ആരാധകർക്ക് തൊപ്പി സമ്മാനിച്ച് പവൻദീപ്
text_fieldsറിയാദ്: ഇന്ത്യൻ എംബസിയും 'ഗൾഫ് മാധ്യമ'വും സംയുക്തമായി സംഘടിപ്പിച്ച 'മെമ്മറീസ് ഓഫ് ലെജൻഡ്സ്' പരിപാടിയിൽ പങ്കെടുത്ത ശേഷം റിയാദിൽനിന്ന് തിരിച്ചുപോകുമ്പോൾ ആതിഥേയർക്ക് തൊപ്പി സമ്മാനിച്ച് പുതുകാല സെലിബ്രിറ്റി ഗായകൻ പവൻദീപ് രാജൻ.
തന്റെ ആദ്യ സൗദി സന്ദർശനം ഏറെ ഹൃദ്യമായിരുന്നുവെന്നും പ്രവാസി ഇന്ത്യക്കാരുടെ ആതിഥേയത്വം ഒരിക്കലും മറക്കാനാവില്ലെന്നും റിസപ്ഷൻ കമ്മിറ്റിയംഗമായ സുനിൽകുമാറിന് 'പഹാരി' തൊപ്പി സമ്മാനിച്ച് അദ്ദേഹം പറഞ്ഞു. ടീമംഗങ്ങളായ അജ്മൽ ഹുസൈൻ, തൗഫീഖ് റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരുടെ സാന്നിധ്യത്തിലാണ് തൊപ്പി സുനിൽ ഏറ്റുവാങ്ങിയത്.
ഉത്തരാഖണ്ഡിലെ പുരുഷന്മാരുടെ പരമ്പരാഗത വസ്ത്രധാരണത്തിന്റെ ഭാഗമായി ധരിക്കുന്ന തൊപ്പിയാണ് 'പഹാരി'. ഹിമാചൽ പ്രദേശാണ് പഹാരി തൊപ്പിയുടെ യഥാർഥ ഉറവിടം. ഹിമാചലി തൊപ്പിക്ക് ബുഷെഹ്രി ടോപ്പി, പഹാരി ടോപ്പി, കിന്നൗരി ടോപ്പി എന്നിങ്ങനെ വൈവിധ്യങ്ങളുണ്ട്. പഹാഡി സംസ്കാരവുമായി ബന്ധപ്പെട്ട ഒരു സവിശേഷ ശിരോവസ്ത്രമാണിത്.
ഉത്തരാഖണ്ഡിന് ഒരു 'പഹാരി' സംസ്കാരമുണ്ട്. നാടോടി നൃത്തം, സംഗീതം, ഉത്സവങ്ങൾ എന്നിവ ആ സംസ്കാരത്തിന്റെ പ്രധാന ഭാഗമാണ്. ഹിമാലയത്തിന്റെയും പുരാതന ക്ഷേത്രങ്ങളുടെയും സൗന്ദര്യത്താൽ അനുഗ്രഹീതമാണ് ഈ പ്രദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.