കോഴിമരുന്ന്
text_fieldsദേഹപുഷ്ടിക്ക് ഏറ്റവും പറ്റിയ മാസമാണ് വര്‍ഷകാലം. കഴിക്കുന്ന ഭക്ഷണം കരുതലോടെയാണെങ്കില്‍ അതിന്‍െറ പ്രയോജനം ഏറെയാണ്. തേച്ചുകുളിയും ഒൗഷധക്കഞ്ഞിയും ഇലക്കറികളും ഇക്കാലത്ത് പ്രധാനമാണ്. ഒൗഷധങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ പലതുണ്ടെങ്കിലും അവയില്‍ പ്രധാനമാണ് കോഴിമരുന്ന്. ജീരകക്കോഴി, സൂപ്പ് (ആട്, പോത്ത്), ബ്രാത്തുകള്‍ എന്നിവ... ഇത് വര്‍ഷകാലം മാത്രം കഴിക്കുന്നത് പല കാരണങ്ങളാലാണ്. വയര്‍ സംബന്ധമായ അസ്വസ്ഥതകള്‍ കുറച്ച് ശരീരത്തിന് പിടിക്കുമെന്നതാണ് അതില്‍ പ്രധാനം. ചില ഒൗഷധ സേവകള്‍ക്ക് നല്ലരിക്ക നിര്‍ബന്ധമാണ്. എന്നാല്‍, ജീരകക്കോഴി കഴിക്കാന്‍ നല്ലരിക്ക ആവശ്യമില്ല. കോഴിമരുന്ന് മുതിര്‍ന്നവരാണ് കഴിക്കുക. ജീരകക്കോഴി ആര്‍ക്കും കഴിക്കാവുന്നതാണ്.
കോഴിമരുന്ന്
(നാടന്‍ കോഴി മാത്രം)
ചേരുവകള്‍:
1. മുട്ടയിടാറായ കോഴി -1
2. കോഴിമരുന്ന് -ഒരു കോഴിക്കുള്ള മരുന്ന്
(വൈദ്യന്മാരുടെ കടയില്‍ കിട്ടും)
3. ചെറിയ ഉള്ളി -1 കി.
4. ഇന്തുപ്പ് -കുറച്ച്
5. എള്ളെണ്ണ -200 മി.
6. കുറുന്തോട്ടി, കരിക്കുറിഞ്ഞി
(കഷായം വെക്കാന്‍ ആവശ്യമായത്)
7. നെയ്യ് -കുറച്ച്
ഉണ്ടാക്കുന്ന വിധം:
കോഴി വൃത്തിയാക്കി കഴുകി കൊത്തിമുറിക്കുക (ചെറുതാക്കി). തലേന്ന് കുറുന്തോട്ടി, കരിങ്കുറിഞ്ഞി ഇവ കഷായം വെച്ച് അരിച്ച് വച്ചതില്‍ കോഴിമരുന്നും കോഴിയും ഇട്ട് നന്നായി വേവിക്കുക. വെള്ളം പകുതി വറ്റുമ്പോള്‍ ഉള്ളി, ഇന്തുപ്പ്, എള്ളെണ്ണ, നെയ്യ് ഇവ ചേര്‍ത്ത് നന്നായി ഇളക്കി വറ്റിച്ച് എണ്ണ ഊറിവരുന്ന പരുവത്തില്‍ വാങ്ങിവെക്കുക. ഇത് മുഴുവന്‍ ഒരാള്‍ മൂന്നുദിവസം വെച്ച് കഴിക്കണം. ഇത് കഴിക്കുമ്പോള്‍ വിശ്രമവും അത്യാവശ്യമാണ്. കഴിക്കുന്ന സമയത്ത് വെള്ളം കുടിക്കരുത്. നാടന്‍ കോഴിയേ മാത്രമേ ഇതിനായി ഉപയോഗിക്കാവൂ.
ജീരകക്കോഴി സൂപ്പ്
(നാടന്‍ കോഴി മാത്രം)
ചേരുവകള്‍
1. മുട്ടയിടാറായ കോഴി -1
2. നല്ല ജീരകം -100 ഗ്രാം
3. കുരുമുളക് -50 ഗ്രാം
4. ചുവന്നുള്ളി -500
5. തേങ്ങാപാല്‍ -1 തേങ്ങയുടെ
6. ഇന്തുപ്പ് -ആവശ്യത്തിന്
7. നെയ്യ് -2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം:
കോഴി തൂവല്‍ പറിച്ചെടുത്ത് കരിയിച്ച് കഴുകി വൃത്തിയാക്കി ചെറുതായി കൊത്തിമുറിക്കുക. തമ്പാല്‍ മാറ്റിവെച്ച് രണ്ടാം പാലില്‍ നന്നായി വേവിക്കുക. ഇറച്ചിയില്‍നിന്ന് എല്ല് വേര്പെടുത്തിവെക്കുക. എല്ല് കുടഞ്ഞ് മജ്ജ എടുത്ത് ഇറച്ചിയുടെ കൂടെയിട്ട് ഇന്തുപ്പ്, ജീരകം അരച്ചതും കുരുമുളക് പൊടിച്ചതും ഉള്ളിയും യോജിപ്പിച്ച് തേങ്ങയുടെ മാറ്റിവെച്ച പാല് ചേര്‍ത്ത് നന്നായി വേവിച്ച് വറ്റിച്ചെടുക്കുക. ഉള്ളി ചെറുതായരിഞ്ഞ് നെയ്യില്‍ മൂപ്പിച്ച് ചേര്‍ക്കുക. നന്നായി ഇളക്കിയശേഷം ഉപയോഗിക്കുക. ഒരു കോഴി മുഴുവന്‍ ഒരാള്‍ കഴിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.