പാട്ടനിലെ പട്ടോള
text_fieldsലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സാരികളിൽ ഒന്നാണ് ‘പട്ടോള’. ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് പട്ടോളയുടെ ശരാശരി വില. ആറ് മാസത്തിലധികം നീളുന്ന അതിസങ്കീർണമായ നെയ്ത്തുഘട്ടങ്ങൾ പിന്നിട്ടാണ് ഒരു പട്ടോള പിറവിയെടുക്കുന്നത്. ഈ പൗരാണിക നെയ്ത്തുകലയുടെ സൂക്ഷിപ്പുകാരായ വടക്കൻ ഗുജറാത്തിലെ പാട്ടനിലെ സാൽവി കുടുംബത്തിന്റെ നെയ്ത്തുശാലയിലേക്കാണ് ഈ സഞ്ചാരം...
ഛേലാജി രേ
മാരേ ഹതു പാടൻ തി പട്ടോള,
മോംഗ ലവ്ജോ
എമാ റുദാ രേ
മൊറാലിയ ചിത്രവ്ജോ
പാടൻ തി പട്ടോള
മോംഗ ലവ്ജോ
അഹ്മദാബാദിൽനിന്ന് പാട്ടനിലേക്കുള്ള യാത്രയിൽ പാട്ടുകളുടെ മേളമായിരുന്നു. യാത്രികർ അഫ്ഗാനിലെ ബാമിയാനിൽനിന്നുള്ള ഗവേഷകൻ ഉൾപ്പെടെ പലപല നാട്ടുകാരും ഭാഷക്കാരുമായതുകൊണ്ട് എല്ലാവർക്കും അവരവരുടെ ഭാഷയിലെ ഏറ്റവും മികച്ച ഒരു ഗാനം നിർദേശിക്കാനുള്ള അവസരമുണ്ടായിരുന്നു. പക്ഷേ, വടക്കൻ ഗുജറാത്തിലെ പാട്ടനിലേക്കടുക്കവേ, യാത്രാ മാർഗദർശി മറ്റൊരു പാട്ട് നിർദേശിച്ചു. ചേലാജി രേ... എന്ന് തുടങ്ങുന്ന അതിമനോഹര ഗുജറാത്തി മെലഡി. പ്രശസ്ത ഗുജറാത്തി കവിയും സംഗീതജ്ഞനുമായ അവിനാഷ് വ്യാസ് സംഗീതംചെയ്ത് ആശാ ഭോസ്ലെയുടെ ശ്രുതിമധുര ശബ്ദത്തിൽ 1970 കളിൽ പിറന്ന പാട്ട്. യുെനസ്കോയുടെ പൈതൃക കേന്ദ്രം ഉൾപ്പെടെ സ്ഥിതിചെയ്യുന്ന പാട്ടൻ എന്ന ചരിത്രനഗരിയെയും അന്നാടിനെ ഇന്നും ലോകത്തിന്റെ നെറുകെയിൽ നിർത്തുന്ന ‘പട്ടോള’യെയും നിത്യചാരുതയോടെ അവതരിപ്പിക്കുന്നു എന്നതാണ് ആ നാടോടി ഈണത്തിന്റെ സവിശേഷത. പാട്ടനിലേക്ക് പോകുന്ന തന്റെ പ്രിയ ഭർത്താവിനോട്, മടങ്ങുമ്പോൾ കൊതിപ്പിക്കുന്ന പട്ടോള സാരി തനിക്കായി വാങ്ങിവരണമെന്ന് പ്രിയതമ തമാശയിൽ പറയുന്നതാണ് പാട്ടിന്റെ ഇതിവൃത്തം.
പാട്ടനിന്റെ പൗരാണിക പൈതൃകങ്ങൾ തേടിയാണ് യാത്ര. പാട്ടനെ ലോകപ്രശസ്തമാക്കിയതിൽ മുഖ്യസ്ഥാനം പട്ടോളക്കാണ്. വിലപിടിപ്പുള്ള ഒരുതരം ആഡംബര വസ്ത്രമാണത്. 11ാം നൂറ്റാണ്ട് മുതൽ തലമുറയായി കൈമാറിവരുന്ന ഈ പൗരാണിക നെയ്ത്തുകലയുടെ സൂക്ഷിപ്പുകാരായ സാൽവി കുടുംബത്തിന്റെ നെയ്ത്തുശാലയാണ് ആദ്യ ലക്ഷ്യസ്ഥാനം.
