ലുബ്നയുടെ സ്വപ്നങ്ങൾക്ക് മൈലാഞ്ചിച്ചോപ്പ്
text_fieldsചെറുവത്തൂർ: മനോഹര വർണങ്ങളിൽ ലുബ്ന ഒരുക്കുന്ന മൈലാഞ്ചിക്കൂട്ടുകൾ ഇട്ട് സുന്ദരിയാകാൻ ആവശ്യക്കാരുടെ എണ്ണം കൂടുന്നു. പിലിക്കോട് ചന്തേരയിലെ എൻ.സി. ലുബ്നയെ തേടിയാണ് ഇതര ജില്ലകളിൽ നിന്നുപോലും ആവശ്യക്കാർ എത്തുന്നത്. മറ്റ് രാസവസ്തുക്കൾ ഒന്നും ചേർക്കാതെ തീർത്തും ജൈവീകമായി ഒരുക്കുന്ന മെഹന്തിയാണ് ഇപ്പോൾ ശ്രദ്ധേയമായിട്ടുള്ളത്. വിവാഹച്ചടങ്ങുകൾ, മറ്റ് ആഘോഷങ്ങൾ ഏതുമാകാട്ടെ ആളുകൾക്ക് ചമഞ്ഞൊരുങ്ങണമെങ്കിൽ ലുബ്നയുടെ മെഹന്തി വേണമെന്നായിട്ടുണ്ട്.
രാജസ്ഥാനിൽനിന്ന് എത്തിക്കുന്ന പൗഡർ, ഓയിൽ എന്നിവക്കൊപ്പം സ്വന്തമായി നിർമിക്കുന്ന ഓയിലുകൾ കൂടി ചേർത്താണ് മെഹന്തി കൂട്ടൊരുക്കുന്നത്. കഴിഞ്ഞ 15 വർഷമായി ഈ രംഗത്ത് സജീവമാണ് ലുബ്ന. അറബിക് രീതിക്കാണ് ആവശ്യക്കാർ കൂടുതൽ. ഇന്ത്യൻ, മൊറോക്കൻ, മുഗളൻ രീതിയിലെല്ലാം ലുബ്ന മെഹന്തിയിടും. ഇപ്പോൾ കൂടുതലായും വിവാഹ ഡിസൈനുകൾക്കാണ് വൻ ഡിമാൻഡ്.
ചില മെഹന്തിയിട്ടാൽ ഒരു മാസത്തോളം സുഗന്ധം നിലനിൽക്കും. ദുബൈ കമ്പനി ഉദ്യോഗസ്ഥനായ ഭർത്താവ് വി.വി. ശിഹാബിെന്റ പിന്തുണയാണ് ലുബ്നയെ ഈ രംഗത്ത് പുതുപരീക്ഷണങ്ങൾ തേടാൻ നിർബന്ധിക്കുന്നത്. തുടക്കത്തിൽ കളിയാക്കിയവർപോലും ഇപ്പോൾ ലുബ്നയുടെ മെഹന്തിയണിയാൻ കാത്തുനിൽക്കുകയാണ്.
ചന്തേരയിലെ സി.എം. ഖാദർ -എൻ.സി. ഖദീജ ദമ്പതികളുടെ മകളാണ് ലുബ്ന. ഒരിക്കൽ പോലും പ്രതിഫലത്തിനായി വാശി പിടിച്ചിട്ടില്ല എന്നതും ലുബ്നയുടെ രീതിയാണ്. പരിപാടികളേതുമാകട്ടെ, സുന്ദരികളാക്കാൻ ഒരു വിളിക്കപ്പുറത്ത് ലുബ്നയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.