കണ്ണൂർ നെയ്തെടുക്കും പുടവ
text_fieldsകണ്ണൂർ: കൈത്തറിയുടെ പാരമ്പര്യവും പൈതൃകവും ഇഴ പാകി കോലത്തുനാടിന്റെ ചന്തംനിറച്ച് കണ്ണൂർ പുടവയൊരുങ്ങുന്നു. നെയ്ത്തുകാരുടെ സഹായത്തോടെ പരമ്പരാഗത കൈത്തറി വിവാഹ സാരിയായ ‘കണ്ണൂർ പുടവ’ പുറത്തിറക്കി കേരള വസ്ത്രവിപണിയിൽ സാന്നിധ്യമറിയിക്കാനൊരുങ്ങുകയാണ് ജില്ല പഞ്ചായത്ത്. ഗുണനിലവാരത്തിൽ പ്രശസ്തമായ കാഞ്ചീപുരം സാരികൾക്കൊപ്പമാണ് കണ്ണൂരിന്റെ തനത് കൈത്തറി സാരികൾ. തിറകളുടെയും തറികളുടെയും നാടായ കണ്ണൂരിന്റെ പരമ്പരാഗത ചിത്രങ്ങളും അടയാളങ്ങളും നിറച്ചാണ് കണ്ണൂർ പുടവ നെയ്തെടുക്കുക. ഉപഭോക്താക്കളുടെ താൽപര്യത്തിനനുസരിച്ച് മാറ്റം വരുത്തിയ ഇഷ്ടാനുസൃത സാരികളും ലഭിക്കും.
ആറുമാസത്തിനുള്ളിൽ കണ്ണൂരിന്റെ സ്വന്തം സാരി വിപണിയിലെത്തും. സാരി നെയ്യാൻ കഴിവുള്ള ജില്ലയിലെ നെയ്ത്തുകാരെ കണ്ടെത്തി ജില്ല പഞ്ചായത്ത് പരിശീലനം നൽകും. നെയ്ത്തുശാലകൾ ആധുനിക രീതിയിൽ ഒരുക്കാൻ ജില്ല പഞ്ചായത്ത് സഹായിക്കും. കണ്ണൂർ പുടവക്കായി അടുത്തവർഷത്തേക്കുള്ള ബജറ്റിൽ 10 ലക്ഷം രൂപ വകയിരുത്തും. കോഴ്സ് പൂർത്തിയാക്കിയ ഫാഷൻ ഡിസൈനിങ് വിദ്യാർഥികൾക്കായി ശിൽപശാല നടത്തും. പ്രാദേശിക സാമ്പത്തിക വികസന രംഗത്തെ ഇടപെടലുകൾക്കായി സംസ്ഥാന സർക്കാറിന്റെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ആശയം എന്ന പദ്ധതിയുടെ ഭാഗമായി ജില്ല പഞ്ചായത്തിന്റെ ആശയമാണ് കണ്ണൂർ പുടവ.
ആറന്മുള കണ്ണാടി പോലെ നാടിന്റെ അടയാളമായി കണ്ണൂരിലെത്തുന്നവർക്ക് ഹൃദയത്തിൽ സൂക്ഷിക്കാനാവുന്ന തരത്തിൽ കണ്ണൂർ പുടവ മാറുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. ഉപയോക്താക്കൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാവും. കൈത്തറി സംരംഭങ്ങളിലെ വിദഗ്ധരെ തെരഞ്ഞെടുത്ത് കല്യാണസാരി നെയ്യാൻ പ്രത്യേക പരിശീലനം ഉടൻ നൽകും. തറികളുടെ നിലവാരം ശ്രദ്ധിക്കും. പ്രശസ്തരായ ഡിസൈനർമാരുടെ സഹായത്തോടെയാണ് നെയ്ത്തുകാർക്ക് പരിശീലനം നൽകുക.
തറിയുടെ നാടായി അറിയപ്പെടുന്ന കണ്ണൂരിലെ നെയ്ത്തുതെരുവുകളെല്ലാം ഒരുകാലത്ത് സജീവമായിരുന്നെങ്കിൽ വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഇപ്പോൾ ഈ തൊഴിലെടുക്കുന്നത്. പതിയെ വസ്ത്രനിർമാണ മേഖലയിൽനിന്ന് കൈത്തറി പടിക്കുപുറത്താകാൻ തുടങ്ങി. മഗ്ഗങ്ങൾ (തുണികൾ നെയ്തെടുക്കാൻ പരമ്പരാഗത നെയ്ത്തുതൊഴിലാളികൾ ഉപയോഗിക്കുന്ന യന്ത്രം) അപ്രത്യക്ഷമായി തുടങ്ങി. വീടുകൾ കേന്ദ്രീകരിച്ച് മാത്രമാണ് ഇപ്പോൾ നെയ്ത്ത്. ഒരുദിവസം മുഴുവൻ നെയ്താലും ജീവിക്കാനാവശ്യമായ തുകപോലും ലഭിക്കാത്ത അവസ്ഥയാണെന്ന് നെയ്ത്തുതൊഴിലാളികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.