങ്ങുകളിലും പ്രത്യേക ക്ഷണവും യാത്രകൾക്കായി വിമാന ടിക്കറ്റ്, താമസം, മനോഹരമായ ഡിസൈനർ വസ്ത്രങ്ങൾ, ആഭരണങ്ങൾ, പ്രമുഖ സ്റ്റൈലിസ്റ്റുമാരുടെ സേവനങ്ങൾ തുടങ്ങി നിരവധി ആനുകൂല്യങ്ങളും മിസ് വേൾഡായി ഇരിക്കുന്ന കാലയളവിൽ ഇവർക്ക് ലഭിക്കുമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്.
1996 ബെംഗളുരുവിലാണ് ഏറ്റവും ഒടുവിൽ ഇന്ത്യയിൽ ലോക സൗന്ദര്യ മത്സരം നടന്നത്. 88 മത്സരാർഥികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അന്ന് മത്സരത്തിൽ പങ്കെടുത്തത്. ഗ്രീസിൽ നിന്നുള്ള ഐറിൻ സ്ക്ലിവയായിരുന്നു അന്ന് മിസ് വേൾഡ് കിരീടം ചൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.