നാം ഏറെ ഇഷ്ടത്തോടെ വലിയ വില കൊടുത്തു വാങ്ങിയ ഭംഗിയുള്ള വസ്ത്രങ്ങൾ പഴയതായി കഴിഞ്ഞാൽ എന്തു ചെയ്യും? ആവശ്യക്കാർ ആരെങ്കിലുമുണ്ടെങ്കിൽ അവർക്കു കൈമാറും, അല്ലെങ്കിൽ ഉപേക്ഷിക്കും, ഇതോടെ നമ്മുടെ പ്രശ്നവും തീരും -ഇതായിരിക്കും ഉത്തരം. എന്നാൽ, നാം ഒരുതവണ ഉപയോഗിച്ച വസ്ത്രങ്ങൾ വീണ്ടും ധരിക്കുന്നവരുടെ കാര്യമോ? പഴകിയതും പിന്നിയതുമായ വസ്ത്രങ്ങൾ മാത്രം ധരിക്കേണ്ടി വരുന്നവരുടെ കാര്യം പലരും ചിന്തിച്ചിട്ടു പോലുമുണ്ടാകില്ല.
ആഞ്ചൽ സെവാനി
എന്നാൽ, നോയ്ഡയിലെ സ്വകാര്യ സർവകലാശാലയിലെ ഇക്കണോമിക്സ് വിദ്യാർഥിനി ആഞ്ചൽ സെവാനിയെന്ന ഡൽഹിക്കാരി കഴിഞ്ഞ കുറെ വർഷമായി ചിന്തിച്ചു കൊണ്ടിരിക്കുന്നത് ഇൗ ഒരൊറ്റ കാര്യമാണ്. നമ്മെപ്പോലെ തന്നെ ആകർഷകമായ വസ്ത്രങ്ങൾ ധരിക്കാൻ പാവപ്പെട്ടവർക്കും അവകാശമുണ്ടെന്നു വിശ്വസിക്കുന്ന ആഞ്ചൽ, പഴകിയതും പിന്നിപ്പോയതുമായ വസ്ത്രങ്ങൾ ദാനമെന്ന പേരിട്ട് ഉപേക്ഷിക്കുന്ന മനോഭാവത്തിന് അറുതി വരുത്താൻ സ്വീകരിച്ച ഉപായമാണ് ഏറ്റവും ശ്രദ്ധേയം. ദാനമായി കൊടുക്കുന്ന പഴകിയ വസ്ത്രങ്ങൾ ശേഖരിച്ച് അതിൽ മനോഹരമായി ഡിസൈനുകൾ വരച്ചു ചേർത്ത് വസ്ത്രങ്ങൾക്കു പുതുമോടി പകരുന്ന അടിപൊളി വിദ്യയായിരുന്നു അത്. കാണുമ്പോൾ തന്നെ പുത്തനെന്നു തോന്നുന്ന വസ്ത്രങ്ങൾ ഇങ്ങനെ കൈമാറിയതോടെ നൂറുകണക്കിനു കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിടർന്നുവെന്ന് ആഞ്ചൽ. ഇൗ പുഞ്ചിരികൾ മായാതിരിക്കാനുള്ള പ്രവർത്തനങ്ങളിലാണ് ഇൗ പെൺകുട്ടി. ആഞ്ചൽ സെവാനി ഡിസൈൻ ചെയ്ത ദുപ്പട്ട
പഴകിയ വസ്ത്രങ്ങൾ ഇത്തരത്തിൽ ഉപേക്ഷിക്കുന്നവർ അതു വീണ്ടും ഉപയോഗിക്കാൻ കഴിയുന്നതാണോ എന്നുപോലും ചിന്തിക്കാറില്ല. ഇതിനു മാറ്റം വരാത്ത കാലത്തോളം പഴകി മുഷിഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ തന്നെയാണ് കുട്ടികളുൾപ്പെടെയുള്ള നിർധനരുടെ വിധിയും. ഇൗ രീതിക്ക് മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് ആഞ്ചൽ സെവാനി എന്ന ബിരുദ വിദ്യാർഥിനി. കുട്ടിക്കുപ്പായങ്ങളിൽ ഡിസൈൻ ചെയ്യുന്നതിനുമുമ്പ് ഞാൻ അവരുടെ ഇഷ്ടങ്ങളെക്കുറിച്ച് ചോദിക്കും. മിക്കി മൗസോ മത്സ്യ കന്യകയോ കുതിരയോ ഡൊണാൾഡ് ഡക്കോ അങ്ങനെ അവർക്ക് ഇഷ്ടപ്പെട്ട രൂപങ്ങളായിരിക്കും വസ്ത്രങ്ങളിൽ വിരിയുക -കുഞ്ഞു മുഖങ്ങളിൽ തെളിയുന്ന സന്തോഷങ്ങളെക്കുറിച്ച് ആഞ്ചൽ പറയുന്നു. ആഞ്ചൽ ഭംഗിയായി ഡിസൈൻ ചെയ്ത കുഞ്ഞുടുപ്പ് ലഭിച്ച ബീഗംപൂരിലെ പതിമൂന്നുകാരി സാക്ഷിക്ക് വലുതായാൽ മോഡൽ ആവാനാണ് ഇഷ്ടം. ''ദീദി എനിക്കു വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത ദുപ്പട്ടയണിഞ്ഞ് ഞാൻ ഇപ്പോൾ പോസ് ചെയ്തു തുടങ്ങിയിരിക്കുന്നു. എനിക്കു ലഭിച്ചതിൽ വെച്ചേറ്റവും വലിയ സമ്മാനമാണിത്.''