വർണ്ണനൂലുകളിൽ വിസ്മയം തീർത്ത് നിഹാല അലീമ
text_fieldsഹാൻഡ് എംബ്രോയിഡറിയിൽ വ്യത്യസ്തമായ തീമുകൾ ഒരുക്കി കരവിരുതിനാൽ കാതലുള്ള പാറ്റേണുകൾ തീർക്കുകയാണ് കാസർകോട്ടുകാരി നിഹാല അലീമ. കുട്ടിക്കാലത്ത് മൈലാഞ്ചി വരയിലും ഗ്രീറ്റിങ് കാർഡ് നിർമ്മാണത്തിലും തിളങ്ങി നിന്ന നിഹാലയിലെ കുഞ്ഞു ഇഷ്ടങ്ങൾ അവളോടൊപ്പം വളർന്ന് പന്തലിക്കുകയായിരുന്നു. ചെറിയ വരകളിൽ നിന്നും മങ്ങിയ നിറങ്ങളിൽ നിന്നും ഏറെ സഞ്ചരിച്ച് അവ ഇന്ന് മിഴിവുറ്റ ഡിസൈനുകളിൽ എത്തിനിൽക്കുന്നു.
2020, കോവിഡ് വരഞ്ഞു മുറുകിയ വർഷം. നിഹാല എട്ട് മാസം ഗർഭിണിയായിരുന്നു. ഗർഭാവസ്ഥയുടെ അവസാന ട്രൈമസ്റ്ററിൽ തന്നെ അലോസരപ്പെടുത്തിയ ഡിപ്രഷനിൽ നിന്ന് കരകയറാൻ സ്വയം വഴി വെട്ടിത്തെളിക്കുകയായിരുന്നു. വേദനകളെ മറന്നു കളയാൻ നിഹാല താൻ പ്രണയിച്ച വർണ്ണനൂലുകളെ കൂട്ടുപിടിച്ച് തുടങ്ങി. വെഡിങ് ഹാമ്പേഴ്സ്, ആനിവേഴ്സറി ഹാമ്പേഴ്സ്, ന്യൂബോൺ ഹാമ്പേഴ്സ്, ബർത്ത് ഡേ ഹാമ്പേഴ്സ് തുടങ്ങി ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തങ്ങളിലേക്ക് വേണ്ട മനംമയക്കുന്ന എംബ്രോയിഡറിയിൽ തീർത്ത സമ്മാനങ്ങൾ നിഹാല നിർമ്മിക്കാൻ ആരംഭിച്ചു.
കുഞ്ഞുടുപ്പുകളിലും മനോഹരമായ ക്ലോത്തുകളിലും കൊത്തുപണികൾ പോലെ ത്രെഡ്ഡുകൾ പാകി വെച്ചു. കുഞ്ഞു ജനിച്ചു മൂന്നുമാസം കഴിഞ്ഞ് വീണ്ടും തന്‍റെ സ്വപ്ന വീഥിയിലേക്ക് കാലെടുത്തുവെച്ചു. പങ്കാളി അക്ബറും നിഹാലയുടെ തോളോട് ചേർന്നു. വിചാരിച്ചതിലും വേഗത്തിൽ യു.എ.ഇ നിഹാലക്ക് അടിയുറപ്പുള്ള നിലം ഒരുക്കി.
ഒട്ടും വൈകാതെ ദുബൈ ബ്രാൻഡ് സായിഷിനു വേണ്ടി എംബ്രോയിഡറി ചെയ്യാനും അവസരം ലഭിച്ചു. ദുബൈയിൽ സ്വന്തമായി ബ്രാൻഡ് നിർമ്മിക്കാനുള്ള തിരക്കിലാണ്. ഇതിൽ കുട്ടികളുടെ ഹാൻഡ് എംബ്രോയിഡറി ബോ നിർമ്മാണത്തിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭർത്താവ് അക്ബർ കോളിയാടിനും മക്കൾ ഷെയ്ഖ, ഹസ്സ എന്നിവർക്കുമൊപ്പം ദുബൈയിലെ മുഹൈസിനയിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.