ഓണവിപണിയിൽ താരമായി കസവ് മുണ്ടും സാരിയും
text_fieldsദുബൈ: ഓണക്കോടിയുടെ സങ്കല്പം പഴയതില്‍നിന്ന് വളരെ വ്യത്യസ്തമായ ഒരു കാലമാണിത്. ഓണക്കോടിയിലും ന്യൂ ജനറേഷന് തേടുന്ന പലതുമുണ്ട്. എന്നാൽ, മറ്റ് വസ്ത്രങ്ങളേക്കാൾ കസവ് വസ്ത്രങ്ങൾക്കാണ് ഈ ഓണക്കാലത്തും ഡിമാൻഡ്.
മോഡേൺ വസ്ത്ര രീതികൾ ഇഷ്ടപ്പെടുന്നവരും ഓണനാളിൽ കസവുടുത്ത് മുല്ലപ്പൂ ചൂടി പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങൾ അണിഞ്ഞ് തനി മലയാളി മങ്കയാവാൻ ഇഷ്ടപ്പെടുന്നവരാണ്. ലോകത്തിന്റെ ഏതു കോണിലായാലും ഓണത്തിന് കസവ് സെറ്റ് സാരിയുടുക്കുക എന്നുള്ളതാണ് മലയാളി സ്ത്രീയുടെ ശീലങ്ങളിലൊന്ന്.
പാരമ്പര്യത്തനിമയിലുള്ള ഓണാഘോഷത്തിന് കസവു മുണ്ടും സെറ്റ് സാരികളും കേരള സാരികളും കൈത്തറി വസ്ത്രങ്ങളുമായി ഗൾഫിലെ വസ്ത്ര വിപണികൾ സജീവമായി. കസവ് മുണ്ടും കുട്ടികൾക്കുള്ള വസ്ത്രങ്ങളും വ്യാപാരസ്ഥാപനങ്ങളിൽ നിരനിരയായി അടുക്കിവെച്ചിരിക്കുന്നത് പ്രധാന കാഴ്ചയാണ്. പുരുഷന്മാര്ക്ക് കസവില്‍ തീര്‍ത്ത മുണ്ടുകള്‍ക്കും വിപണിയില്‍ നല്ല ഡിമാൻഡാണ്. പെണ്‍കുട്ടികള്‍ക്ക് കസവില്‍ തീര്‍ത്ത സെറ്റ് പവാടകളും ആണ്‍കുട്ടികള്‍ക്കുള്ള ഓണമുണ്ടുകളും ലഭ്യമാണ്.
പരമ്പരാഗതവും ആധുനികവുമായ ഡിസൈനുകളോടെ ഇറങ്ങിയ കസവുസാരികളാണ് ഇത്തവണ വസ്ത്രവിപണിയിലെ താരം. ടിഷ്യു മെറ്റീരിയലുകളിലുള്ള ഹാന്‍ഡ്ലൂം, പവര്‍ലൂം നിര്‍മിത സാരികളാണ് പ്രധാനമായും ഗള്‍ഫ് വിപണിയിലുള്ളത്.
കസവ്കളര്‍ സാരിയും കസവ് െപ്ലയിന്‍ സാരിയും കസവ് കളര്‍ സെറ്റും തഴപ്പായുടെ ഡിസൈനില്‍ ബോര്‍ഡര്‍ തീര്‍ത്തിരിക്കുന്ന സെറ്റ് മുണ്ടും വിപണിയില്‍ എത്തിയിട്ടുണ്ട്. അമ്പത് മുതല്‍ 800 ദിര്‍ഹം വരെയാണ് ശരാശരി വില. പ്രധാനമായും കേരളം, തമിഴ്നാട്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് തന്നെയാണ് വസ്ത്രങ്ങള്‍ യു.എ.ഇയില്‍ എത്തിയത്.
കൈത്തറിയിലുള്ള കോട്ടണ്‍ കസവുസാരിക്കാണ് ഓണവിപണിയില്‍ ഡിമാന്‍ഡ്. കസവിന്റെ വീതിക്കും ഗുണമേന്മക്കുമനുസരിച്ചാണ് സാരിയുടെ വില. സാരികളില്‍ ചെറിയ കരകളും ചിത്രപ്പണികളുമുള്ളവയെല്ലാം കൈത്തറിയില്‍ തുന്നിയെടുക്കുന്നവ തന്നെയാണ്. സാരിയുടെ മുന്താണികളില്‍ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള മ്യൂറല്‍ പെയിന്റ് ചെയ്തവക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് വ്യാപാരികള്‍ പറയുന്നു.
