ജെറാഷിൽ തിളങ്ങി ഖത്തറിന്റെ പാരമ്പര്യം
text_fieldsദോഹ: അറബ് ലോകത്ത് ഏറെ ശ്രദ്ധേയമായ ജോർഡനിലെ ജെറാഷ് കലാസാംസ്കാരിക മേളയിൽ ശ്രദ്ധേയമായി ഖത്തറിന്റെ സാന്നിധ്യം. പരമ്പരാഗത കലകളും സംസ്കാരങ്ങളും ലോകത്തിനു മുമ്പാകെ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയുടെ 37ാമത് എഡിഷനിലാണ് ഖത്തർ പവിലിയൻ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായത്.
സമ്പന്നമായ പൈതൃകവും സംസ്കാരവും പരിചയപ്പെടുത്തുന്ന ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന്റെ പവിലിയനിലേക്ക് നാട്ടുകാരും വിദേശികളുമടക്കം നിരവധി പേരാണ് സന്ദർശകരായി എത്തിയത്. ജോർഡനിലെ ജെറാഷ് നഗരം വേദിയാകുന്ന മേളയുടെ ഏറ്റവും പുതിയ പതിപ്പിന് കഴിഞ്ഞ ദിവസമാണ് സമാപനമായത്.
ഏറെ ജനപ്രീതി നേടിയ മേളകളിലും പ്രദർശനങ്ങളിലും ഖത്തറിന്റെ പൈതൃകവും സംസ്കാരവും പാരമ്പര്യവും ലോകത്തെ പരിചയപ്പെടുത്താൻ കഴിഞ്ഞതായി സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രതിനിധിസംഘം തലവൻ അബ്ദുൽ അസീസ് അഹ്മദ് അൽ മുതവ പറഞ്ഞു.
രണ്ട് പരമ്പരാഗത കരകൗശലവസ്തുക്കളാണ് ഖത്തർ പവിലിയനിൽ പ്രധാനമായും പ്രദർശിപ്പിച്ചതും പരിചയപ്പെടുത്തിയതും. ബിഷ്ത് വസ്ത്രത്തിന്റെ നെയ്ത്തും പരമ്പരാഗത ദൗ ബോട്ട് നിർമാണവുമായിരുന്നു അവ. കൂടാതെ ഖത്തറിലെ പരമ്പരാഗത കപ്പലുകളുടെ ചെറിയ മാതൃകകളും പൗരാണിക കാലത്തെ ഡൈവിങ് ഉപകരണങ്ങളും പവിലിയനിൽ പ്രദർശിപ്പിച്ചു.
ഖത്തറിന്റെ തനത് നാടൻ തുണിത്തരങ്ങളും ചില ഇനം ബിഷ്ത് വസ്ത്രവും പുരുഷന്മാരും സ്ത്രീകളും പ്രത്യേകം അണിയുന്ന വസ്ത്രങ്ങളും പവിലിയനിൽ പ്രദർശിപ്പിച്ചിരുന്നു. യുനെസ്കോയുടെ മാനവികതയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ അറബി സംയുക്ത ഫയലായി ബിഷ്ത് രജിസ്റ്റർ ചെയ്യാൻ ഖത്തർ ശിപാർശ ചെയ്തതായി അൽ മുതവ പറഞ്ഞു.
ഖത്തറിൽ ചരിത്രംകുറിച്ച 2022 ലോകകപ്പ് ഫൈനലിൽ കിരീടം നേടിയ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് സമ്മാനമായി ബിഷ്ത് ധരിപ്പിച്ചതിന് ശേഷം ആഗോളതലത്തിൽ ഈ വസ്ത്രം ഏറെ പ്രസിദ്ധി നേടിയെന്നും അറബി പൈതൃകത്തെ ലോകമെമ്പാടും പരിചയപ്പെടുത്തുന്നതിൽ ഈ സംഭവം ഏറെ സ്വാധീനം ചെലുത്തിയെന്നും അൽ മുതവ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.