മോഡലായി തിളങ്ങുന്ന നസ്ഹാൻ; യു.എ.ഇയിലെ ജൂനിയർ മൈക്കിൾ ജാക്സൻ
text_fieldsമോഡലിങ് രംഗത്ത് പുതിയ തരംഗമായ ഒരു മലയാളി കുട്ടിത്താരമുണ്ട് ഇങ്ങ് യു.എ.ഇയിൽ. മൈക്കിൾ ജാക്സൻ എന്ന വിളിപ്പേരുള്ള നസ്ഹാൻ. റൺവേ മോഡലിങ്, അന്താരാഷ്ട്ര ഫാഷൻ മോഡലിങ് തുടങ്ങി വാണിജ്യ പരസ്യ രംഗത്തെല്ലാം സജീവമാണ് ഈ കൊച്ചു മിടുക്കൻ.
ഫാഷൻ, കൊമേഴ്ഷ്യൽ ആഡ്, റൺവേ മോഡലിങ് എന്നിവയിൽ കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി തിളങ്ങുകയാണ് പ്രഫഷണൽ മോഡലായ നസ്ഹാൻ. വിളിപ്പേര് അങ്ങനെയൊക്കെയാണെങ്കിലും മൈക്കിൾ ജാക്സന്റെ ചടുലമായ നൃത്തച്ചുവടുകളൊന്നും തനിക്ക് ചെയ്യാനാവില്ലെന്ന് സങ്കടം പറയുകയാണ് ഈ കൊച്ചു മിടുക്കൻ.
എട്ടു വയസ് മാത്രമാണ് നസ്ഹാൻ അബ്ദുൽഖാദറിന്റെ പ്രായം. അന്താരാഷ്ട്ര ബ്രാൻഡുകളുടേയും യു.എ.ഇയിലെ വിവിധ ബിസിനസ് സ്ഥാപനങ്ങളുടേയും മോഡലായി തിളങ്ങുന്ന നസ്ഹാൻ അബൂദബി പൊലീസിനും ദുബൈ എക്സ്പോയ്ക്കും അഡ്നോക്കിനും വേണ്ടിയും മോഡലായി വേഷമണിഞ്ഞിട്ടുണ്ട്. കുടുംബസമേതം അബൂദബിയിൽ താമസമാക്കിയ തൃശൂർ കുന്ദംകുളം സ്വദേശി മുഹമ്മദ് നജ്മലിന്റെയും തലശ്ശേരിക്കാരി റിൻഷയുടേയും മകനാണ് നസ്ഹാൻ.
സാമൂഹിക മാധ്യമങ്ങളിലും വലിയ ആരാധകരാണ് നസ്ഹാന്റെ ഓരോ വിഡിയോകൾക്കും ചിത്രങ്ങൾക്കും സപ്പോട്ട് നൽകി വരുന്നത്. മത്സരിച്ച നിരവധി അന്താരാഷ്ട്ര ഫാഷൻ ഷോകളിലും വിജയിയാവാൻ നസ്ഹാന് സാധിച്ചിട്ടുണ്ട്. 16ഓളം പരസ്യങ്ങളിലും നിരവധി ഷോട്ട് ഫിലിമുകളിലും ഇതിനകം ഈ കൊച്ചുമിടുക്കൻ മുഖം കാണിച്ചു.
സിനിമയാണ് മോഹം
മോഡലിങ് രംഗത്ത് തിളങ്ങുന്നുണ്ടെങ്കിലും എല്ലാവരേയും പോലെ സിനിമയിൽ മുഖം കാണിക്കുകയെന്നത് തന്നെയാണ് നസ്ഹാന്റെയും ആഗ്രഹം. ഈ ലക്ഷ്യത്തോടെ ചില ഓഡിഷനുകളിൽ പങ്കെടുത്തിട്ടുമുണ്ട്. ഒരു പക്ഷെ അധികം താമസിയാതെ അടുത്ത വർഷം തന്നെ ഈ കൊച്ചു മുഖം വലിയ സ്ക്രീനുകളിലും നിറയുമെന്നാണ് കുടുംബത്തിന്റെ ശുഭപ്രതീക്ഷ.
മോഡൽ പോസിങ്ങിലും റൺവേ വാക്കിലും മിടമിടുക്കനാണ് നസ്ഹാനെന്ന് ഫോട്ടോഗ്രാഫർമാരും ആഡ് ഡയറക്ടർമാരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. ഇക്കാരണങ്ങളാൽ തന്നെയാണ് വിവിധ ബ്രാൻഡുകളും സ്ഥാപനങ്ങളും തങ്ങളുടെ മോഡലാവാൻ താല്പര്യപ്പെട്ട് നസ്ഹാന്റെ പിതാവിനെ സമീപിക്കുന്നതും.
നേട്ടങ്ങളുടെ വലിയ നിര
ഫാഷൻ ഐഡൽ സീസൺ 1 ടൈറ്റിൽ വിജയി, എ.എഫ്.ഇ സീസൺ 1 ടൈറ്റിൽ വിജയി, ഫേസ് ഓഫ് ഫാഷൻ ഐഡൽ സീസൺ 2, വോക്സ് വോഗിന്റെ ഔദ്യോഗിക സെലിബ്രിറ്റി കിഡ് മോഡൽ എന്നിവയെല്ലാം ഈ കൊച്ചു പ്രായത്തിലെ നസ്ഹാന്റെ നേട്ടങ്ങളാണ്. ഫാഷൻ ഫാക്ടറിൽ എ.എം.ആറിന് വേണ്ടി റൺവേ മോഡലിങ്ങിൽ പങ്കെടുത്ത നസ്ഹാൻ ഇന്ത്യൻ കിഡ്സ് ഫാഷൻ വീക് സീസൺ 10ലും, ഫാഷൻ ഐഡൽ സീസൺ 2വിലും വോക്സ് വോഗ് ഷോയിലും ഷോസ് ടോപ്പറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അജയ് അശോക്, അതുൽ എന്നിവരാണ് റാംപ് വാക്കിൽ നസ്ഹാന്റെ പരിശീലകർ. അബൂദബിയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ സെക്കൻഡ് ഗ്രേഡിലാണ് നസ്ഹാൻ പഠിക്കുന്നത്. വീട്ടിൽനിന്ന് രക്ഷിതാക്കൾ നൽകുന്ന പിന്തുണയ്ക്കൊപ്പം അധ്യാപകരും സുഹൃത്തുക്കളും നസ്ഹാന് എല്ലാവിധ ഉപദേശ നിർദ്ദേശങ്ങളുമായി കൂടെ തന്നെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.