ആരോഗ്യ പ്രവർത്തകർക്ക് ഇനി ഖാദി കോട്ട്
text_fieldsകണ്ണൂർ: സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്ക് ഇനി ഖാദിയുടെ വെള്ളക്കോട്ട് ധരിക്കാം. ഡോക്ടർമാർ, നഴ്‌സിങ് സ്റ്റാഫ്, മെഡിക്കൽ വിദ്യാർഥികൾ തുടങ്ങിയവർക്കുള്ള ഖാദി കോട്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷീബ ദാമോദരന് നൽകി നിർവഹിച്ചു. 15,000ത്തിലധികം ഖാദിത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ജീവകാരുണ്യ പ്രവർത്തനമാണ് ബോർഡ് ഏറ്റെടുക്കുന്നതെന്ന് ജയരാജൻ പറഞ്ഞു.
ദേശീയ മെഡിക്കൽ കമീഷന്റെ ഉത്തരവനുസരിച്ച് ഖാദിക്ക് പിന്തുണ നൽകി രാജ്യത്തെ എല്ലാ ഡോക്ടർമാരും നഴ്‌സുമാരും ഖാദി കോട്ടുകൾ ധരിക്കുന്നുണ്ട്. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവനുസരിച്ചാണ് ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ വിദ്യാർഥികൾ തുടങ്ങിയവർക്ക് ഖാദി കോട്ടുകൾ വിതരണം ചെയ്യുന്നത്. മെഡിക്കൽ കോളജുകളിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്കും കോട്ടുകൾ വിതരണം ചെയ്തു. പയ്യന്നൂർ ഖാദി കേന്ദ്രത്തിൽ നിർമിച്ച കോട്ടുകളാണ് വിതരണം ചെയ്തത്.
പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. എസ്. പ്രതാപ് അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഡോ. കെ. സുദീപ്, കണ്ണൂർ ഗവ. ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ. പി. സജി, ഗവ. നഴ്‌സിങ് കോളജ് പ്രിൻസിപ്പൽ ഡോ. എം.കെ. പ്രീത തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.