ജീവിതത്തിലേക്കുള്ള രണ്ട് ഡോസ് : കോവിഡ് വാക്സിൻ പരീക്ഷണത്തിന് തയാറായി അബൂദബിയിലെ മലയാളികളും
text_fieldsകൊറോണ വൈറസ് വാക്സിൻ പരീക്ഷണങ്ങൾ ലോകത്തിെൻറ പലഭാഗത്തും തകൃതിയായി നടക്കുകയാണ്. വാക്സിെൻറ ഫലപ്രാപ്തി പരിശോധിക്കുന്നതിന് കോവിഡ്19 വാക്സിൻ യു.എ.ഇ തലസ്ഥാനമായ അബൂദബിയിലും അവസാന ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണിപ്പോൾ.
ലോകത്തിലെ ഇരുനൂറിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ ജോലി ചെയ്യുന്ന അബൂദബിയിൽ 15,000 വളൻറിയർമാരിലാണ് ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള സിനോഫാർമ വികസിപ്പിച്ച വാക്സിൻ പരീക്ഷിക്കുന്നത്. 18 നു മുകളിൽ പ്രായമുള്ള സന്നദ്ധ പ്രവർത്തകരും ആരോഗ്യമുള്ളവരിലുമാണ് വാക്സിൻ കുത്തിവെക്കുന്നത്. മലയാളികൾ ഉൾപ്പെടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ വാക്സിൻ കുത്തിവെപ്പ് ദിനംപ്രതി സ്വീകരിച്ചുകൊണ്ടിരിക്കുന്നു.
ലോകമെമ്പാടും 140 ലധികം കോവിഡ് വാക്സിനുകൾ വികസനത്തിെൻറ വിവിധ ഘട്ടങ്ങളിലാണെങ്കിലും മൂന്നെണ്ണം മാത്രമാണ് മൂന്നാംഘട്ട പരീക്ഷണങ്ങളിൽ. അതിലൊന്നാണ് അബൂദബിയിലെ ക്ലിനിക്കൽ പരീക്ഷണത്തിലുള്ളത്. മരുന്ന് ഉൽപാദനത്തിനു മുമ്പുള്ള അവസാന ഘട്ടമാണിത്. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ആദ്യ രണ്ട് ഘട്ടങ്ങളിൽ 100 ശതമാനം വളൻറിയർമാരിൽ ന്യൂട്രലൈസിങ് ആൻറിബോഡികൾ സൃഷ്ടിച്ച സിനോഫാർമയുടെ വാക്സിനാണ് അബൂദബിയിൽ പരീക്ഷിക്കുന്നത്.
ലോകത്തെ ആറാമത്തെ വലിയസി.എൻ.ബി.ജിയും തമ്മിലുള്ള സഹകരണ പങ്കാളിത്തത്തിെൻറ ഫലമായ പരീക്ഷണ ട്രയലുകളിൽ പങ്കെടുക്കാൻ യു.എ.ഇ ആരോഗ്യ അതോറിറ്റി ആരോഗ്യമുള്ള സന്നദ്ധ പ്രവർത്തകരെയാണ് അനുവദിക്കുന്നത്. വാക്സിൻ കുത്തിവെച്ചാൽ അവരുടെ ശാരീരികമായ ലക്ഷണങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ആവശ്യപ്പെടുന്നു. വാക്സിൻ സ്വീകരിച്ച ദിവസം മുതൽ മൊത്തം 379 ദിവസം സൂക്ഷ്മമായി നിരീക്ഷിക്കും. ഏതെങ്കിലും ലക്ഷണങ്ങളോ പ്രതികൂല രീതികളോ കണ്ടാൽ അവ കൃത്യമായി രേഖപ്പെടുത്തുന്നതിന് 'വാക്സിൻ ഡയറി' ഓരോരുത്തർക്കും നൽകുന്നുണ്ട്.
രണ്ടു ഡോസ് വാക്സിനാണ് നൽകുന്നത്. ആദ്യ വാക്സിൻ നൽകിയവർക്ക് 21 ദിവസത്തിനു ശേഷമാണ് രണ്ടാമത്തെ ഡോസ്. വാക്സിൻ സ്വീകരിച്ച ആദ്യത്തെ 49 ദിവസം രാജ്യത്തുതന്നെ കഴിയുകയും വേണം. ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുമ്പോൾ സാമൂഹിക ഉത്തരവാദിത്തം എന്ന നിലയിലാണ് ഈ പരീക്ഷണത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ പങ്കുചേരുന്നത്.
