ഉടുത്തൊരുങ്ങി ചേന്ദമംഗലം കൈത്തറി
text_fieldsപരമ്പരാഗത വ്യവസായങ്ങളുടെ മടിത്തട്ടായ പറവൂരിൽ ചേന്ദമംഗലം കൈത്തറി മേഖലക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. ഒരുകാലത്ത് മലയാളികളുടെ വസ്ത്രധാരണ ശീലത്തിന്റെ അഴകും അടയാളവുമായിരുന്നു ചേന്ദമംഗലം കൈത്തറി. കാലത്തിന്റെ കുത്തൊഴുക്കിൽ ഇതര പരമ്പരാഗത വ്യവസായങ്ങൾ എന്നതുപോലെ കൈത്തറി മേഖലക്കും അടിതെറ്റി.
എന്നാൽ, സർക്കാറിന്റെയും മറ്റ് സാമൂഹിക, സന്നദ്ധ സംഘടനകളുടെയും കൈത്താങ്ങും ജനകീയ ഇടപെടലുകളും ഈ മേഖലയെ പിടിച്ചുനിൽക്കാൻ സഹായിച്ചു. ഓണം, വിഷു പോലെയുള്ള ഉത്സവകാലങ്ങളിൽ ഒതുങ്ങിനിന്ന കൈത്തറി വിപണിക്ക് അത്തരം പരിമിതികളെ മറിക്കടക്കാൻ ആധുനികതയും പുതിയ സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള ഉൽപാദനവും വിപണനവും സഹായിക്കുന്നുണ്ട്.
പ്രളയം തീർത്ത പ്രതിസന്ധി
2018ലെ പ്രളയം കൈത്തറി വ്യവസായത്തെ തകർച്ചയുടെ വക്കിലെത്തിച്ചു. 400ഓളം തറികൾ നശിക്കുകയും കൈത്തറി വസ്ത്രങ്ങൾ വെള്ളം കയറി നശിക്കുകയും ചെയ്തത് പ്രതിസന്ധിയുടെ ആഴം കൂട്ടി. തറി ഉപകരണങ്ങളും പാവുണക്ക് കേന്ദ്രങ്ങളും നശിച്ചു. അതിജീവനത്തിന് വിവിധ കോണുകളിൽനിന്ന് ലഭിച്ച സഹായം ഏറെ വിലപ്പെട്ടതായിരുന്നു. വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും സർക്കാർ സംവിധാനവും നൽകിയ പിന്തുണയും സഹായവും ഉപയോഗപ്പെടുത്തിയാണ് മറികടന്നത്. തറികൾ പുനഃസ്ഥാപിക്കുകയും പാവ് ഉണക്ക് കേന്ദ്രങ്ങളും നെയ്ത്തുപകരണങ്ങളും നവീകരിക്കുകയും ചെയ്തു. ഇതോടെ, ചേന്ദമംഗലം കൈത്തറി തിരിച്ചുവരവ് നടത്തിയെങ്കിലും കോവിഡ് വില്ലനായി.
ചേന്ദമംഗലം കൈത്തറി നെയ്ത്ത് വ്യവസായവുമായി ബന്ധപ്പെട്ട് അഞ്ച് സംഘങ്ങളിലായി 550ഓളം തൊഴിലാളികൾ പ്രവർത്തിക്കുന്നു. ഇതിൽ പറവൂർ ടൗൺ കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന്റെ പ്രവർത്തനം ഏറെ ശ്രദ്ധേയമാണ്. ഇതിന് പുറമെ പറവൂർ കൈത്തറി സംഘം, ചേന്ദമംഗലം കൈത്തറി സഹകരണ സംഘം, കരിമ്പാടം കൈത്തറി സംഘം, കുരിയാപ്പിള്ളി കൈത്തറി സംഘം എന്നിവയും സജീവമാണ്. ഈ സംഘങ്ങൾ ഓൺലൈൻ വിപണം തുടങ്ങിയ ശേഷം വലിയ രീതിയിലുള്ള മാറ്റങ്ങൾ മേഖലയിൽ ഉണ്ടായിട്ടുണ്ട്. പുതിയ കാലത്തിന് അനുസരിച്ചുള്ള വസ്ത്രങ്ങൾ ഉൽപാദിപ്പിക്കാനുള്ള ശ്രമങ്ങൾ സംഘങ്ങൾ നടത്തി വരുന്നതും പുത്തനുണർവാണ് പകർന്നിട്ടുള്ളത്. നൂതന ഡിസൈനുകൾക്ക് അനുസൃതമായി തറികളിൽ നവീകരണം നടപ്പാക്കിവരുകയാണ്.
തൊഴിലാളികൾക്കുള്ള വ്യക്തിഗത വർക്ക് ഷെഡുകൾ, തറികൾ, പുതുതായി ഈ മേഖലയിലേക്ക് ആളുകളെ കൊണ്ടുവരാൻ ‘യുവ വിവ്’ പോലുള്ള നെയ്ത്ത് പരിശീലന പദ്ധതികൾ, തൊഴിലാളികൾക്ക് വിശ്രമകേന്ദ്രങ്ങൾ എന്നിവയടക്കം വൈവിധ്യമാർന്ന പദ്ധതികൾ നടപ്പാക്കി വരുന്നു.
ഓണമാണ് പ്രതീക്ഷ
ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുണ്ട് ചേന്ദമംഗലം കൈത്തറിക്ക്. ഉത്സവകാലം പ്രതീക്ഷിച്ച് നിരവധി വർണങ്ങളിലും പുതിയ മോഡലുകളിലുമായി വൻ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. ഡബിൾ മുണ്ടുകൾ, കസവ് മുണ്ടുകൾ, സെറ്റ് മുണ്ടുകൾ എന്നിവക്ക് പുറമെ പുതിയ ഡിസൈനിൽ തീർത്ത ഷർട്ടുകൾ, ചുരിദാർ മെറ്റീരിയലുകൾ, ബെഡ്ഷീറ്റുകൾ, ഒറ്റമുണ്ടുകൾ, കളർ മുണ്ടുകൾ, കൈത്തറി സാരികൾ, ഡിസൈൻസ് സാരികൾ എന്നിവ ഓണത്തോടനുബന്ധിച്ച് വിപണിയിൽ എത്തിച്ചിട്ടുണ്ട്.
പരമ്പരാഗത രീതിയിൽത്തന്നെ വീടുകളിൽ നെയ്തൊരുക്കുമ്പോൾ സഹകരണ സംഘങ്ങളുടെ ഫാക്ടറികളിൽ പഴമയും ആധുനികതയും ഒത്തുചേർന്ന രീതികളാണ് അവലംബിക്കുന്നത്. അതേസമയം, കൈത്തറി തൊഴിലാളികൾക്ക് ആശ്വാസമായി 2013 മുതൽ നടപ്പാക്കിയിരുന്ന പ്രോഡക്ട് ഇൻസെന്റിവ് ഇപ്പോൾ നിലച്ച മട്ടാണ്. ഇത് എത്രയും വേഗം ലഭിച്ചാൽ തൊഴിലാളിക്ക് വലിയ ആശ്വാസമായിരിക്കുമെന്നു പറവൂർ ടൗൺ കൈത്തറി നെയ്ത്ത് സഹകരണ സംഘം സെക്രട്ടറി എ.പി. ഗിരീഷ് കുമാർ പറഞ്ഞു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.