മുന്താണിയില്‍ പീലിവിടര്‍ത്തിയാടുന്ന മയിലും കുതിച്ചുപായുന്ന ചുണ്ടന്‍വള്ളങ്ങളും കെട്ടുവള്ളങ്ങളും നിറഞ്ഞുനില്‍ക്കുകയാണ്. മള്‍ട്ടിക്കളര്‍ കസവുകളാണ് മറ്റൊരു പ്രത്യേകത. കൂടാതെ ഓണത്തെ അനുസ്മരിപ്പിക്കുന്ന പുഷ്പസംബന്ധിയായ ഡിസൈനുകളും മറക്കുട ചൂടിയ നമ്പൂതിരി സ്ത്രീയും മോഡേണ്‍ പെയിന്റിങ്ങുകളും വരെ സാരിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
സ്റ്റണ്ണിങ് സ്റ്റിച്ചീസ് എന്ന പേരില്‍ പ്രമുഖ വ്യാപാരികള്‍ ഇറക്കിയ മ്യൂറല്‍ ഡിസൈനോടുകൂടിയ കസവുസാരികള്‍ പ്രധാന ആകര്‍ഷണമാണ്. 150 മുതല്‍ 1,700 ദിര്‍ഹം വരെ വിലയുള്ള ലിമിറ്റഡ് എഡിഷന് സ്റ്റണ്ണിങ് സ്റ്റിച്ചീസ് മലയാളികള്‍ക്കിടയില്‍ നല്ല സ്വീകാര്യതയാണെന്ന് വ്യാപാരികള്‍ പറയുന്നു.
വൈദേഹി, സംസ്കാര്‍, മുഗള്‍ വൈറ്റ് തുടങ്ങിയ നിലവിലുള്ള കലക്ഷനുകളില്‍ ഏറ്റവും മികച്ചവയുമാണ് ദുബൈയിലെ സൂപ്പർ മാർക്കറ്റുകളിൽ ഓണത്തോടനുബന്ധിച്ച് വിപണിയിലെത്തിച്ചത്. കസവില്‍ സെറ്റിന്റെ മെറ്റീരിയല്‍ കൊണ്ടുള്ള കുര്‍ത്ത, സല്‍വാര്‍ കമ്മീസ് , ഫുള്‍സ്കര്‍ട്ട് എന്നിവയും കൗമാരക്കാരികള്‍ക്ക് പ്രിയപ്പെട്ടതു തന്നെ.
കേരളത്തിലെ പേരുകേട്ട ബാലരാമപുരം, കുത്താമ്പുള്ളി, ചേന്നമംഗലം എന്നിവിടങ്ങളിൽ നിന്നുള്ള കൈത്തറി വസ്ത്രങ്ങൾക്കും ഗൾഫിൽ നല്ല ഡിമാന്റാണ്. പുതിയതരം ആഭരണ കലക്ഷനുകള്‍ ഇറക്കുകയും പ്രത്യേക ഇളവുകളും സമ്മാനങ്ങളും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
പൂക്കളുമായി ബന്ധപ്പെട്ട ഡിസൈനുകളാണ് ഓണക്കാലത്തെ ആകര്‍ഷണങ്ങളായി ജ്വല്ലറികള്‍ മുന്നോട്ടുവെക്കുന്നത്. ഇന്നലെ വൈകീട്ടോടെ ദുബൈ കറാമ സെന്ററിലെയും ഗോള്‍ഡ് സൂക്കിലെയും ആഭരണക്കടകളില്‍ നല്ല തിരക്കനുഭവപ്പെട്ടു. 2,000 ദിർഹം മുതൽ സ്വര്‍ണാഭരണങ്ങളോ വജ്രാഭരണങ്ങളോ വാങ്ങുന്നവര്‍ക്ക് ഓണക്കോടിയാണ് വ്യാപാരികള്‍ നല്കുന്ന സമ്മാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.