പട്ടോള കുടുംബത്തിന്റെ വീടും ആർട്ട് ഗാലറിയും എല്ലാം ചേർന്ന മനോഹര കെട്ടിടമാണ് പട്ടോള ഹൗസ് ഹെറിറ്റേജ് മ്യൂസിയം. അത്യാകർഷക രീതിയിൽ സംവിധാനിച്ച സ്വകാര്യ മ്യൂസിയം. കവാടത്തോട് ചേർന്ന് സാൽവികളുടെ തന്നെ പരമ്പരാഗത തറിയുണ്ട്. പട്ടോള കുടുംബത്തിലെ നിലവിലെ കാരണവരും മാസ്റ്റർ ക്രാഫ്റ്റ്മാനുമായ ഭരത്കുമാർ കാന്തിലാൽ സാൽവി അതിഥികളെ സ്വീകരിച്ചു. സാമാന്യം വലിയ തറിയിൽ പാതി പൂർത്തിയായ ഒരു പട്ടോള സാരി കാണാം. പിറകിൽ ചില്ല് കൊണ്ട് മൂടി ഇളം ചുവന്ന നിറത്തിലുള്ള ഒരു സാരി പ്രദർശനത്തിനെന്നോണം വെച്ചിട്ടുണ്ട്. കൂട്ടത്തിലൊരാൾ അതിന്റെ വിലയന്വേഷിച്ചു. അദ്ദേഹം മറുപടി പറഞ്ഞു, 1.80 ലക്ഷം രൂപ!
ആ ഗുജറാത്തി ഗാനത്തിൽ ആ ഗ്രാമീണ ഗുജറാത്തി സ്ത്രീ ഭർത്താവിനോട് തന്റെ ആഗ്രഹം ‘ഞാനൊരു തമാശ പറഞ്ഞോട്ടെ’ എന്ന മുഖവുരയോടെ പറഞ്ഞതിന്റെ കാരണവും അതുതന്നെയായിരുന്നു. സാധാരണക്കാരന് സ്വപ്നം കാണാൻ കഴിയുന്ന ഒന്നേയല്ല പട്ടോള സാരി. അവരെ സംബന്ധിച്ച്, തീർത്തും അപ്രാപ്യമായ സ്വർഗീയ വസ്ത്രമാണത്. വരേണ്യ ജനവിഭാഗങ്ങളെ സംബന്ധിച്ച് അപകടങ്ങളിൽനിന്നും രോഗങ്ങളിൽനിന്നുമെല്ലാം സംരക്ഷണമേകുന്ന മാന്ത്രികശക്തിയുള്ള പട്ടാണത്. സവർണ കുടുംബങ്ങളിലുള്ളവർ വിവാഹംപോലുള്ള വിശേഷാവസരങ്ങളിൽ ഉപചാരപൂർവം വധുവിന് സമ്മാനിക്കുന്ന നിധിയുമാണത്. ഒരേ പട്ടോള സാരി തലമുറ തലമുറയായി വധുവിലൂടെ കൈമാറി പോരുന്ന സംസ്കാരവുമുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു പട്ടോള ഉടുക്കുക എന്നത് അന്നാട്ടിലെ സാധാരണ സ്ത്രീകളുടെ ഒരാഗ്രഹവുമായിരുന്നു. അവരുടെ കഥകളിലും നാടോടി വൃത്തങ്ങളിലുമെല്ലാം അത്രമേൽ പ്രാധാന്യത്തോടെ ‘പട്ടോള’ കടന്നുവരാനുള്ള കാരണവും അതിന്റെ ഈ അപ്രാപ്യത തന്നെയാണ്. പണ്ടുമുതലിന്നോളം പാട്ടൻ ന പട്ടോള (Patola of Patan) എന്നറിയപ്പെടുന്ന ഈ സാരി വസ്ത്രങ്ങളിലെ വൈരക്കല്ലായി തുടരുന്നതിന്റെ കാരണമെന്താണ്..? പട്ടോള നെയ്ത്തുകാരായ ഭരത് ഭായ് സാൽവിയും മരുമകൻ രാഹുൽഭായ് സാൽവിയും ആ രഹസ്യം പറഞ്ഞുതന്നു. ഈ പരമ്പരാഗത നെയ്ത്തു കുടുംബത്തിന്റെ 11ാം നൂറ്റാണ്ടിലെ പാട്ടനിലേക്കുള്ള പലായന ചരിത്രം മുതൽ നെയ്ത്തു രീതി വരെ അതീവ കൗതുകത്തോടെ കേട്ടുനിന്നു.
