ലോക്ഡൗൺ കാലത്തെ വർണത്തുന്നലുകൾ
text_fieldsലോക്ഡൗൺ കാലത്ത് എന്തുചെയ്തെന്ന് ചോദിച്ചാൽ പലർക്കും പല മറുപടികളാകും. ചിലർ കണ്ടുതീർത്ത സിനിമകളുടെയും സീരീസുകളുടെയും പട്ടിക നിരത്തും. മറ്റുചിലർ വായിച്ച പുസ്തകങ്ങളുടെ വിശേഷം പറയും. ചിലർ മുറ്റത്തൊരുക്കിയ ഗാർഡനിലേയും അടുക്കളയിലെ പച്ചക്കറിത്തോട്ടത്തിൻെറയും വൈവിധ്യങ്ങളെക്കുറിച്ച് വാചാലരാകും.
എന്നാൽ ചോദ്യം മലപ്പുറം കൽപ്പകഞ്ചേരിയിലെ സീനത്ത് ഇർഷാദിനോട് ചോദിച്ചാൽ ചുമരിലെ വർണ്ണച്ചിത്രങ്ങളിലേക്ക് ചൂണ്ടിക്കാട്ടും. മേശയിലിരിക്കുന്ന നിറങ്ങൾ ഒലിച്ചിറങ്ങിയ പാതിതീർന്ന മഷിക്കുപ്പികളും വെട്ടിക്കൂട്ടിയ വർണക്കടലാസുകളും ഇതിന് സാക്ഷിയാകും.
ലോക്ഡൗൺ കാലത്ത് വീണുകിട്ടിയ സമയം ഉള്ളിലെ നിറക്കൂട്ടുകളെയും സർഗാത്മകതയെയും പറത്തിവിടാനാണ് ഈ പെൺകുട്ടി വിനിയോഗിച്ചത്. കഠിനാധ്വാനത്തിനൊടുവിൽ അതിമനോഹരങ്ങളായ നിരവധി കാലിഗ്രഫികളും എംബ്രോയ്ഡറി വർക്കുകളും പിറന്നുവീണു.
ലോക്ഡൗൺ ഒരുക്കിയ അവസരം
ചെറിയ രീതിയിൽ വരക്കാറുണ്ടായിരുന്നെങ്കിലും ലോക്ഡൗൺ സമയത്താണ് ഇച്ചിരി ഗൗരവമായി വരച്ചുതുടങ്ങിയത്. യൂട്യൂബിൽ നോക്കി അറബിക് കാലിഗ്രഫി ചെയ്യുന്നവർ ഏറെയുണ്ടെങ്കിലും എംബ്രോയ്ഡറിയിൽ പരീക്ഷിക്കുന്നവർ വളരെ കുറവാണ്.
പരീക്ഷണങ്ങളിൽ ചിലത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്ചെയ്ത് തുടങ്ങിയതോടെ നിരവധി പേർ അന്വേഷണങ്ങളുമായെത്തി. ഇപ്പോൾ താൽപ്പര്യമുള്ളവർക്കായി ചെറിയ ഫീസിൽ ഓൺലൈൻ ട്രെയിനിങ്ങും നടത്തുന്നുണ്ട്.
കൈകൊണ്ടുതുന്നിയാണ് എംബ്രോയിഡറികളെല്ലാം ചെയ്യുന്നത്. സമ്മാനങ്ങളായി നൽകാനുള്ള തരത്തിലൊരുക്കിയ വർക്കുകളാണ് അധികവും. ചെയ്തവർക്കുകൾക്ക് ആവശ്യക്കാർ എത്തുന്നത് ആവേശം ഇരട്ടിപ്പിക്കുന്നുണ്ട്.
സർഗവൈഭവമുള്ളവർക്ക് ഇൻസ്റ്റഗ്രാം അടക്കമുള്ളവ ഉപയോഗിച്ച് അത് പ്രകടിപ്പിക്കാനുള്ള വലിയ അവസരം ഇപ്പോഴുണ്ട്. എംബ്രോയ്ഡറിയിൽ പുതിയ സാധ്യതകളും ഭാവനയും പരീക്ഷിക്കുന്ന തിരക്കിലാണിപ്പോൾ. ഓൺലൈൻ ട്രെയിനിങ് കുറച്ചൂകൂടി വിശാലമാക്കാനുള്ള ചിന്തകളും ഇപ്പോഴുണ്ടെുന്നും സീനത്ത് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.