പരീക്ഷണം വിജയിച്ചാൽ വലിയ അളവിൽ വാക്സിനുകൾ ഉൽപാദിപ്പിക്കാൻ കഴിയും.അബൂദബി പൊലീസിലെ കമ്യൂണിറ്റി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധസേവന വിഭാഗമായ 'ഞങ്ങൾ എല്ലാവരും പൊലീസ്' സംരംഭത്തിലെ സജീവ വളൻറിയർമാരായ കെ.എം. ഹസ്കറും സദബ് അലിയും ലോക ജനത നേരിടുന്ന കോവിഡ് പ്രതിസന്ധിക്കുള്ള ശാശ്വത പരിഹാരത്തിനുള്ള വാക്സിൻ പരീക്ഷണം സ്വയം ഏറ്റെടുത്ത ആദ്യത്തെ മലയാളികളാണ്. സദബ് അലിയുടെ പ്രചോദനവും പ്രോത്സാഹനവും മൂലം അദ്ദേഹത്തിെൻറ ജന്മ സ്ഥലമായ മലപ്പുറം ജില്ലയിലെ കോട്ടക്കൽ ക്ലാരിമൂച്ചിക്കൽ ഗ്രാമത്തിൽ നിന്നുള്ള മറ്റു മൂന്നുപേരും കോവിഡ് വാക്സിെൻറ ക്ലിനിക്കൽ പരീക്ഷണത്തിന് സ്വയം സന്നദ്ധരായി.
മലപ്പുറം മേൽമുറി സ്വദേശി ഹഷ്കർ അലിയാണ് മുസഫയിലെ ഇരുപതുപേരടങ്ങുന്ന 'ഞങ്ങൾ എല്ലാവരും പൊലീസ്' ടീമിനോട് വാക്സിൻ പരീക്ഷണം നടത്താൻ ആഹ്വാനം ചെയ്ത് വാട്സ് ആപ് ഗ്രൂപ്പിൽ പോസ്റ്റിട്ടത്. ലോകത്തിലാദ്യമായി ചൈനയുടെ കോവിഡ്19 നിഷ്ക്രിയ വാക്സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ അബൂദബിയിൽ ആരംഭിക്കുന്ന വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ ഉടനായിരുന്നു അത്.
ആഹ്വാനം ഏറ്റെടുക്കാൻ ഹഷ്കർ അലിക്കൊപ്പം ആദ്യം തയാറായത് സദബ് അലിയാണ്. ലോകാരോഗ്യ സംഘടനയുടെയും യുൈനറ്റഡ് സ്റ്റേറ്റ്സ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവിസസ് ഫെഡറൽ ഏജൻസിയായ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷെൻറയും അന്താരാഷ്ട്ര മാർഗ നിർദേശങ്ങൾ പാലിച്ചുള്ള പരീക്ഷണത്തിന് ഇരുവരും അബൂദബി നാഷനൽ എക്സിബിഷൻ സെൻററിലെ (അഡ്നെക്) കോവിഡ് ഫീൽഡ് ആശുപത്രിയിലെത്തി ക്ലിനിക്കൽ പരീക്ഷണത്തിന് രജിസ്റ്റർ ചെയ്തു.
ഹഷ്കർ അലിക്കാണ് വാക്സിൻ കുത്തിവെക്കാനുള്ള വിളി ആദ്യം ലഭിച്ചത്. അങ്ങനെ ജൂലൈ 26ന് ഹഷ്കർ ആദ്യ ഡോസ് സ്വീകരിച്ചു. പരീക്ഷണത്തിെൻറ രണ്ടാമത്തെ ഡോസ് ഈ മാസം 17ന് എടുക്കാൻ വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ് 29 കാരനായ ഈ യുവാവ്. മലപ്പുറം കോട്ടക്കൽ ക്ലാരിമൂച്ചിക്കൽ കളത്തഞ്ചേരി ആലിക്കുട്ടിയുടെ മകൻ സദബ് അലി 2004 മുതൽ അബൂദബിയിൽ ജോലി ചെയ്യുന്നു.
ജൂലൈ 28 നായിരുന്നു വാക്സിൻ കുത്തിവെക്കാനുള്ള തീരുമാനവുമായി രണ്ടാമത്തെ രജിസ്ട്രേഷൻ അങ്ങനെയാണ് വാക്സിൻ കുത്തിവെച്ചത്. സദബ് അലിക്കു പിന്തുണയും കരുത്തുമായത് സഹധർമിണിയും ഫാർമസിസ്റ്റുമായ സാഹിറ കണക്കയിലാണ്. ആഗസ്റ്റ് 18നാണ് രണ്ടാമത്തെ ഡോസ്. സദബ് അലിയുടെ പ്രചോദനത്തെ തുടർന്നാണ് കോട്ടക്കലിനു സമീപം ക്ലാരി കഞ്ഞിക്കുഴിങ്ങര സുഹൈൽ പരുത്തിക്കുന്നൻ, ആദ്രിശേരി ഷെമീർ ബാബു , പൊന്മുണ്ടം കവറൊടി നൗഫൽ കവറൊടി എന്നിവർ വാക്സിൻ കുത്തിവെപ്പ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.