നൂലിഴകളിലെ നിറമന്ത്രങ്ങൾ
ലോകത്ത് ഇന്ന് ലഭ്യമായതിൽ ഏറ്റവും മികച്ച, കൈത്തറി വസ്ത്രങ്ങളിൽ ഒന്നാണ് പട്ടോള. ഡബിൾ ഇക്കത്ത് രൂപകൽപന ആണ് പട്ടോളയുടെ അതുല്യത. തെലങ്കാനയിലെ നെൽഗോണ്ട, ഒഡിഷയിലെ ഘട്ടക്, ബാർഗ്ര തുടങ്ങിയ പ്രദേശങ്ങളെല്ലാം ഇക്കത്ത് സാരികൾക്ക് പ്രസിദ്ധമാണ്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ട് ഇന്ത്യൻ ഇക്കത്ത് വസ്ത്രകലക്ക്. മഹാരാഷ്ട്രയിലെ അജന്ത ഗുഹകളിലെ ചുവർചിത്രങ്ങളിൽ മുതൽ പൗരാണിക ബൗദ്ധ കൃതികളിൽവരെ ഈ കരകൗശലത്തെക്കുറിച്ചുള്ള സൂചനകൾ കാണാം.
സാധാരണ സാരികൾ നെയ്തശേഷം രൂപകൽപന ചെയ്യുമ്പോൾ ഇക്കത്ത് സാരികൾ നൂലിഴകളിൽ രൂപകൽപന പൂർത്തിയാക്കിയ ശേഷമാണ് നെയ്ത്തിലേക്ക് കടക്കുന്നത്. കോട്ടൻ, സിൽക്ക് നൂലുകളിലും സിൽക്ക്-കോട്ടൻ മിക്സിലുമാണ് ഇക്കത്ത് കൂടുതലും നെയ്തെടുക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല, ജപ്പാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും ഈ വസ്ത്രകലക്ക് ഏറെ പ്രചാരമുണ്ട്. അതീവ കൃത്യതയോടെയും വ്യക്തതയോടെയും നെയ്തെടുത്ത അതിസൂക്ഷ്മ പാറ്റേണുകളാണ് ‘പട്ടോള’യെ അതുല്യമാക്കുന്ന ഒരു ഘടകം. ഒരു പട്ടോള സാരി നെയ്തെടുക്കുന്നത് ഒട്ടേറെ പേരുടെ അഞ്ചാറ് മാസത്തെ അധ്വാനത്തിന്റെ ഫലമായാണ്. മൂന്ന് വർഷം മുമ്പ് എടുത്ത ഓർഡറുകൾ ആണ് ഇപ്പോൾ തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഭരത് ഭായ് സാൽവിയെന്ന നെയ്ത്തുകാരണവർ പറഞ്ഞത് ഒട്ടും അവിശ്വസനീയമായി തോന്നില്ല. കാരണം, അതിന്റെ രൂപകൽപനയും നെയ്ത്തും ഛായാഘടനകളും സൗന്ദര്യശാസ്ത്രവുമെല്ലാം അത്രമേൽ നിഗൂഢവും സങ്കീർണവുമാണ്. ഒാരോ പാറ്റേണും തമ്മിൽ ഗണിതശാസ്ത്രപരമായ സൂക്ഷ്മ വിന്യാസമുണ്ട്. തലമുറകളായി കൈമാറി പോരുന്ന അറിവിനൊപ്പം ധ്യാനനിർഭരമായ മനസ്സും അതീവ ഏകാഗ്രതയും ബുദ്ധിയും ക്രിയാത്മകതയും സൗന്ദര്യബോധവും ഉൾച്ചേർന്നെങ്കിൽ മാത്രമേ പട്ടോള നെയ്ത്തിൽ ഒരിഞ്ച് മുന്നോട്ട്പോകാനാവൂ.
