ശോഭ ടെയ്ലറായ കഥ
text_fieldsകല്യാണമുറപ്പിച്ചാൽ ബാലുശ്ശേരിക്കാരിലധികവും ആദ്യം ഒാർക്കുക ടെയ്ലർ ശോഭയെയാണ്, പ്രത്യേകിച്ച് സ്ത്രീകൾ. അതെന്താ അങ്ങനെയെന്ന് തോന്നുന്നുണ്ടോ. ഉത്തരം മറ്റൊന്നുമല്ല, ശോഭ തയ്ക്കുന്ന കല്യാണ വസ്ത്രങ്ങൾക്ക് അവിടെ അത്രയധികം ആരാധകരുണ്ട്. ശോഭ എങ്ങനെ തിരക്കുള്ള ടെയ്ലറായി എന്നറിയുമ്പോഴാണ് എല്ലാവരും ശരിക്കും ഞെട്ടുക. അതൊരു കഥയാണ്... അത്ര നീട്ടി പരത്തിയൊന്നുമല്ലാതെ കഥ ചുരുക്കി പറയാം.
സർക്കാർ ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ ശ്രീനി ബാലുശ്ശേരി 20 വർഷം മുമ്പ് തന്‍റെ ഭാര്യയെ തയ്യൽ പഠിക്കാൻ അയച്ചപ്പോൾ വലിയ കണക്കുകൂട്ടലുകളൊന്നും ഉണ്ടായിരുന്നില്ല. പുറത്തിറങ്ങുകയും നാലാളുമായി ഇടപെടുകയും ചെയ്യുമ്പോൾ ഭാര്യ ശോഭയുടെ നാണമൊക്കെ മാറിക്കോളുമെന്നേ അദ്ദേഹം കരുതിയുള്ളൂ. വെറുതെ ഇരുന്നുള്ള ബോറടി മാറ്റുകയും സ്വന്തം വസ്ത്രങ്ങൾ തയ്ക്കുകയുമാകാം എന്ന് ശോഭയും കരുതി.
അങ്ങനെ സാമാന്യം തെറ്റില്ലാതെ തയ്യലൊക്കെ പഠിച്ചപ്പോൾ കൂട്ടുകാരികളുടെ ബ്ലൗസിന്‍റെ ഒാർഡർ വീട്ടിലെത്തി തുടങ്ങി. ‘ഏയ്, ഞാനിതങ്ങനെ കാര്യമായൊന്നും ചെയ്യുന്നതല്ല...’എന്ന് അവരോടൊക്കെ പറയണമെന്നുണ്ടായിരുന്നെങ്കിലും അതൊരിക്കലും നടന്നില്ല. ഒാർഡറുകളാകട്ടെ, കൂടിക്കൂടി വരുകയും ചെയ്തു.
ഭാര്യയുടെ നാണമൊക്കെ മാറിത്തുടങ്ങുന്നതു കണ്ട ഭർത്താവ് വീടിന്‍റെ മുന്നിൽ കട ആരംഭിക്കാൻ തീരുമാനിച്ചു. പക്ഷേ, ശോഭക്ക് ഒരു കണ്ടീഷൻ ഉണ്ടായിരുന്നു, റോഡിൽനിന്ന് ആളുകൾ കാണാതിരിക്കാൻ ഒരു മറ ഉണ്ടാക്കണം. എന്നാൽ, വർഷങ്ങൾ കഴിഞ്ഞപ്പോൾ എല്ലാ മറകളും ശോഭ തന്നെ വേണ്ടെന്നു വെക്കുകയും ബാലുശ്ശേരിക്കാരുടെ ജനകീയ ടെയ്ലറാകുകയും ചെയ്തു.
ശോഭയുടെ കീർത്തി ചുണ്ടിൽ നിന്ന് കാതുകളിലേക്ക് പറന്നപ്പോൾ, കല്യാണപ്പെണ്ണുങ്ങൾ ശോഭയുടെ കടയിൽ വന്ന് വരിനിൽക്കാൻ തുടങ്ങി. ഇപ്പോൾ 20 ദിവസം മുെമ്പങ്കിലുമുള്ള ബുക്കിങ് മാത്രമാണ് ശോഭ തയ്ച്ചു കൊടുക്കുന്നത്. തനിക്കു പുറമെ 20 സ്ത്രീതൊഴിലാളികളും കട്ടിങ്ങിന് സഹായിക്കാൻ ഒരു പുരുഷനും അടങ്ങുന്ന ടീമായി ശോഭയുടെ ടീനേജ് ടെയ്ലറിങ് എന്ന സ്ഥാപനം വളർന്നു. എത്ര ഉറക്കമൊഴിച്ചാലും തയ്ച്ചു കൊടുക്കാനാകാത്തതിനാൽ പല ഒാർഡറുകളും വേണ്ടെന്നു വെക്കുകയാണെന്ന് ശോഭ പറയുന്നു.
ചില കുടുംബത്തിന്‍റെ വിവാഹവസ്ത്രങ്ങൾ നൂറിലേറെ വരും. വിവാഹപ്പെണ്ണിന്‍റെ പത്തും പന്ത്രണ്ടും ചുരിദാർ, വിവാഹ വസ്ത്രം, സൽക്കാര ഡ്രസുകൾ, മറ്റു ബന്ധുക്കളുടേത് എല്ലാം ചേരുേമ്പാൾ കുന്നോളമുണ്ടാകും തയ്ച്ചുതീർക്കാൻ. വിവാഹ സീസണാകുമ്പോൾ വസ്ത്രമെടുക്കാനും ശോഭ വേണമെന്ന് ചിലർക്ക് നിർബന്ധമാണ്. സെലക്ഷൻ ശോഭയുടേതാണെങ്കിൽ കല്യാണം പൊളിക്കുമെന്നാണ് പുതിയ തലമുറയുടെയും വിശ്വാസം. പക്ഷേ, സെലക്ഷന് പോകാനും ബുക്ക് ചെയ്യണമെന്നുമാത്രം. പല ഒാർഡറുകളും വിളിച്ചുപറയുന്നത് വിദേശങ്ങളിൽ നിന്നുമാണ്.
െഎ.ടി എൻജിനീയർമാരായ മക്കൾ സംഗീതിനും സാരംഗിനും പറയാനുള്ളത് മറ്റൊന്നാണ്. അമ്മയുടെ കൂടെ ആഘോഷങ്ങൾക്ക് പോയാൽ ‘ആരാധകരുടെയും’ പരിചയക്കാരുടെയും പിടിയിൽനിന്ന് രക്ഷപ്പെടുത്തിയെടുക്കാൻ വലിയ പാടാണെന്ന പരിഭവമാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.