സ്വപ്നത്തെ എത്തിപ്പിടിച്ച് നമൃത
text_fields1993ലാണ് സംഭവം. കണ്ണൂർ ധർമടം പാലയാട് സ്വദേശി സൈനികനായ പി. പ്രകാശനും ഭാര്യ അനിതക്കും ഒരു കുഞ്ഞ് പിറക്കുന്നു. കുഞ്ഞിന് പേരിടണം. മാതാപിതാക്കൾ തങ്ങളുടെ കണ്ണിന് കുളിർമയായി പിറന്ന പെൺകുട്ടിക്ക് ഒരു പേര് കണ്ടെത്തി, നമൃത. അത് ആ വർഷത്തെ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടയാളുടെ പേരായിരുന്നു. മകൾ സൗന്ദര്യറാണിയായി കിരീടമണിയണമെന്ന ആഗ്രഹം ആ മാതാപിതാക്കളുടെ മനസിലുണ്ടായിരുന്നു. കുഞ്ഞ് മാതാപിതാക്കളുടെ സ്വപ്നങ്ങളിലേക്ക് പാഷനോടെ വളർന്നു.
ചെറുപ്പത്തിലേ മോഡലിങിൽ താൽപര്യം കാണിച്ചു. മേക്കപ്പ് ആർടിസ്റ്റെന്ന നിലയിൽ അന്താരാഷ്ട്ര അംഗീകാരവും നേടിയെടുത്തു. ലോകത്തെ തന്നെ ഏറ്റവും മികച്ച വിമാനക്കമ്പനികളിലൊന്നായ ഇത്തിഹാദിന്റെ ജീവനക്കാരിയായി ജീവിതം 2014ൽ യു.എ.ഇയിലേക്ക് പറിച്ചുനട്ടു. കാബിൻ ക്രൂ ആയാണ് ജോലി ചെയ്തിരുന്നത്. അതിനിടയിൽ വിവാഹിതയായെങ്കിലും മാതാപിതാക്കളുടെ പഴയ സ്വപ്നം ഹൃദയത്തിൽ എന്നും താലോലിച്ചിരുന്നു. ഭർത്താവ് സാഗർ ദയ്യ പൂർണ പിന്തുണയുമായി കൂടെ നിന്നപ്പോൾ ആ നേട്ടം നമൃത കൈപ്പിടിലിയിലൊതുക്കി.
കഴിഞ്ഞ മാസം എറണാകുളത്ത് നടന്ന മിസ് ആൻഡ് മിസിസ് കേരള മൽസരത്തിൽ മിസിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടു. അച്ഛന്റെയും അമ്മയുടെയും സാന്നിധ്യത്തിലായിരുന്നു ആ നേട്ടം കൈവരിച്ചതെന്നതാണ് നമൃതയെ ഏറ്റവും സന്തുഷ്ടയാക്കിയത്. 30പ്രഫഷനൽ മോഡലുകൾകൊപ്പം മൽസരിച്ചായിരുന്നു ഈ രംഗത്ത് മുൻ പരിചയമില്ലാത്ത നമൃത വിജയം നേടിയത്. പ്രമുഖ വിമാനക്കമ്പനിയുടെ കാബിൻ ക്രൂ എന്ന നിലയിലെ തിരക്കുകൾക്കിടയിൽ മോഡലിങ് ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല.
കോവിഡ് കാലത്ത് ജോലിയിൽ നിന്ന് ഇറങ്ങേണ്ടി വന്നപ്പോഴാണ് മൽസരത്തിനായി അപേക്ഷിച്ചത്. ഓൺലൈൻ ഓഡിഷനിൽ തെരഞ്ഞെടുക്കപ്പെട്ടതോടെ ഒരുക്കങ്ങൾ തുടങ്ങി. എന്നാൽ മിസിസ് കേരളയാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. നിലവിൽ മിസിസ് ഇന്ത്യ മൽസരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇവർ.
കേരളത്തിന്റെ പ്രതിനിധിയെന്ന നിലയിൽ ദേശീയ തലത്തിലെ മൽസരത്തിനുള്ള ആദ്യ ഒരുക്കങ്ങളിലാണിപ്പോൾ. അതിന് മുമ്പായി കാൻസർ രോഗികളുടെ സഹായത്തിന് ഫണ്ട് റൈസിങ് പദ്ധതിക്ക് വേണ്ടി ഒരുങ്ങുകയാണിപ്പോൾ നമൃത. ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ടിച്ച പിതാവിനൊപ്പം ഇന്ത്യയിലെ പല സ്ഥലങ്ങളിലായാണ് നമൃത കുട്ടിക്കാലം ചിലവഴിച്ചത്.
ദുബൈയിലെ സ്ഥാപനത്തിൽ നിന്നാണ് മേക്അപ്പ് ആർട് പഠിച്ചെടുത്തത്. മോഡലിങ് മേഖലയിൽ ആദ്യ ശ്രമത്തിൽ വലിയ അംഗീകാരം ലഭിച്ചതോടെ കാബിൻ ക്രൂവെന്ന നിലയിലെ ജോലിയിലേക്ക് മടങ്ങേണ്ടെന്ന് വെക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നിലവിൽ ഫ്രീലാൻസ് മേക്അപ്പ് ആർടിസ്റ്റായി പ്രവർത്തിക്കുകയാണ്. മേക് അപ്പിലും മോഡലിങിലും മുന്നേറണമെന്നും കൂടുതൽ നേട്ടങ്ങൾ കരസ്ഥമാക്കണമെന്നുമാണ് ആഗ്രഹം.
സ്വപ്നം കാണുകയും അതിനായി പ്രവർത്തിക്കുകയും ചെയ്താൽ ഏത് നേട്ടവും സ്വന്തമാക്കാമെന്നാണ് നമൃതക്ക് സ്ത്രീകളോട് പറയാനുള്ളത്. ഭർത്താവിനൊപ്പം അബൂദബിയിലാണ് ഇപ്പോൾ താമസിക്കുന്നത്. മാതാപിതാക്കൾ നാട്ടിൽ തന്നെയാണ്.ഏകസഹോദരി അശ്വതി പ്രകാശ് ഗ്രാഫിക് ഡിസൈനറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.