ജോലിയുടെ ബുദ്ധിമുട്ടും നെയ്ത്ത് പ്രക്രിയയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നൂലുകളുടെ അളവും രൂപകൽപനയിലെ വൈവിധ്യവും അനുസരിച്ച് പട്ടോള സാരിയുടെയും മറ്റു വസ്ത്രങ്ങളുടെയും വിലയിൽ മാറ്റങ്ങളുണ്ടാകാം.
പട്ടോള സാരി നെയ്യുന്ന രണ്ടു കുടുംബങ്ങൾ മാത്രമാണ് പാട്ടനിലുള്ളത്. കുടുംബത്തിന് പുറത്തുള്ള ആർക്കും തങ്ങളുടെ ഈ പാരമ്പര്യവിദ്യ അവർ പകർന്നുനൽകില്ല. വർധിച്ച ആവശ്യം കാരണം 250ഓളം തൊഴിലാളികൾ പട്ടോള സാരി നിർമാണത്തിൽ ഭാഗഭാക്കാണെങ്കിലും അതിന്റെ ആത്യന്തിക രഹസ്യം സാൽവി കുടുംബാംഗങ്ങൾക്ക് മാത്രമേ വശമുള്ളൂ.
പൗരാണിക കാലം മുതൽ അടുത്ത കാലംവരെ ചൈനയിൽനിന്നാണ് പട്ടോളക്ക് വേണ്ട ഏറ്റവും മുന്തിയ നിലവാരമുള്ള സിൽക്ക് എത്തിച്ചിരുന്നത്. ചൈനയും ഇന്ത്യയുമെല്ലാം ഉൾപ്പെടുന്ന പട്ടിന്റെ ഈ അതിദീർഘ വാണിജ്യപാതയെ ചരിത്രകാരൻമാർ സിൽക്ക് റൂട്ട് എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാൽ, ഏതാനും വർഷങ്ങളായി ബംഗളൂരുവിൽനിന്നാണ് സിൽക്ക് ലഭ്യമാക്കുന്നത്. ഒരു കിലോ സിൽക്കിന് 10,000 രൂപയിലധികം നൽകണം. ഒരു സാരിക്ക് ഒരു കിലോക്കടുത്ത് സിൽക്ക് ആവശ്യമായി വരും. മുടിനാരിഴ പോൽ നേർത്ത ഈ പട്ടുനൂലുകളെ കൂട്ടിച്ചേർക്കുക എന്നതാണ് പട്ടോള നെയ്ത്തിലെ ആദ്യ ഘട്ടം. അതിന് ശേഷം ശുദ്ധീകരണവും ബ്ലീച്ചിങ്ങും. അതിനിടയിൽ പട്ടോള കുടുംബത്തിലെ പരിചയസമ്പന്നരായ കലാനിപുണർ നെയ്തെടുക്കാൻ പോകുന്ന സാരിയുടെ ഡിസൈൻ വലിയ കടലാസിൽ വരക്കും. 10 ദിവസത്തിലധികം വേണം വിശദവും സങ്കീർണവുമായ ഈ സ്കെച്ച് പൂർത്തിയാക്കാൻ. ഈ ഡിസൈൻ നൂലിഴകളിലേക്ക് പകർത്താൻ പരിചയസമ്പന്നരായ സാൽവി കുടുംബാംഗങ്ങളുണ്ടാകും. കുടുംബത്തിലെ മുതിർന്ന വനിതകളാണ് അതിന് നേതൃത്വം നൽകുന്നത്. നെയ്ത്ത് ഘട്ടത്തിലെ ഏറ്റവും ദുർഘടമായ ഘട്ടം ഇതാണത്രെ. കാരണം, അതിലുണ്ടാകുന്ന