ഒാണം പിറക്കും പുടവത്തുമ്പിലും
text_fieldsനാടായ നാട്ടിലൊക്കെ ഒാണം പിറക്കുന്നത് നേരിട്ടറിയുന്നത് വേലിപ്പടർപ്പിലും പൂച്ചെടിത്തുമ്പിലുമൊക്കെയാണ്. എന്നാൽ, പുടവകളിൽ ഒാണപ്പിറവി കാണാൻ കണ്ണൂർ പഴയങ്ങാടിയിൽ ചെല്ലണം. വസ്ത്രങ്ങളിൽ വരകൾ കൊണ്ട് നിറച്ചാർത്തു തീർക്കുന്ന രേഖ സൂരജിന്റെ തട്ടകമാണത്. ആടകളിൽ വ്യത്യസ്തത തേടുന്നവർ ചെന്നെത്തുന്ന ഇടം. ചിങ്ങത്തിലും മേടത്തിലും ആടിയിലും മാത്രമല്ല ആണ്ടൊട്ടുക്കും ചിത്രവസ്ത്ര പ്രേമികൾ രേഖയെ തേടിയെത്തും. രേഖ മ്യൂറൽസിന്റെ അമരക്കാരിയാണവർ. വിനോദം ആദായത്തിലേക്ക് വഴി മാറിയപ്പോൾ കൊള്ളാമല്ലോ എന്ന് സ്വയം പറഞ്ഞ് വരയുടെ വരുമാന ലോകത്തേക്ക് ചേക്കേറിയവർ. ചിത്രകല അധ്യാപകൻ കൂടിയായ അച്ഛൻ കൈപിടിച്ച് ചാലിച്ചുചേർപ്പിച്ച നിറങ്ങളിലേക്ക് കുടിയേറിയവൾ.
വരച്ച സന്തോഷങ്ങൾ കാമറയിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ ചേർത്തതോടെ ആരാധകരേറി. ഒറ്റക്കും തെറ്റക്കും കൂട്ടായുമൊക്കെ ചിത്രപ്രേമികൾ സമീപിച്ച് തുടങ്ങി. വരയെ വരുമാന വഴിലേക്ക് വഴിതിരിച്ചുവിട്ടതിനെപ്പറ്റി രേഖ പറഞ്ഞുതുടങ്ങി. ഇന്ന് ഭേദപ്പെെട്ടാരു വരുമാനം വരുന്നുണ്ട്. അത് നൽകുന്ന ആത്മവിശ്വാസവും സന്തോഷവും ചെറുതല്ല. ഭർത്താവ് സൂരജിന്റെയും വീട്ടുകാരുടെയും പിന്തുണയേറിയപ്പോൾ വരക്കാതിരിക്കുന്നതെങ്ങനെ.
കരകൗശലവിദ്യ നന്നായി സ്വായത്തമായവർക്ക് മാത്രം വഴങ്ങുന്നതാണ് ഇപ്പണി. 1500 രൂപ മുതൽ 6500 രൂപവരെയുള്ള ചിത്രപ്പണികളിൽ കൈവെച്ചിട്ടുണ്ട്. ഒാരോന്നും അത്രമേൽ േമന്മയോടെ ചാലിച്ചൊരുക്കുന്നതിനാൽ എല്ലാ രചനകളും പ്രിയപ്പെട്ടതാണെന്ന് ഇൗ കലാകാരി തുറന്നുസമ്മതിക്കുന്നു. കഥകളിയും തെയ്യവും പൂക്കളും രാധയും കൃഷ്ണനും തുടങ്ങി ഒാണപ്പുടവക്ക് ചന്തംചാർത്താൻ പലതുണ്ട് വിദ്യകൾ. ഏറ്റവും ഇഷ്ടപ്പെട്ട ഡിസൈൻ അതേമട്ടിൽ വരച്ച് കൈമാറുേമ്പാൾ കിട്ടുന്ന സന്തോഷത്തിന് കൈയും കണക്കുമില്ല. കടൽ കടന്നിട്ടുണ്ട് പലകുറി രേഖയുടെ ചിത്രരചനകൾ.
ഒരു പതിറ്റാണ്ടിലേറെയായി മ്യൂറലുകൾ വസ്ത്രങ്ങളിൽ ഇരുപ്പുറപ്പിച്ചിട്ട്. മയിൽപ്പീലിയും കൊന്നപ്പൂവുമൊക്കെ പഴങ്കഥയായി. ഇന്ന് ഏറ്റവും നല്ല ചിത്രങ്ങൾ മൊഞ്ചൊട്ടും ചോരാതെ വരച്ചുകൊടുക്കുന്നവർക്ക് മാറ്റേറെയാണ്. പാരമ്പര്യമായി കിട്ടിയ കഴിവിന് പുറമെ, പഠിച്ചറിഞ്ഞാണ് രേഖ വരക്കാനിറങ്ങിയത്. അതിന് ചിത്രാധ്യാപികയുടെ ജോലി ത്യജിക്കാൻ പലവട്ടം ആലോചിക്കേണ്ടിവന്നില്ല. കാരണം, അത്രമേൽ ഇഷ്ടത്തോടെയാണ് അവർ ഒാരോ നൂലിഴയിലും ചായം തേക്കുന്നത്. അത് പട്ടിലാണോ പരുത്തിയിലാണോ എന്നതൊന്നും പ്രശ്നമല്ല. തന്നെ അറിഞ്ഞുവന്നവർ ഏറ്റവും മികച്ചൊരു കലാസൃഷ്ടി ദേഹത്തണിയണം. ഒാരോരുത്തരും സ്വയമൊരു പ്രദർശനശാലയാകുന്ന അത്ഭുതമാണത്.
