15ാം വയസിൽ വീട് വിട്ടിറങ്ങുമ്പോൾ കൈയിൽ 300 രൂപ; ഇപ്പോൾ 104 കോടി ആസ്തിയുള്ള കമ്പനിയുടമ
text_fieldsകുന്നോളം സ്വപ്നം കണ്ടാലേ കുന്നിക്കുരുവെങ്കിലും ലഭിക്കൂ...അതുപോലെയാണ് ചിനു കാലയും. ആരെയും ത്രസിപ്പിക്കുന്ന ജീവിത കഥയാണ് ചിനു കാലയുടേത്. 15ാം വയസിൽ വീട്ടുകാരോട് പിണങ്ങി വീടുവിട്ടതാണ് ചിനു. അപ്പോൾ കൈയിലുണ്ടായിരുന്നത് 300 രൂപയായിരുന്നു. ബാഗിൽ രണ്ടുജോഡി വസ്ത്രങ്ങളും കരുതി. വീടുവിട്ട ആദ്യകാലങ്ങളിൽ കടത്തിണ്ണയും റെയിൽവേസ്റ്റേഷനും മാത്രമായിരുന്നു ചിനുവിന്റെ അഭയകേന്ദ്രങ്ങൾ. ദിവസങ്ങളോളം റെയിൽവേസ്റ്റേഷനിൽ അന്തിയുറങ്ങി. എന്നാൽ നിരാശപ്പെടാൻ ആ പെൺകുട്ടി തയാറായിരുന്നില്ല. ഇപ്പോൾ 40 കോടി വിറ്റുവരവുള്ള റൂബൻസ് ആക്സസറീസിന്റെ മുതലാളിയാണി ചിനു.
ആദ്യകാലത്ത് കത്തിയും മറ്റ് വീട്ടുപകരണങ്ങളും വീടുകൾ തോറും കൊണ്ടുപോയി വിറ്റായിരുന്നു ചിനു ജീവിച്ചത്. അന്ന് ദിവസം 20 മുതൽ 60 രൂപ വരെ കിട്ടും. ചിലപ്പോൾ ഒന്നും വിൽക്കാൻ കഴിയില്ല. വീടുകൾക്ക് മുന്നിൽ ചെല്ലുമ്പോൾ വാതിൽ ആളുകൾ തുറക്കാൻ പോലും തയാറാകാത്ത അനുഭവങ്ങളും നിരവധി. അതിനു ശേഷം ഹോട്ടലിലെ വെയ്റ്ററസ് ആയും ജോലി ചെയ്തു.
ഒരുസംരംഭകയാകണം എന്നായിരുന്നു ചിനുവിന്റെ ആഗ്രഹം. വലിയ വിദ്യാഭ്യാസമൊന്നുമില്ലെങ്കിൽ അനുഭവസമ്പത്താണ് ചിനുവിനെ കരുത്തയാക്കിയത്. ദിവസം മുഴുവൻ പണിയെടുത്ത് കിട്ടുന്ന പണം സൂക്ഷിച്ചുവെച്ചു.
2004ൽ ചിനു അമിത് കാലയെ വിവാഹം കഴിച്ചു. റൂബൻസിന്റെ ഡയറക്ടറാണ് അദ്ദേഹം. പിന്നീട് ബാംഗ്ലൂരായി തട്ടകം. രണ്ടുവർഷം കഴിഞ്ഞ് സുഹൃത്തുക്കളുടെ നിർദേശപ്രകാരം ഗ്ലാഡ്റാഗ്സിന്റെ മിസ്സിസ് ഇന്ത്യ എന്ന സൗന്ദര്യമത്സരത്തിൽ പങ്കെടുത്തു. ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഫാഷൻ ലോകത്ത് നിരവധി അവസരങ്ങൾ ചിനുവിനെ തേടിയെത്തി. അപ്പോഴാണ് ഫാഷൻ രംഗത്ത് തിളങ്ങാനുള്ള ആഭരണങ്ങൾ തന്റെ കൈവശമില്ലെന്ന് ചിനു മനസിലാക്കിയത്.
എന്തുകൊണ്ട് അത്തരം ആഭരണങ്ങൾക്കായി കട തുടങ്ങിക്കൂടാ എന്ന് അവർ ആലോചിച്ചു. അങ്ങനെയാണ് റൂബൻസ് എന്ന ഫാഷൻ ആക്സസറി ബ്രാൻഡ് ഉണ്ടായത്. സമ്പാദ്യമെല്ലാം ചിനു അതിനായി ചെലവിട്ടു. ഒരുപാട് പരിശ്രമങ്ങൾക്ക് ശേഷം കോറമംഗലയിലെ ഫോറം മാളിൽ റൂബൻസ് കട തുടങ്ങി. 2014ലായിരുന്നു അത്. ബംഗളൂരുവിലെ ചെറിയ മാളിൽ തുടങ്ങിയ കട ഇന്ന് പടർന്ന് പന്തലിച്ചു. 10 ലക്ഷത്തിലധികം ആക്സസറീസ് റൂബൻസ് വിറ്റഴിച്ചു. ഭർത്താവിനും മകൾക്കുമൊപ്പം ബംഗളൂരുവിലെ വീട്ടിലാണ് ഇപ്പോൾ ചിനു താമസിക്കുന്നത്. ഇപ്പോഴും ഒരു ദിവസം 15 മണിക്കൂർ ജോലിചെയ്യുന്നുണ്ട് ചിന.
വീടുവിട്ടിറങ്ങുമ്പോൾ 10ാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ ചിനുവിന്. കഠിനാധ്വാനം കൊണ്ട് മാത്രമാണ് ഇന്നീ കാണുന്ന നിലയിൽ എത്തിയത്. കോവിഡ് കാലത്ത് ഓൺലൈൻ വഴിയാക്കി ചിനു വ്യാപാരം. കച്ചവടം വർധിച്ച് ഇപ്പോൾ 104 കോടിയിലെത്തി നിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.