അളവിലെ ചെറിയ പിഴവ് പോലും വലിയ നഷ്ടങ്ങളിലേക്ക് നയിക്കും. അടുത്ത ഘട്ടം നിറങ്ങളുടേതാണ്. മൂന്ന് മാസം വരെ നീളുന്ന പ്രക്രിയ ആണിത്. മഞ്ഞൾ, സൂര്യകാന്തി, ഉള്ളി, കോലരക്ക്, കരിങ്ങാലി, നീലം തുടങ്ങിയ പ്രകൃതിദത്ത വിഭവങ്ങളാണ് നിറങ്ങൾക്കായി ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ എത്ര നൂറ്റാണ്ട് പിന്നിട്ടാലും സാരിയുടെ നിറം ഒരൽപംപോലും മങ്ങില്ലെന്ന് സാൽവി കുടുംബത്തിലെ പുതുതലമുറക്കാരനായ രാഹുൽ സാൽവി പറയുന്നു. രൂപകൽപനക്കനുസരിച്ചുള്ള നിറങ്ങളും നിറഭേദങ്ങളും ചിത്രീകരണങ്ങളും നൂലിലേക്ക് സൂക്ഷ്മമായി പരാവർത്തനംചെയ്യലും അതിസങ്കീർണമാണ്. ആന, പൂക്കൾ, തത്ത, മയിൽ, നൃത്ത രൂപങ്ങൾ എന്നിവയെല്ലാം ഡിസൈനിന്റെ ഭാഗമായി പട്ടോള സാരികളിലും മറ്റു വസ്ത്രങ്ങളിലും വരാറുണ്ട്.
ചായപ്പണികൾ കഴിഞ്ഞ് രണ്ട് മൂന്ന് ദിവസത്തെ ജോലി വേണം ഈ നൂലുകളെ നെയ്ത്തിന് പാകമാക്കുന്ന രീതിയിൽ സംവിധാനിക്കാൻ. കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന പരമ്പരാഗത തറിയാണ് പട്ടോള നിർമാണത്തിന് ഉപയോഗിക്കുന്നത്. തേക്കും മുളയും ഉപയോഗിച്ചാണ് അതിന്റെ നിർമാണം. ഒരേസമയം രണ്ട് പേരാണ് അത് പ്രവർത്തിപ്പിക്കുക. ആറ് ഇഞ്ച് ഭാഗം നെയ്തെടുക്കാൻ എട്ട് മണിക്കൂർ വരെ സമയമെടുക്കുമെന്ന് രാഹുൽ ഭായ് പറയുന്നു. 5.5 മീറ്റർ നീളവും ഒരു മീറ്ററിലധികം വീതിയുമാണ് സാധാരണ ഒരു പാട്ടൻ പട്ടോള സാരിക്കുണ്ടാവുക. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന രീതിയിൽ കൂടുതൽ സങ്കീർണമായ ഡിസൈനുകളുള്ള സാരികളാണെങ്കിൽ നെയ്ത്ത് പൂർത്തിയാവാൻ ഒന്നര വർഷം വരെ എടുക്കും. ഏഴ് ലക്ഷം രൂപ വരെ അവക്ക് വിലയും വരും. നെയ്ത്ത് വ്യവസായത്തിന്റെ വിപുലീകരണം ലക്ഷ്യമിട്ട് സാരിക്ക് പുറമെ മേശവിരി മുതൽ തൂവാല വരെ ഇവർ ഇപ്പോൾ നെയ്തെടുക്കുന്നുണ്ട്.
