ഇഫ്താറിന് പ്രൗഢിയേകാന്‍ \'കബ്സ\'
text_fieldsനോമ്പുകാലം രുചിപ്പെരുമയുടെ കാലം കൂടിയാണ്. ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കു ഇഫ്താര്‍ വിരുന്നുകള്‍ക്ക് രുചികൂട്ടുവാന്‍ അറേബ്യന്‍ വിഭവമായ കബ്സ കൂടി തയ്യാറാക്കാം....
കടല്‍ കടന്നെ ത്തിയ ബിരിയാണിയെ മനസും വയറും നിറഞ്ഞ് സ്വീകരിച്ചവരാണ് മലയാളികള്‍. മലയാളിക്ക് ബിരിയാണിയെ പോലെയാണ് അറബികള്‍ക്ക് കബ്സ. കബ്സയുടെ പിറവി യമനില്‍ നിന്നാണെന്നാണ് കരുതുന്നത്. പിന്നീടിത് അറേബ്യന്‍ നാടുകളിലുടനീളം സ്വീകരിക്കപ്പെട്ടു. സൗദി അറേബ്യക്കാരുടെ ദേശീയ ഭക്ഷണമാണെന്ന് തന്നെ പറയാം.
ഏകദേശം ഇതേ രുചിയോടെ കബ്സയുടെ വകഭേദങ്ങള്‍ ഖത്തര്‍, യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലും ഉണ്ട്. ഇവിടങ്ങളില്‍ മച്ബൂസ് എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. വിവിധ തരം സുഗന്ധ ദ്രവ്യങ്ങള്‍, അരി, മാംസം, പച്ചക്കറികള്‍ എന്നിവയുടെ ഒരു മിശ്രണം ആണ് കബ്സ. വിവിധ തരത്തിലുള്ള കബ്സകള്‍ ഇന്ന് സൗദിയില്‍ സുലഭമാണ്. ആടിന് പുറമേ, കോഴി, ഒട്ടകം, ബീഫ്, ഫിഷ്, ചെമ്മീന്‍ എന്നിവ ഉപയോഗിച്ചും കബ്സ തയ്യാറാക്കാം. ഇനി ഇത് പാചകം ചെയ്യുന്ന രീതി നോക്കാം.
ചിക്കന്‍ കബ്സ
ആവശ്യമുള്ള സാധനങ്ങള്‍:
ചിക്കന്‍ - എട്ട് (വലിയ കഷണങ്ങള്‍)
ബസ്മതി അരി - ഒരു കിലോ (45 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തത്)
കാരറ്റ് - രണ്ട് കപ്പ് (കനം കുറച്ച് അരിഞ്ഞത്)
സവാള - രണ്ട് കപ്പ് (കനം കുറച്ച് അരിഞ്ഞത്)
തക്കാളി - രണ്ട് കപ്പ് (കനം കുറച്ച് അരിഞ്ഞത്)
തക്കാളി പ്യൂരി - 1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി - 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി - 1/2 ടേബിള്‍സ്പൂണ്‍
ഓറഞ്ച് തൊലി പൊടിച്ചത് - 1/2 ടേബിള്‍സ്പൂണ്‍
ഏലക്കാപൊടി - 1/2 ടേബിള്‍സ്പൂണ്‍
കറുവപ്പട്ട പൊടിച്ചത് - 1/2 ടീസ്പൂണ്‍
കറയാമ്പു പൊടിച്ചത് - 1/4 ടീസ്പൂണ്‍
ഉണങ്ങിയ ചെറുനാരങ്ങ - ഒരെണ്ണം
വെജിറ്റബിള്‍ ഓയില്‍ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
കബ്സ അലങ്കരിക്കുതിന്:
ബദാം - കാല്‍ കപ്പ് (രണ്ടായി മുറിച്ചത്)
ഉണക്കമുന്തിരി - കാല്‍ കപ്പ്
തയ്യാറാക്കുന്ന വിധം:
ചുവട് കട്ടിയുള്ള പാത്രത്തില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി ചേര്‍ക്കുക. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ ചിക്കന്‍ ചേര്‍ക്കുക. ബ്രൗണ്‍ നിറമാകുന്നതുവരെ വേവിക്കുക. ഇതിലേക്ക് ഓറഞ്ച് തൊലി പൊടിച്ചത്, കുരുമുളക് പൊടി, ഏലക്കാപൊടി, കറുവപ്പട്ട പൊടിച്ചത്, കറയാമ്പു പൊടിച്ചത്, തക്കാളി പ്യൂരി, തക്കാളി അരിഞ്ഞത്, ഉണങ്ങിയ നാരങ്ങ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
എണ്ണ തെളിഞ്ഞ് വരുമ്പോള്‍ മൂന്ന് കപ്പ് വെള്ളം ചേര്‍ക്കുക. ചിക്കന്‍ വേവുന്നതുവരെ പാത്രം അടച്ച് ചെറുചൂടില്‍ 25 മിനിറ്റ് വേവിക്കുക. പാകമായ ചിക്കന്‍ പാത്രത്തില്‍ നിന്ന് മാറ്റി ചൂട് പോകാതെ സൂക്ഷിക്കുക. അതേ പാത്രത്തിലേക്ക് കുതിര്‍ത്തുവെച്ച അരിയും കാരറ്റും ചേര്‍ത്ത് മൂടിവെച്ച് ചെറുതീയില്‍ 25 മിനിറ്റ് പാകം ചെയ്തെടുക്കാം.
ഇതേസമയം മറ്റൊരു പാനില്‍ അല്‍പ്പം എണ്ണ ഒഴിച്ച് ബദാമും ഉണക്കമുന്തിരിയും വറുത്തുകോരുക. പാകമായ ചോറിന് മുകളില്‍ തയ്യാറാക്കിവെച്ച ചിക്കന്‍ കഷണങ്ങള്‍ നിരത്തിവെച്ച് ബദാമും ഉണക്കമുന്തിരിയും ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.