ഫാസ്റ്റ് ഫാഷൻ ട്രെൻഡ് സങ്കൽപം തൊണ്ണൂറുകളിൽ അതിവേഗമാണ് ജനങ്ങളിൽ പടർന്നത്. ഒരു സീസണിലേക്ക് ഒരു ഫാഷൻ എന്ന പരമ്പരാഗത സങ്കൽപത്തിൽനിന്നുമാറി, കുറഞ്ഞ കാലത്തേക്ക് ഒരു ഫാഷൻ/ഒരു ട്രെൻഡ് എന്നതിലേക്ക് വസ്ത്രവിപണി മാറി. ചെറു വിശേഷങ്ങൾക്കുപോലും പുതിയ വസ്ത്രം/പുതിയ ട്രെൻഡ് അണിയണമെന്നാഗ്രഹിക്കുന്നവർക്ക് ആഹ്ലാദമേകിയാണ് ഫാസ്റ്റ് ഫാഷൻ എത്തിയത്. താരതമ്യേന കുറഞ്ഞ വില, പുത്തൻ ഡിസൈൻ, ധാരാളം സെലക്ഷൻ തുടങ്ങിയ ആകർഷണങ്ങൾക്കൂടി ആയതോടെ ഇത് കേറി...
ഫാസ്റ്റ് ഫാഷൻ ട്രെൻഡ് സങ്കൽപം തൊണ്ണൂറുകളിൽ അതിവേഗമാണ് ജനങ്ങളിൽ പടർന്നത്. ഒരു സീസണിലേക്ക് ഒരു ഫാഷൻ എന്ന പരമ്പരാഗത സങ്കൽപത്തിൽനിന്നുമാറി, കുറഞ്ഞ കാലത്തേക്ക് ഒരു ഫാഷൻ/ഒരു ട്രെൻഡ് എന്നതിലേക്ക് വസ്ത്രവിപണി മാറി. ചെറു വിശേഷങ്ങൾക്കുപോലും പുതിയ വസ്ത്രം/പുതിയ ട്രെൻഡ് അണിയണമെന്നാഗ്രഹിക്കുന്നവർക്ക് ആഹ്ലാദമേകിയാണ് ഫാസ്റ്റ് ഫാഷൻ എത്തിയത്.
താരതമ്യേന കുറഞ്ഞ വില, പുത്തൻ ഡിസൈൻ, ധാരാളം സെലക്ഷൻ തുടങ്ങിയ ആകർഷണങ്ങൾക്കൂടി ആയതോടെ ഇത് കേറി ഹിറ്റായി. എന്നാൽ, ജലമടക്കം ഭൂമിയിലെ വിഭവങ്ങൾ ധാരാളം ചെലവിട്ട് നിർമിച്ചെടുക്കുന്ന ഈ വേഗ ഫാഷൻ നമ്മുടെ ഭൂമിക്കും പരിസ്ഥിതിക്കും പരിക്കേൽപ്പിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകിവരുകയായിരുന്നു.
എന്നാൽ, അതിലും വലിയ ഭീഷണിയാണിപ്പോൾ ഉയർന്നിരിക്കുന്നത്. അൾട്രാഫാഷൻ അഥവാ അതിവേഗ ഫാഷൻ അവതരിപ്പിക്കുന്ന ആഗോള ബ്രാൻഡുകളും ലോക്കൽ ബ്രാൻഡുകളും മുളച്ചുപൊന്താൻ തുടങ്ങി. ഇതോടെ, ഫാസ്റ്റ് ഫാഷനെ എതിർത്തവർ അമ്പരന്നിരിക്കുകയാണ്. ത്രീഡി പ്രിന്റിങ്, ഡിജിറ്റൽ പ്രിന്റിങ് തുടങ്ങിയ സാങ്കേതിക വിദ്യകളുടെ സഹായത്താൽ ഒറ്റയടിക്ക് ആയിരക്കണക്കിന് ഡിസൈനുകൾ ഒരുക്കുകയും അവ മിന്നൽവേഗത്തിൽ ഉൽപാദിപ്പിച്ച് ചെയിൻ സ്റ്റോറുകൾ വഴി ലോകമെങ്ങും വിറ്റഴിക്കുകയും ചെയ്യുന്നു.
ഏറെ വിലക്കുറവിലും ധാരാളം സെലക്ഷനിലും സവിശേഷ ഡിസൈനിലും ലഭ്യമായതോടെ യുവതലമുറ ഇവക്കു പിന്നാലെയാണിപ്പോൾ. ഒന്നോ രണ്ടോ അവസരത്തിൽ മാത്രം അണിഞ്ഞ് വസ്ത്രങ്ങൾ അതിവേഗം ഉപേക്ഷിക്കുന്നു. ഈ ശീലം നമ്മുടെ സുസ്ഥിര ഭൂമിയെന്ന സ്വപ്നത്തിന് തടസ്സമാവുകയും കാർബൺ പുറന്തള്ളൽ ഭീകരമാംവിധം വർധിക്കുമെന്നും പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഏറെ അപകടകരമായ ഈ ട്രെൻഡ് നിയന്ത്രിച്ചില്ലെങ്കിൽ 2050ൽ ആഗോളതാപനം രണ്ട് ഡിഗ്രി സെൽഷ്യസിൽ നിർത്താൻ കഴിയാതെവരുമെന്നും സംഘടനകൾ മുന്നറിയിപ്പു നൽകുകയാണ്.
‘മികച്ച ഫാഷൻ, വിലക്കുറവിൽ’ എന്ന പേരിൽ നമ്മുടെ നാട്ടിൻപുറങ്ങളിൽപോലും വൻ സ്റ്റോറുകളുമായി എത്തിക്കഴിഞ്ഞ പല പ്രമുഖ ദേശീയ ബ്രാൻഡുകളും ഫാസ്റ്റ്, അൾട്രാ ഫാസ്റ്റ് ഫാഷൻ ശൈലി തന്നെയാണ് പിന്തുടരുന്നത്. പ്രാദേശിക വസ്ത്ര വ്യാപാരികളെ കുത്തുപാളയെടുപ്പിക്കുന്നതിനുപുറമെ ഭൂമിക്ക് ചരമഗീതമൊരുക്കുക കൂടിയാണവർ എന്നതും മറക്കാതിരുന്നുകൂടാ.