രവിവർമ ചിത്രങ്ങളാണ് ഏറക്കാലം അരങ്ങ് വാണത്. ഇപ്പോൾ ഒാരോരുത്തരും മനോധർമം അനുസരിച്ച്, മിഴിവും ഭംഗിയുമുള്ള ചിത്രങ്ങളെ വരച്ചൊരുക്കുന്നു. ആവശ്യപ്പെടുന്നത് വരച്ചുനൽകുന്ന രീതി വന്നതോടെ, ഈ കണ്ടത് മറ്റെവിടെയും കാണില്ല എന്ന് ഉറപ്പിച്ചുപറയാവുന്നത്ര വൈവിധ്യം വന്നുകഴിഞ്ഞു. ഉത്സവങ്ങൾക്ക് മാത്രമല്ല, വിശേഷാവസരങ്ങളിലും ഇത്തരം സൃഷ്ടികൾക്കുള്ള ആരാധകരുടെ എണ്ണം കൂടിക്കൂടി വരികയാണ്. നിശ്ചയവും കല്യാണവും, ജന്മദിനവും, ചോറൂണും തുടങ്ങി ഉടുത്തൊരുങ്ങാൻ അവസരം കിട്ടുേമ്പാഴെല്ലാം നല്ല കൈപ്പുണ്യമുള്ളവരെ തേടി വിളിയെത്തും.
സിൽക്ക്, ടസർ സിൽക്ക്, റോ സിൽക്ക്, കോട്ടൺ, ലിനൻ, സിൽക്ക് കോട്ടൺ എന്നിങ്ങനെ തുണി ഏതായാലും ചിത്രം വരക്ക് തടസ്സമില്ല. സാരിയിൽ മാത്രമല്ല ദുപ്പട്ട, ഷർട്ട് തുടങ്ങി ഏതു വേഷവും ചിത്രശാലയാക്കാം. സാരിയിൽ മുന്താണിയിൽ ചിത്രം വരക്കാനാണ് ഏറെ പേർക്കും താൽപര്യം. സാരിയുടെ അരികുകളിലും ചിത്രങ്ങളൊരുക്കാം. ദുപ്പട്ടയിലാണെങ്കിൽ ഏതു ഭാഗത്തും ചിത്രമെഴുതാം. മ്യൂറൽ മാത്രമാണ് വരക്കുന്നത് എന്ന് കരുതിയെങ്കിൽ തെറ്റി. റിയലിസ്റ്റിക്, അബ്സ്ട്രാക്ട് ചിത്രങ്ങളും വരക്കാം. ചിലത് ഏതാനും മണിക്കൂറുകൾ കൊണ്ട് തീരും. വേറെ ചിലതിന് ഒരാഴ്ചയെടുക്കും. യന്ത്രം കണക്കെ വരച്ചുതള്ളുകയല്ല. താൽപര്യത്തിന് തെല്ലും കുറവില്ലാത്തതിനാൽ, ഇഷ്ടം തോന്നുമ്പോൾ എത്ര നേരംവേണമെങ്കിലും വരച്ചൊരുക്കുന്നതാണ് രേഖയുടെ രീതി.
നേർത്ത വര കൊണ്ട് ആൾക്കൂട്ടത്തിൽ ഒരാളാകുന്ന വിഭാഗക്കാരല്ല രേഖയുടെ ഇഷ്ടക്കാർ. വരച്ചത് കാണണം. കാണുന്നിടത്തൊക്കെ വര വേണം എന്ന കാഴ്ചപ്പാടുള്ളവരാണ് അക്കൂട്ടർ. ഹെവി ഡിസൈൻ ഇഷ്ടപ്പെടുന്നവർ എന്നാണ് ഇക്കൂട്ടർക്കുള്ള വിശേഷണം. തെയ്യവും ബുദ്ധനും കൃഷ്ണനാട്ടവുമൊക്കെ അത്തരക്കാരുടെ പൂതിയെ തൃപ്തിപ്പെടുത്തുന്നവയാണ്. മുന്താണിയിൽ മാത്രമല്ല, നെഞ്ചിൻ മുകളിലും ഉണ്ടാകും ചിത്രത്തിന്റെ ഒരു വകഭേദം. വീണ്ടും വീണ്ടും നോക്കാൻ പ്രേരിപ്പിക്കുന്ന വരകളുടെ മാസ്മരികതയാണ് ഒാരോന്നിലും ഒരുക്കൂട്ടുന്നത്.
ഇൗ ട്രെൻഡിന് കോട്ടം തട്ടുന്നില്ല എന്ന് മാത്രമല്ല, കൂടുതൽ വിശേഷാവസരങ്ങളിലേക്ക് ചിത്രപ്പണികൾ അവതരിക്കുകയാണ് ചെയ്യുന്നത്. ആഡംബരത്തിന്റെ അവസാന വാക്കുപോലെയാണ് ചിത്രപൂരണത്തിൽ സംഭവിക്കുന്നത്. ഇടത്തരക്കാർ കോട്ടൺ, ടിഷ്യു സാരികൾ ചിത്രരചനക്കുള്ള മാധ്യമമാക്കുമ്പോൾ വേറെ ചിലർ പട്ടിന്റെ വകഭേദങ്ങളെയാണ് കൂടെ കൂട്ടുന്നത്. ഏറ്റവും ആസ്വദിച്ച് ചെയ്യുന്നൊരു കാര്യമാണ് ഇതെന്ന് രേഖ. അതുവഴി, വരുമാനവും കൂടി ഉറപ്പായപ്പോൾ സ്വർണത്തിന് സുഗന്ധംകൂടി കൈവന്ന സന്തോഷത്തിലാണ് അവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.