ഈ ലീവൈസ് ജീൻസ് ലേലത്തിൽ പോയത് 62 ലക്ഷം രൂപക്ക്; കാരണമുണ്ട്...!
text_fieldsഫാഷൻ രംഗത്തെ അതികായരാണ് ലീവൈസ് (levi's). അവരുടെ വസ്ത്രങ്ങൾക്ക് ആരാധകരേറെയാണ്. പ്രത്യേകിച്ച് ജീൻസുകൾക്ക്. ഒരു ജോഡി ലീവൈസ് ജീൻസ് അമേരിക്കയിൽ നടന്ന ലേലത്തിൽ വിറ്റുപോയത് 76,000 ഡോളറിനാണ്. ഏകദേശം 62 ലക്ഷം രൂപ. ഇത്രയും മൂല്യം ആ ലീവൈസ് ജീൻസിന് വരാൻ വലിയൊരു കാരണമുണ്ട്. ന്യൂ മെക്സിക്കോയിൽ നടന്ന ലേലത്തിൽ വെച്ചത് 1880കളിലുള്ള ജീൻസായിരുന്നു.
പഴയ ഒരു ഖനിയിൽ വെച്ച് വർഷങ്ങൾക്ക് മുമ്പായിരുന്നു ജീൻസ് കണ്ടെത്തിയത്. ഖനിത്തൊഴിലാളി ഉപയോഗിച്ചതാണെന്നാണ് ലേലത്തെക്കുറിച്ചുള്ള വാർത്ത ആദ്യമായി പുറത്തുവിട്ട ഡെനിം മാസികയായ ലോംഗ് ജോൺ റിപ്പോർട്ട് ചെയ്യുന്നത്. അരക്കെട്ടിന്റെ ഭാഗത്തായി സസ്പെൻഡർ ബട്ടണുകളും ഒരു പിൻ പോക്കറ്റുമാണ് നൂറിലേറെ വർഷങ്ങൾ പഴക്കമുള്ള ലീവൈസ് ജീൻസിന്റെ വിശേഷങ്ങൾ. അതേസമയം ജീൻസ് മികച്ചതും ധരിക്കാവുന്നതുമായ അവസ്ഥയിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
സാൻ ഡിയാഗോയിൽ നിന്നുള്ള വിന്റേജ് വസ്ത്രവ്യാപാരിയായ 23-കാരൻ കൈൽ ഹൗപെർട്ട് ഒക്‌ടോബർ ഒന്നിന് നടന്ന ലേലത്തിലാണ് ജീൻസ് സ്വന്തമാക്കിയത്. "ഞാൻ ഇപ്പോഴും ഒരുതരം ആശയക്കുഴപ്പത്തിലാണ്, അവ ഞാൻ വാങ്ങിയെന്നത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്നു," -ഹൗപെർട്ട് വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞു. വിന്റേജ് വസ്ത്ര കമ്പനിയായ ഡെനിം ഡോക്‌ടേഴ്‌സിന്റെ ഉടമ സിപ് സ്റ്റീവൻസണുമായി ചേർന്നാണ് ഹൗപെർട്ട് ജീൻസ് വാങ്ങിയത്.
ലേലത്തുകയുടെ 90 ശതമാനവും ഹൗപെർട്ടാണ് നൽകിയത്. വസ്ത്ര രംഗത്ത് കൂടുതൽ പരിചയസമ്പന്നനായ സ്റ്റീവൻസൺ ജീൻസ് മറിച്ചുവിൽക്കുന്നതിനായി തന്നെ സഹായിക്കുമെന്നാണ് 23കാരൻ പ്രതീക്ഷിക്കുന്നത്. ലേലത്തിന്റെ വീഡിയോ ഹൗപെർട്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.