കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തി; ജനപ്രിയ ഷാമ്പൂകൾ തിരിച്ചുവിളിച്ച് കമ്പനികൾ
text_fieldsകാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം ഉണ്ടെന്ന സംശയത്തെ തുടർന്ന് പ്രമുഖ ബ്രാൻഡുകളുടെ ഷാമ്പൂകൾ തിരിച്ചുവിളിച്ചു. എയറോസോൾ ഡ്രൈ ഷാമ്പൂകളാണ് ഇത്തരത്തിൽ പിൻവലിച്ചിരിക്കുന്നത്.കോസ്മെറ്റിക് രംഗത്തെ ആഗോള ഭീമനായ യുനിലിവറിന്റെ ഡോവ് ഉൾപ്പടെയുള്ള ഷാമ്പൂകൾ തിരിച്ചുവിളിച്ചിട്ടുണ്ട്.
കാൻസറിന് കാരണമായേക്കാവുന്ന ബെൻസീൻ എന്ന രാസവസ്തു കലർന്നിരിക്കുന്നുവെന്ന് സംശയിക്കുന്നതിനെ തുടർന്നാണ് നടപടി. 2021 ഒക്ടോബറിനു മുമ്പ് നിർമ്മിച്ച ഉൽപ്പന്നങ്ങളെയാണ് യുനിലിവർ തിരിച്ചു വിളിച്ചിരിക്കുന്നത്.
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ വെബ്‌സൈറ്റിലാണ് വെള്ളിയാഴ്ച ഇതേക്കുറിച്ചുള്ള വിവരങ്ങൾ പ്രത്യക്ഷപ്പെട്ടത്. മുടിക്കുവേണ്ടിയുള്ള എയറോസോൾ ഡ്രൈ ഷാംപൂകൾ നിർമ്മിക്കുന്ന നെക്സസ്, സുവേ, ട്രസ്മെ, ടിഗി തുടങ്ങിയ ബ്രാൻഡുകളുടെ ഉത്പന്നങ്ങളും തിരികെ വിളിച്ചിട്ടുണ്ട്. ഉൽപന്നങ്ങളിൽ കണ്ടെത്തിയ ബെൻസീനിന്റെ അളവ് പുറത്തുവിട്ടിട്ടില്ല. ബെൻസീൻ അടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് രക്താർബുദത്തിന് കാരണമായേക്കാം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ, ജോൺസൺ ആൻഡ് ജോൺസന്റെ ന്യൂട്രോജെന, എഡ്ജ്‌വെൽ പേഴ്‌സണൽ കെയർ കമ്പനിയുടെ ബനാന ബോട്ട്, ബെയേഴ്‌സ്‌ഡോർഫ് എജിയുടെ കോപ്പർടോൺ, യൂണിലിവറിന്റെ സുവേവ് എന്നിങ്ങനെ നിരവധി എയറോസോൾ സൺസ്‌ക്രീനുകൾക്കെതിരെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ കമ്പനികളും സമാനമായ ഉൽപന്നങ്ങൾ കഴിഞ്ഞ പതിനെട്ടു മാസത്തിനിടെ തിരിച്ചുവിളിച്ചിട്ടുണ്ട്.
2021 മെയ് മുതൽ ന്യൂ ഹേവൻ ആസ്ഥാനമായുള്ള വാലിഷർ (Valisure) എന്ന അനലിറ്റിക്കൽ ലാബ് ഇത്തരം ഉൽപന്നങ്ങളിൽ ബെൻസീൻ കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചുവിളി ആരംഭിച്ചത്. എയ്റോസോൾ ഡ്രൈ ഷാമ്പൂകൾ പോലെയുള്ള ഉത്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ബെൻസീൻ ആളുകളെ ബാധിച്ചേക്കാമെന്നും തങ്ങൾ ഈ പ്രശ്നം കാര്യമായിത്തന്നെ അന്വേഷിക്കുകയാണെന്നും വാലിഷർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡേവിഡ് ലൈറ്റ് പറഞ്ഞു.
സ്പ്രേ ചെയ്യുന്ന ഉത്പന്നങ്ങളിലാണ് എയറോസോളുകളുടെ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്. ഇതിനാലാണ് ഡ്രൈ ഷാമ്പൂ തിരിച്ചുവിളിച്ചതെന്ന് യൂനിലിവർ പറഞ്ഞു. ഇത്തരം ഉത്പന്നങ്ങളുടെ കാനുകളിൽ നിന്ന് ഉൽപന്നങ്ങൾ പുറത്തെത്തിക്കുന്ന പ്രൊപ്പല്ലന്റുകളിലാണ് പ്രശ്‌നമെന്നാണു പ്രഥമിക വിലയിരുത്തൽ.
എന്താണ് ഡ്രൈ ഷാംപൂ?
തലയിലേക്ക് നേരിട്ട് പ്രയോഗിക്കുന്ന ഷാമ്പൂകളാണ് എയറോസോൾ ഡ്രൈ ഷാമ്പൂ എന്നുവിളിക്കുന്നത്. പൗഡർ രൂപത്തിലുള്ള ഇവ സ്പ്രേയറുകളിലും ടിന്നുകളിലും ലഭിക്കും. തലമുടി ഫ്രഷ് ആക്കാനും എണ്ണമയം നീക്കാനുമുള്ള വെള്ളമില്ലാത്ത മാർഗമാണ് ഡ്രൈ ഷാംപൂ. കോൺ സ്റ്റാർട്ട്, റൈസ് സ്റ്റാർച്ച് എന്നിവകൊണ്ടൊെക്ക ഇത്തരം ഷാമ്പൂകൾ നിർമിക്കാം. സാധാരണ ഷാമ്പൂപോലെ ഇവ കഴുകിക്കളയാറില്ല.
ഡ്രൈ ഷാംപൂകളിൽ പലപ്പോഴും പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ തുടങ്ങിയ പ്രൊപ്പല്ലന്റുകൾ ചേർക്കാറുണ്ട്. അവ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ചാണ് നിർമിക്കുന്നത്. പെട്രോളിയം ഉൽപന്നങ്ങളിൽ ഉള്ള ഒരു രാസവസ്തുവാണ് ബെൻസീൻ. ബെൻസീൻ പ്രൊപ്പല്ലന്റുകൾ ഹാനികരമാണെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രൈ ഷാംപൂ പോലുള്ള സൗന്ദര്യവർദ്ധക വസ്തുക്കളിൽ ചേർക്കാവുന്ന ബെൻസീന്റെ പരിധി എഫ്ഡിഎ നിശ്ചയിച്ചിട്ടില്ലെങ്കിലും ഇത്തരം ഉൽപന്നങ്ങളിൽ ജനങ്ങൾക്ക് ഹാനികരമായ പദാർത്ഥങ്ങൾ ചേർക്കരുതെന്ന് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.