ചരിത്രവഴികളിലെ പട്ടോള
മൊറോക്കൻ സഞ്ചാരി ഇബ്നുബത്തൂത്ത 14ാം നൂറ്റാണ്ടിലാണ് ഇന്ത്യയിലെത്തുന്നത്. പാട്ടനിൽനിന്ന് സ്വന്തമാക്കിയ പട്ടോള വിരിപ്പ് താൻ രാജാക്കൻമാർക്ക് ഉപഹാരമായി നൽകിയതായി അദ്ദേഹം തന്റെ യാത്രാവിവരണത്തിൽ രേഖപ്പെടുത്തുന്നുണ്ട്. പട്ടോളയുടെ ചരിത്രത്തെ കുറിച്ച് ചോദിച്ചപ്പോൾ ഭരത് ഭായ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച സാൽവി കുടുംബത്തിന്റെ ‘തലമുറ വൃക്ഷം’ കാണിച്ചു. അതുപ്രകാരം ലാലി ചന്ദ് എന്നയാളാണ് അവരുടെ കുടുംബത്തിലെ ആദ്യ കണ്ണി. 12ാം നൂറ്റാണ്ടിൽ മഹാരാഷ്ട്രയിലെ ജൽനയിൽ ജീവിച്ച ലോകപ്രശസ്തനായ നെയ്ത്തുകാരനായിരുന്നു അദ്ദേഹം. ആ കാലത്ത് തന്നെയാണ് പട്ടോള നെയ്ത്തുകാരുടെ പാട്ടനിലേക്കുള്ള കുടിയേറ്റവും. അതുമായി ബന്ധപ്പെട്ട ഒരു കഥയും അദ്ദേഹം പറഞ്ഞുതന്നു:
പാട്ടൻ ഭരിച്ചിരുന്ന സോളങ്കി രാജവംശത്തിലെ കുമാർപാൽ രാജാവ് പട്ടോളയെ വളരെ വിലമതിക്കുകയും ജൽനയിൽനിന്ന് ഒരിക്കൽ അത് വാങ്ങുകയും ചെയ്തു. എന്നാൽ, ഒരു പട്ടോള നെയ്തു തീർത്താൽ നെയ്ത്തുകാർ ഉടൻ ജൽനയിലെ രാജാവിന് മുമ്പിൽ അത് സമർപ്പിക്കണമായിരുന്നത്രെ. അയാൾ അത് വിരിപ്പായി ഉപയോഗിച്ചശേഷം മാത്രമേ വിൽപനക്ക് നെയ്ത്തുകാർക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. ഇക്കഥയറിഞ്ഞ കുമാർപാൽ താൻ അവഹേളിക്കപ്പെട്ടതായി മനസ്സിലാക്കുകയും നെയ്ത്തുകാരായ ജൽനയിലെ 700ഓളം ജൈന സാൽവി കുടുംബങ്ങളെ പാട്ടനിലേക്ക് ക്ഷണിക്കുകയുംചെയ്തു. അവർ ഇവിടേക്ക് കുടിയേറുകയും രാജാവ് അവർക്ക് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തുകയുംചെയ്തു. പതിയെ പാട്ടൻ നഗരിയുടെ പ്രൗഢിക്ക് അവരുടെ പാരമ്പര്യ നെയ്ത്തുകല മാറ്റുകൂട്ടുകയും ചെയ്തു.
പാട്ടനിന്റെ പ്രൗഢി
സി.ഇ പത്താം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിൽ ഇവിടം ഭരിച്ചിരുന്ന സോളങ്കി രാജവംശത്തിന്റെ ശേഷിപ്പുകൾക്കിടയിലാണ് പാട്ടൻ പട്ടണം. ഇടക്കാലത്ത് ഗുജറാത്ത് സുൽത്താനത്തിന്റെ കീഴിലും ഈ പ്രദേശം വന്നു. സരസ്വതി നദി അതിരിടുന്ന ഈ പ്രദേശം വിവിധ കാലങ്ങളിൽ, ഹിന്ദു, മുസ്ലിം രാജവംശങ്ങളുടെ ഭരണത്തിന് കീഴിൽ വടക്കൻ ഗുജറാത്തിലെ മുഖ്യ വ്യാപാര നഗരമായും പ്രാദേശിക തലസ്ഥാനമായും അഭിവൃദ്ധി പ്രാപിച്ചു. പാട്ടനിലെ ഹിന്ദു, ജൈന ക്ഷേത്രങ്ങളും പള്ളികളും ദർഗകളും മറ്റു ചരിത്ര സ്മാരകങ്ങളുമെല്ലാം ഈ പൈതൃക നഗരിയിലെ സമ്പന്നമായ ഇന്നലെകളിലേക്ക് നമ്മെ കൊണ്ടുപോകുന്നു.
പട്ടോള ഹൗസിന് രണ്ട് കിലോമീറ്റർ അകലെയാണ് ‘റാണി കീ വാവ്’ എന്ന വിസ്മയ ജലസംഭരണി. ഈ സംഭരണി 11ാം നൂറ്റാണ്ടിൽ സോളങ്കി രാജവംശത്തിലെ രാജാവായിരുന്ന ഭിംവേദ ഒന്നാമന്റെ രാജ്ഞി ഉദയമതിയുടെ മുൻകൈയിൽ സ്ഥാപിക്കപ്പെട്ടതാണ്. സരസ്വതി നദി ഇതുവഴിയാണ് പഴയകാലത്ത് ഒഴുകിയിരുന്നത്. ഒരേസമയം നദിയിൽനിന്നുള്ള വെള്ളത്തിന്റെ സംഭരണിയായും ആരാധനാ കേന്ദ്രമായും സഞ്ചാരികൾക്കുള്ള വിശ്രമകേന്ദ്രമായും ഇത് പ്രവർത്തിച്ചിരുന്നത്രെ. ഹിന്ദു ദൈവങ്ങളുടെ 500ലധികം മുഖ്യ ശിൽപങ്ങളും 1000ലധികം ചെറുശിൽപങ്ങളുമാണ് ഈ നിർമിതിയുടെ മുഖ്യ അലങ്കാരം. ജലത്തിന്റെ പവിത്രത ദ്യോതിപ്പിക്കാൻ വിപരീത ദിശയിൽ സ്ഥാപിച്ച ഒരു ക്ഷേത്രംപോലെയാണ് ഇതിന്റെ ഘടന. സരസ്വതി നദിയിലെ വെള്ളപ്പൊക്കവും മറ്റു കാരണങ്ങളാലും മണ്ണിനടിയിലായിരുന്നു ദീർഘ നൂറ്റാണ്ടുകൾ ഈ ഭാഗം. 1958ലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ ഭാഗത്ത് ഖനനം നടത്തി ഈ ചരിത്ര നിർമിതി വീണ്ടെടുക്കുന്നത്. റിസർവ് ബാങ്കിന്റെ നൂറ് രൂപ നോട്ടിൽ കാണുന്ന ചിത്രം ‘റാണി കീ വാവി’ന്റേതാണ്. 2014 മുതൽ യുെനസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിൽ ഈ നിർമിതിയും ഉൾപ്പെട്ടു. പാട്ടൻ ദേശത്തിന് ലോക വ്യാപാര ഭൂപടത്തിൽ സ്ഥിര പ്രതിഷ്ഠ നൽകിയതിൽ മുഖ്യസ്ഥാനവും പട്ടോളക്കായിരുന്നു. റാണീ കീ വാവിലെ കല്ലിൽ കൊത്തിയ പുരാണ ചിത്രീകരണങ്ങളിൽ പലതും പട്ടോളയിലും അതേപടി കാണാം.
പൈതൃക സംരക്ഷണം
ഇന്ന് പാട്ടനിൽ അവശേഷിക്കുന്നത് രണ്ട് സാൽവി കുടുംബങ്ങൾ മാത്രമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാംസ്കാരികോത്സവങ്ങളിലേക്ക് സാൽവി കുടുംബാംഗങ്ങൾ സ്ഥിരമായി ക്ഷണിക്കപ്പെടുകയും പട്ടോള പ്രദർശിപ്പിക്കപ്പെടുകയുംചെയ്തിട്ടുണ്ട്. കുടുംബത്തിലെ കാന്തിലാൽ എൽ. സാൽവി, വിനായക് കെ. സാൽവി, രോഹിത് കെ. സാൽവി എന്നിവർ പ്രസിഡന്റിന്റെ ക്രാഫ്റ്റ് പേഴ്സൺ അവാർഡിന് വിവിധ കാലങ്ങളിൽ അർഹരായി.
സാൽവി കുടുംബത്തിലെ പുതുതലമുറയെയും ഈ രംഗത്ത് തന്നെ നിലനിർത്താൻ തങ്ങൾക്ക് സാധിക്കുന്നതായി രാഹുൽ സാൽവി പറയുന്നു. ചോട്ടാലാൽ എം. സാൽവി, വിനായക് കെ. സാൽവി, ഭരത് കെ. സാൽവി, രോഹിത് കെ. സാൽവി, രാഹുൽ കെ. സാൽവി, സാവൻ എം. സാൽവി, നിപുൽ വി. സാൽവി തുടങ്ങിയവരാണ് ഇപ്പോൾ ഈ കുടുംബത്തിലുള്ള പ്രധാന നെയ്ത്തുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.